ദൃശ്യവിസ്മയമൊരുക്കാന്‍ വീണ്ടുമൊരു ഉത്സവക്കാലം പതിവിലും നേരത്തെ..

ദൃശ്യവിസ്മയമൊരുക്കാന്‍ വീണ്ടുമൊരു ഉത്സവക്കാലം പതിവിലും നേരത്തെ..

ഉത്സവക്കാലം വീണ്ടുമെത്തി പാലക്കുന്നില്‍. പതിവിലും നേരത്തെയാണ് ഇത്തവണ ആറാട്ടും ഭരണിയും സമാഗതമായത്. മുമ്പേ ആണെങ്കിലും പതിവിലും പുതുമയോടെയാണ് രണ്ട് ഉത്സവങ്ങളെയും ഇത്തവണ ദേശം വരവേല്‍ക്കുന്നത്.

തൃക്കണ്ണാട് ത്രയംബംകേശ്വരക്ഷേത്ര ഉത്സവത്തിന് അന്നദാനമൊരുക്കാന്‍ ആദ്യമായാണ് ഘോഷയാത്രയായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടത്തിയത്. പാലക്കുന്ന് ക്ഷേത്ര പരിസരത്തുനിന്ന് ആളും ആരവങ്ങളുമായാണ് കലവറഘോഷയാത്ര തൃക്കണ്ണാട് എത്തിയത്. കൊടിയേറ്റത്തിന് പതിവിലേറെ ജനങ്ങള്‍ ഇത്തവണ ക്ഷേത്രത്തിലെത്തി.

കുംഭത്തിലെ പഞ്ചമിനാള്‍ മാസാരംഭത്തില്‍ തന്നെ എത്തിപ്പെട്ടതാണ് ഉത്സവങ്ങള്‍ പതിവിലും മുമ്പെ ആഘോഷിക്കാന്‍ നിമിത്തമായത്. ആറാട്ടുത്സവത്തിന്റെ തിഥിയും തീയ്യതിയുമനുസരിച്ചാണ് പാലക്കുന്നിലെ ഉത്സവം നടക്കാറ്. തൃക്കണ്ണാട് ക്ഷേത്രത്തിലെ കൊടിയിറക്കത്തിന് ശേഷം പ്രതീകാത്മകമായി കമ്പയും കയറും ഏറ്റുവാങ്ങിയാണ് പാലക്കുന്ന് ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറുന്നത്. ക്ഷേത്രവും ഉത്സവാഘോഷങ്ങളും ഉണ്ടായകാലം തൊട്ടുള്ള ആചാരപരമായ ശീലമതാണ്. അതിന്റെ കാരണങ്ങള്‍ ചരിത്രപരമായ ഐതീഹ്യങ്ങളുമായി ഇഴചേര്‍ന്നുകിടക്കുന്നു.

ആധുനിക നഗരസംസ്‌കാരം നമുക്ക് സമ്മാനിച്ച ശാപമാണ് ആര്‍ക്കും ആരേയും ശ്രവിക്കാനോ ശ്രദ്ധിക്കുവാനോ സമയമില്ല എന്ന പല്ലവി. പക്ഷേ ഉത്സവപറമ്പിലെത്തിയാല്‍ കണ്ടുമുട്ടലുകളും പരിചയം പുതുക്കലും ചന്തവിശേഷങ്ങള്‍ കണ്ട് ഒന്നിച്ച് സൗഹൃദം പങ്കിടുന്നതും ഗൃഹാതുരതയാണ് ഏവര്‍ക്കും. പ്രത്യേകിച്ച് പ്രവാസജീവിതം ജീവിതവൃത്തിയാക്കിയ പലര്‍ക്കും. അപരിചിതത്വത്തിന്റെ അകലം ആര്‍ക്കും അനുഭവപ്പെടാത്ത ഇടമാണ് ഉത്സവപ്പറമ്പുകള്‍.

article 2

രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു ദേശം മുഴുവന്‍ ഉണര്‍ന്നിരിക്കുന്നത് വര്‍ഷത്തിലൊരിക്കല്‍ മാത്രം. കുംഭമാസത്തിലെ പഞ്ചമിനാള്‍ തൊട്ട് നാടും നഗരവും ഉണര്‍ന്നിരിക്കും. അതാണ് ശീലം. ഇവിടുത്തെ ഉത്സവകാലം അതാണ്.

അനുദിന ജീവിതവ്യവഹാരങ്ങളെ ആത്മീയം, ഭൗതീകം എന്ന് വേര്‍തിരിക്കാതെ അവ പരസ്പരപൂരകങ്ങളായി കാണുകയും ഒന്ന് മറ്റൊന്നിന്റെ പൂര്‍ണ്ണതയായും കാണാത്തവരാണ് ഇവിടുത്തെ ജനസമൂഹം. പാലക്കുന്നിലെ ഭരണി ഉത്സവത്തിന്റെ വര്‍ണ്ണ പകിട്ടിന് കാരണം ഈ സമഗ്രവീക്ഷണ സ്വഭാവം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ബ്രഹ്മകലശമായാലോ തെയ്യംകെട്ടോ കളിയാട്ടമോ ആയാലും മറ്റേതൊരു ഉത്സവ ആഘോഷമായും അതിന്റെയെല്ലാം വര്‍ണ്ണപ്പകിട്ടിനും പൂര്‍ണ്ണതയ്ക്കും കാരണം ഇത് തന്നെയാണ്. കൂട്ടായ്മയിലൂടെ സ്വായത്തമാക്കുന്ന ആ ശക്തിയും ഊര്‍ജ്ജവുമാണ് സര്‍വ്വവിധ ഉത്സവാഘോഷങ്ങളേയും വിജയപരിസമാപ്തിയിലെത്തിക്കുന്നത്. പാലക്കുന്ന് ഭഗവതിക്ഷേത്രത്തിലെ ഭരണിമഹോത്സവവും ആയിരത്തിരിനാളിലെ വര്‍ണ്ണപ്പൊലിമയും നാട്ടിലെ തെയ്യംകെട്ടുത്സവവുമെല്ലാം കൂട്ടായ്മയിലൂടെ കൈവന്ന സമര്‍പ്പണഫലമാണ്.

തിരുമുല്‍ക്കാഴ്ച സമര്‍പ്പണങ്ങളും വെടിക്കെട്ടുമാണ് പാലക്കുന്ന് ഉത്സവം ഇത്രയേറെ ജനകീയമാക്കിയതെന്ന് പറയാതെ വയ്യ. കാഴ്ച സമര്‍പ്പണങ്ങള്‍ ആത്മീയ പരിവേഷങ്ങളിലൂടെ ഭൗതീകമായ സമ്പത്തുകളാണ് ദേവിയുടെ തിരുമുമ്പില്‍ എത്തിക്കുന്നത്. പാലക്കുന്നില്‍ ഇന്ന് നമ്മള്‍ കാണുന്ന ഭൗതീകമായ മാറ്റങ്ങളുടെ പിന്നിലെ ചാലകശക്തിയുടെ കാരണങ്ങളും മറ്റൊന്നല്ല.

നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലോത്സവത്തിന് ശേഷം ആദ്യമായെത്തുന്ന ഭരണിമഹോത്സവമാണിത്. കഴിഞ്ഞ വര്‍ഷം മെയ് രണ്ട് മുതല്‍ എട്ട് വരെയായിരുന്നു ബ്രഹ്മകലശോത്സവം നടന്നത്. ഭണ്ഡാരം വീട്ടിലും ക്ഷേത്രത്തിലും ഒരേ വേളയില്‍ ബ്രഹ്മകലശം നടന്നതും ചരിത്രത്തില്‍ ആദ്യമാണ്. ജനസാന്നിധ്യ പങ്കാളിത്തം കൊണ്ട് ആ ഉത്സവങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കലോത്സവദിവസങ്ങളിലെല്ലാം ആയിരക്കണക്കിന് ഭക്തര്‍ക്ക് വിവിധ രുചിക്കൂട്ടില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പിയതും ഏറെ വാര്‍ത്താപ്രാധാന്യം നേടി. വിവിധ പ്രാദേശിക സമിതികളില്‍നിന്ന് ഘോഷയാത്രയായി കലവറ നിറച്ചതും മഹാസര്‍വ്വൈശ്വര്യ വിളക്ക് പൂജ നടത്തിയതും ബ്രഹ്മകലശോത്സവത്തിന് മാറ്റ് കൂട്ടി. മേലെ ക്ഷേത്രത്തില്‍ നടതുറന്ന് നിത്യദീപാദാധന തുടങ്ങിയതും ബ്രഹ്മകലശോത്സവത്തിന് ശേഷമായിരുന്നു. ഭക്തരുടെ ചിരകാലാഭിലാഷമായിരുന്നു അതോടെ സാധിതമായത്. നിത്യദീപത്തിന് ശേഷം ആദ്യം നടക്കുന്ന ആയിരത്തിരി ഉത്സവം കൂടിയാണിത്. ഫെബ്രുവരി 22-നാണ് കൊടിയേറ്റം. 25-നാണ് ആയിരത്തിരി മഹോത്സവം. ജനസഹസ്രങ്ങളുടെ ഒത്തുചേരലിന്റെ പുണ്യദിനം.

ഒരു രാത്രിയുടെ സൗന്ദര്യവും വശ്യതയും വിശ്വാസത്തിന്റെ മാത്രമല്ല, സംസ്‌കാരത്തിന്റെയും ഭാഗം കൂടിയാണ്. നിറങ്ങളുടെ പൂക്കാലം പാലക്കുന്നിന്റെ മണ്ണിലേക്ക് ഇറങ്ങിവരുന്ന വശ്യസുന്ദര സുദിനം. ഇതിനായുള്ള കാത്തിരിപ്പിന് ഒരു വര്‍ഷത്തെ ദൈര്‍ഘ്യവും. ഈ വര്‍ണ്ണാഭ കാഴ്ച ദര്‍ശിച്ചവരാരും തന്നെ തുടര്‍വര്‍ഷങ്ങളില്‍ ഈ അവസരം പാഴാക്കാറില്ല. അതാണ് പാലക്കുന്നിലെ ആയിരത്തിരി ഭരണിമഹോത്സവത്തിന്റെ ഗുണപാറവും.

Leave a Reply

Your email address will not be published.