മൂന്നുതറ..

മൂന്നുതറ..

പുടവനാട്ടു പന്ത്രണ്ടും, മലനാട്ട് പന്ത്രണ്ടും, മകനും മരുമകനും, മുന്നു തായ്ക്കകത്തെ കുരുവനാദികളും, തെക്ക് വടക്ക് പതിനാറ് നാട്ടില്‍ നിന്ന് വന്ന മഹാജനങ്ങളോടും അനുവാദം ചോദിക്കുക എന്ന ആചാരസ്ഥാനികരുടെ വരമൊഴിയില്‍ സൂചിപ്പിച്ചിരുക്കുന്ന മൂന്ന്തറ എന്ന സങ്കല്‍പ്പത്തെപറ്റി അല്‍പം ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളാണ് ഇവിടെ കുറിക്കുന്നത്.

പടിഞ്ഞാര്‍ അറബിക്കടലും വടക്ക് ചന്ദ്രഗിരിപ്പുഴയും കിഴക്ക് കൊളത്തൂര്‍ കല്ലടക്കുറ്റിയും തെക്ക് ചിത്താരിപ്പുഴയും അതിരുകളായിട്ടുള്ള പാലക്കുന്ന് കളകത്തിന്റെ പ്രാരംഭകാലം തൊട്ടേ മൂന്ന് തറകള്‍ എന്ന സങ്കല്‍പ്പം നിലനിന്നു പോന്നതായി കരുതുന്നു. മുപ്പാരിനു ഉടയവനായ തൃക്കണ്ണ്യാവിലപ്പന്റെ മുക്കണ്ണില്‍ നിന്നും പിറന്ന മൂത്തഭഗവതിയുടെയും ഇളയഭഗവതിയുടെയും പരിവാരദേവതകളായ ദണ്ഡന്‍ ദേവന്‍, ഘണ്ടാകര്‍ണന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, പടിഞ്ഞാറ്റെ ചാമുണ്ടി, മൂവാളംകുഴി ചാമുണ്ഡി എന്നിവരുടെയും ആവാസകേന്ദ്രമായ പാലക്കുന്ന് ശ്രീ ഭഗവതിക്ഷേത്രത്തിന്റെ പേരിനും പെരുമയ്ക്കും മാറ്റുകൂട്ടുന്നതാണ് മൂന്ന്തറകള്‍ എന്ന സങ്കല്‍പ്പം.

ത്രിമൂര്‍ത്തി, ത്രിലോകം, ത്രികാലം, ത്രിഗുണം…… അങ്ങനെ പോകുന്നു മൂന്നിനുള്ള പ്രാധാന്യം. ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും മൂന്ന് എന്ന സങ്കല്‍പ്പത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നതായി കാണുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന പ്രയോഗം ഉണ്ടായിരിക്കുന്നത്. ഈ ത്രിമാന സങ്കല്‍പ്പത്തിന് ആക്കം കൂട്ടുന്ന തരത്തിലാണ് പാലക്കുന്ന് ശ്രീഭഗവതി ക്ഷേത്രത്തിലെ മൂന്ന് തറകളുടെ ഘടന എന്നും കാണാം. പുതിയ കാലത്തും കേന്ദ്രഭരണസമിതികളും പ്രാദേശിക സമിതികളും തറയില്‍ കമ്മിറ്റികളും (പൂരക്കളി, മറുത്തുകളി കാലത്ത്) ചേര്‍ന്ന ത്രിതല ഘടന ഊന്നിയ ഭരണ സംവിധാനം തന്നെയാണ് പാലക്കുന്നില്‍ തുടരുന്നത്.

article 2 copy

മൂന്ന് തറകളില്‍ ഒന്നാമതായി പെരുമുടിത്തറ- പാണ്ഡ്യന്റെ ആക്രമണം അമര്‍ച്ച ചെയ്യാന്‍ കൊടുങ്ങല്ലൂരമ്മ നിയോഗിച്ച ദൂതന് ആഥിത്യമരുളിയ തൃക്കണ്ണാട് ക്ഷേത്രത്തില്‍ പൂവും തിരിയും സമര്‍പ്പിച്ചിരുന്ന കലശക്കാരന്റെ തറവാട്ടില്‍ ആയിരുന്നു ദേവിയുടെ ആദ്യദര്‍ശനം ഉണ്ടായത് എന്ന് വിശ്വസിച്ചു വരുന്നു. ഇതാണ് കാലക്രമത്തില്‍ പെരുമുടിത്തറയുടെ ആസ്ഥാനമായി മാറിയ കരിപ്പോടിയിലെ പടയംകൊടി ഇല്ലക്കാരുടെ തറവാട്. ക്ഷേത്രത്തില്‍ മൂത്തഭഗവതിയുടെ സ്ഥാനം പെരുമുടിത്തറയായി കരുതപ്പെടുന്നു. പെരുമുടിത്തറയില്‍പ്പെടുന്ന പ്രാദേശിക സമിതികള്‍: 1. കരിപ്പോടി 2. ചിറമ്മല്‍ 3. ഉദുമ തെക്കേക്കര 4. ഉദുമ ഒന്നാം കിഴക്കേക്കര 5. ഉദുമ രണ്ടാം കിഴക്കേക്കര 6. ഉദുമ പടിഞ്ഞാര്‍ക്കര 7. ഉദുമ ബേവൂരി 8. ഉദുമ വടക്കേക്കര 9. കളനാട് തെക്കേക്കര 10. കളനാട് വടക്കേക്കര 11. പള്ളിക്കര മഠം 12. പള്ളിക്കര തെക്കേക്കുന്ന്.

രണ്ടാമത്തെ തറ മേല്‍പ്പുറത്ത് തറ അല്ലെങ്കില്‍ മേല്‍ത്തറ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ ആസ്ഥാനം കളിങ്ങോത്ത് ആണ്. ഇതും പടയംകൊടി ഇല്ലക്കാരുടെ തറവാടാണ്. ക്ഷേത്രത്തില്‍ ഇളയഭഗവതിയും ഘണ്ടാകര്‍ണ്ണനും മേല്‍ത്തറയില്‍ പെടുന്നു. മേല്‍ത്തറയില്‍ പ്പെടുന്ന പ്രാദേശിക സമിതികള്‍ താഴെ പറയുന്നവയാണ് : 1. കളിങ്ങോത്ത് 2. അരവത്ത് 3. കീക്കാനം 4. ആലക്കോട് 5. പാക്കം 6. പൂച്ചക്കാട് 7. ചേറ്റുകുണ്ട് 8. പൊയ്‌നാച്ചി കൂട്ടപ്പുന്ന 9. കരിച്ചേരി 10 എരോല്‍ ആറാട്ട് കടവ് 11. മുക്കുന്നോത്ത് ബാര 112. ഞെക്ലി ബാര 13. മാങ്ങാട് ബാര
മൂന്നാമത്തെതാണ് കീഴൂര്‍ തറ അല്ലെങ്കില്‍ കീഴ്ത്തറ എന്ന് പേരില്‍ അറിയപ്പെടുന്നത്. ക്ഷേത്രത്തില്‍ ദണ്ഡന്‍ ദേവന്റെതാണ് കീഴ്ത്തറ. കീഴൂര്‍ തറയില്‍ വീട് നിലവില്‍ നാമാവശേഷമായിരിക്കുന്നതിനാല്‍ പുതിയ സ്ഥലം കണ്ടെത്തി ചെമ്പരിക്ക ചാത്തംകൈ പ്രദേശത്ത് കീഴ്ത്തറ തറയില്‍ വീടിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാലാ തീയ്യരാണ് കീഴ്ത്തറ തറയില്‍ വീടിന്റെ ചുമതലക്കാര്‍. കീഴ്ത്തറയിലെ നിലവിലെ പ്രാദേശിക സമിതികള്‍ ഇവയാണ്. 1. പള്ളിപ്പുറം കൂവത്തൊട്ടി അരമങ്ങാനം 2. ചാത്തംകൈ ചെമ്പരിക്ക 3. കീഴൂര്‍ 4. ചെമ്മനാട് 5. അണിഞ്ഞ തെക്കില്‍ പെരുമ്പള.

മൂന്ന് തറയില്‍ സ്ഥിരതാമസക്കാരനായ സമുദായംഗങ്ങള്‍ പഴയകാലത്ത് കൂട്ടായ് എടുത്ത് ഉത്സവത്തിനും ക്ഷേത്രനിര്‍മാണത്തിനും ധനം സ്വരൂപിക്കുകയായിരുന്നു പതിവ്. അതുകൂടാതെ ഉത്സവകാലങ്ങളില്‍ ചില ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ക്കാനും കല്‍പ്പിച്ചരുളിയിരുന്നു. ക്ഷേത്രപ്രസാദത്തിന് അകത്തുള്ള തിരുമുറ്റങ്ങളുടെ നിലംപണി മൂന്നുതറക്കാര്‍ മൂന്നു ഭാഗമായി ചെയ്തു തീര്‍ക്കുകയായിരുന്നു പതിവ്. തെക്കുഭാഗം ഇളയഭഗവതിയുടെ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന ഭാഗം പടിഞ്ഞാര്‍ നിന്ന് കിഴക്കോട്ട് മുറ്റം നിലം പണി മേല്‍ത്തറയില്‍ പെട്ടവരും, മൂത്തഭഗവതിയുടെ ക്ഷേത്ര തിരുമുറ്റം പെരുമുടിത്തറക്കാരും, ദണ്ഡന്‍ ദേവന്റെ തിരുമുറ്റം കീഴ്ത്തറയില്‍പ്പെട്ടവരും ചെയ്യും. തിരുമുറ്റങ്ങള്‍ക്ക് പുറമെ ക്ഷേത്രനടയാകുന്ന പടിപ്പുര എന്ന് അറിയപ്പെടുന്ന സ്ഥലത്തെ നിലം പണികൂടി കീഴ്ത്തറക്കാര്‍ ചെയ്യേണ്ടതായിരുന്നു. ക്ഷേത്രതിരുമുറ്റത്തെ ഭരണി മഹോത്സവകാലത്തെ ആനപ്പന്തല്‍ മുന്ന് പന്തല്‍ എന്ന സങ്കല്‍പ്പത്തിലാണ് നിര്‍മിച്ച് വരുന്നത്. തെക്കുഭാഗം ഇളയ ഭഗവതിയുടെയും, വടക്ക് ഭാഗം മൂത്ത് ഭഗവതിയുടെയും മദ്ധ്യഭാഗം രണ്ട് പന്തലിന്റെയും നടുവിലായി ദണ്ഡന്‍ ദേവന്റെ പന്തല്‍ എന്നാണ് അറിയപ്പെടുന്നത്. മൂന്ന് പന്തലുകള്‍ക്കും തറകളുടെ പേരും പറയപ്പെടുന്നു. മൂത്തഭഗവതിയുടെ തിരുമുമ്പിലെ പന്തല്‍ പെരുമുടിത്തറയുടെയും, ഇളയ ഭഗവതിയുടെ പന്തല്‍ മേല്‍ത്തറയുടെയും, ദണ്ഡന്‍ ദേവന്റെ പന്തല്‍ കീഴ്ത്തറയുടെ പന്തലായും സങ്കല്‍പ്പിക്കപ്പെടുന്നു.

ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളായ ഭരണി മഹോത്സവത്തിന്റെ ഭൂതബലി ഉത്സവദിവസത്തെ പൂരക്കളി കീഴ്ത്തറക്കാരും, താലപ്പൊലി ഉത്സവത്തെ കളിമേല്‍ത്തറക്കാരുടേതും ആയിരത്തിരി ഉത്സവത്തെ കളി മേല്‍ത്തറക്കാരുടേതുമാണ്. എന്നാല്‍ കീഴ്ത്തറയില്‍ പൂരക്കളിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറവായതിനാല്‍ പെരുമുടിത്തറയിലെയും മേല്‍ത്തറയിലെയും കളിക്കാര്‍ ചേര്‍ന്ന് സഹകരിച്ച് ഭരണി ഉത്സവ നാളുകളിലും പൂരോത്സവ നാളുകളിലും പൂരക്കളി നടത്തിവരികയാണ് ഇന്നത്തെ പതിവ്.

മറുത്തുകളി അവസരത്തില്‍ ക്ഷേത്രപണിക്കാര്‍ക്ക് പുറമെ മൂന്നു തറകളായി മൂന്ന് പണിക്കന്മാരെ കുറിയിട്ട് ക്ഷണിച്ച് കൂട്ടിക്കൊണ്ടുവന്ന് അതായത് തറയില്‍ വീടുകളില്‍ താമസിപ്പിച്ച് ഉത്സവകാലങ്ങളില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. മറുത്തുകളി ആദ്യം മേല്‍ത്തറയില്‍ കീഴ്ത്തറ പണിക്കാരും മേല്‍ത്തറ പണിക്കരും തമ്മിലും കീഴ്ത്തറയില്‍ മേല്‍ത്തറ പണിക്കരും കീഴ്ത്തറ പണിക്കരും തമ്മിലും കാര്‍ത്തിക നാളിന് മുമ്പായി കളിക്കുകയാണ് പതിവ്. പെരുമുടിത്തറയിലെ പണിക്കരും മേല്‍ത്തറയിലെ പണിക്കരും തമ്മില്‍ ആയില്ല്യം നാളില്‍ ക്ഷേത്രത്തില്‍ വച്ച് മറുത്തുകളിക്കുന്നു. മകം നാളില്‍ കീഴ്ത്തറയിലെ പണിക്കരും പെരുമുടിത്തറയിലെ പണിക്കരും തമ്മിലുള്ള മറുത്തുകളിയാണ് ക്ഷേത്രത്തില്‍ നടക്കുന്നത്.

മൂന്ന്തറകള്‍ സംബന്ധിച്ച് പൗരാണിക കാലം തൊട്ടേ നിലനിന്നു വരുന്ന അലിഖിതമായി തുടര്‍ന്നു പോരുന്ന മേല്‍ സൂചിപ്പിക്കപ്പെട്ട കീഴ് വഴക്കങ്ങളില്‍ ചിലത് ഇപ്പോഴും തുടര്‍ന്ന് വരുന്നു. ഈ കുറിപ്പ് തയ്യാറാക്കാന്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശ്രീമാന്മാര്‍ പി.വി.കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ക്ഷേത്ര മുന്‍ പ്രസിഡണ്ട് സി.എച്ച്.നാരായണന്‍, എ.വി.പൊക്കാളന്‍ അരമങ്ങാനം എന്നിവര്‍ക്കുള്ള നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

Leave a Reply

Your email address will not be published.