ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭക്ക് ജില്ലാ സമിതിയായി

നീലേശ്വരം: ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. നീലേശ്വരം വ്യാപാര ഭവനില്‍ ഞായറാഴ്ച ചേര്‍ന്ന ഗുരുഭക്തരുടെ ജില്ലാ നേതൃയോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഹോസ്ദുര്‍ഗ് കലാക്ഷേത്രയിലെ ഗായികമാരുടെ ദൈവദശകം ആലാപനത്തോടെ തുടങ്ങിയ നേതൃ യോഗം ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ ഉദ്ഘാടനം ചെയ്തു. ജി ഡി പി എസ് അംഗത്വവിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഉദിനൂര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജി ഡി. പി എസ് ജോയിന്റ് രജിസ്ട്രാര്‍ സി. ടി അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാതൃസഭ കേന്ദ്രസമിതി ഉപാധ്യക്ഷ പി.കെ. ഗൗരി ടീച്ചര്‍, മാതൃസഭ കേന്ദ്ര സമിതി അംഗം സീന സൂര്‍ജിത്ത്, അഡ്വ. കെ.സി ശശീന്ദ്രന്‍, പ്രസാദ് ശാന്തി, ആനന്ദന്‍ ചായ്യോത്ത് എന്നിവര്‍ പ്രസംഗിച്ചു. വിനോദ് ആറ്റിപ്പില്‍ സ്വാഗതവും വി. മധു ബങ്കളം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : ഉദിനൂര്‍ സുകുമാരന്‍ ( ജില്ലാ കോ ഓഡിനേറ്റര്‍), അഡ്വ. കെ. സി ശശീന്ദ്രന്‍ (ചെയര്‍മാന്‍), ചന്ദ്രഹാസ പൂജാരി, പി.കെ ബാലകൃഷ്ണന്‍, മിനി പ്രകാശ് (വൈസ് ചെയര്‍മാന്മാര്‍), വിനോദ് ആറ്റിപ്പില്‍
(കണ്‍വീനര്‍) വി. മധു ബങ്കളം, ടി.വി കൃഷ്ണന്‍ കാടങ്കോട് (ജോയിന്റ് കണ്‍വീനര്‍മാര്‍). സി. കുമാരന്‍ മാസ്റ്റര്‍ (ട്രഷറര്‍).

ശിവഗിരി മഠത്തിന് കീഴില്‍ വടക്കന്‍ കേരളത്തിലും സ്‌കൂളുകളും കോളേജുകളും ഉണ്ടാകണം :സ്വാമി സുരേശ്വരാനന്ദ

നീലേശ്വരം : ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന് കീഴില്‍ മറ്റുള്ള ജില്ലകളെ പോലെ ഈ വടക്കന്‍ ജില്ലയിലും സ്‌കൂളുകളും കോളേജുകളും ഉയര്‍ന്ന വരണമെന്ന് സ്വാമി സുരേശ്വരാനന്ദ( ശിവഗിരി മഠം ) പറഞ്ഞു. നീലേശ്വരത്ത് ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറില്‍ ധര്‍മ്മസംഘം ട്രസ്റ്റിന് നേരിട്ട് പ്രവര്‍ത്തിക്കാന്‍ ഇതുവരെ സംവിധാനം ഉണ്ടായിരുന്നില്ല. മലബാറിലെ ആദ്യ സ്ഥാപനമാണ് ബങ്കളം കൂട്ടപ്പുന്നയില്‍ ഉയര്‍ന്നു വരുന്നത്. മഠത്തിന്റെ എല്ലാതരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇനി ഗുരുധര്‍മ്മ പ്രചരണ സഭയിലൂടെ ആണ് നടത്തുക. ഈ ലോകത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വേണ്ടിയാണ് മഹാസമാധി ശ്രീനാരായണഗുരു പരിശ്രമിച്ചത്. മനുഷ്യരുടെ വിഷമങ്ങള്‍ മനസ്സിലാക്കി അതിനെ പരിഹാരം ഉണ്ടാക്കാന്‍ രംഗത്തിറങ്ങണം എന്നാണ് ഗുരു ഉത്‌ബോധിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ സത്യാദര്‍ശനം ലോകത്ത് ആകെ പ്രചരിപ്പിക്കാനുള്ള ദൗത്യം നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കണം. ഗുരുവിന്റെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനം സ്വയം ജീവിതത്തില്‍ പകര്‍ത്താനും തയ്യാറാകണമെന്നും സ്വാമി സുരേശ്വരാനന്ദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *