ചരിത്രനിയോഗംപോലെ തെയ്യംകെട്ട് ഉത്സവം പാലക്കുന്നിലും…

ചരിത്രനിയോഗംപോലെ തെയ്യംകെട്ട് ഉത്സവം പാലക്കുന്നിലും…

തലവാചകത്തിന് അപൂര്‍ണ്ണതയുണ്ടെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകും. നാളിതുവരെ പാലക്കുന്നിന്റെ പുണ്യമണ്ണില്‍ വയനാട്ടുകുലവന്‍ തെയ്യും കെട്ടുത്സവം നടന്നിട്ടില്ലെന്നത് ഒരു ചരിത്രസത്യമാണ്. കരിപ്പോടി മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തോടുകൂടി കാലഹരണപ്പെടുന്നത് ആ ചരിത്രസത്യമാണ്.

കഴകപരിധിയിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവങ്ങള്‍ക്ക് അനുമതി നല്‍കുന്നത് പാലക്കുന്ന് ക്ഷേത്രസ്ഥാനികരും ഭരണസമിതിയുമാണ്. പക്ഷേ നാളിതുവരെ പാലക്കുന്ന് ക്ഷേത്ര ആസ്ഥാനഭൂമിയായ കരിപ്പോടിയില്‍ തെയ്യംകെട്ടുത്സവങ്ങള്‍ക്ക് വേദിയാകാന്‍ ഇവിടത്തെ വയനാട്ടുകുലവന്‍ തറവാടുകള്‍ക്ക് നിയോഗമുണ്ടായിട്ടില്ല. മെയ് ആദ്യവാരം മീത്തല്‍ വീട് തറവാട്ടില്‍ നടക്കുന്ന തെയ്യംകെട്ടുത്സവത്തിന് സന്നാഹത്തിന് കരിപ്പോടി പ്രാദേശികസമിതിയും ദേശക്കാരും വര്‍ദ്ധിത വീര്യം പ്രകടമാക്കുന്നതും അതുകൊണ്ട് തന്നെയാണ്. പെരിയ ചാണവളപ്പ് തറവാടിന്റെ കൈവഴികള്‍ മൂന്നായി രൂപം കൊണ്ട തറവാടാണിത്.

ആഗസ്ത് 7നാണ് തറവാട് മുറ്റത്ത് തെയ്യംകെട്ട് നടത്തിപ്പിനായി ആഘോഷകമ്മിറ്റി രൂപീകരിച്ചത്. പി.ഭാസ്‌കരന്‍ നായരാണ് ആഘോഷകമ്മിറ്റി ചെയര്‍മാന്‍. പാലക്കുന്ന് ഭഗവതിക്ഷേത്ര പ്രസിഡണ്ടായ അഡ്വ. കെ.ബാലകൃഷ്ണനാണ് വര്‍ക്കിംഗ് ചെയര്‍മാനും ബാലകൃഷ്ണന്‍ കേവീസ് കണ്‍വീനറുമായി വിപുലമായ ആഘോഷകമ്മിറ്റിക്ക് അന്ന് രൂപം നല്‍കി. കരിപ്പോടി പ്രാദേശിക സമിതിയുടെയും മാതൃസമിതിയുടെയും പരിപൂര്‍ണ്ണ പിന്‍ബലം പ്രസിഡണ്ട് കെ.ഭാസ്‌കരന്‍ വാഗ്ദാനം ചെയ്തു. കരിപ്പോടി മീത്ത്ല്‍ വീട് വയനാട്ട്കുലവന്‍ തെയ്യംകെട്ട് മഹോത്സവം സമാധാനപൂര്‍ണമായ അന്ദരീക്ഷത്തില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണമാക്കാനുള്ള സന്നാഹത്തിലാണ് ആഘോഷ കമ്മിറ്റിയും പ്രാദേശികസമിതിയും. മെയ് 5,6,7 തീയ്യതികളിലാണ് തെയ്യംകെട്ട് നടക്കുക. ഏപ്രില്‍ 12ന് കൂവം അളക്കലും മെയ് നാലിന് കലവറ നിറക്കലും നടക്കും.

തെയ്യംകെട്ടുത്സവാഘോഷത്തോരണങ്ങള്‍ക്ക് നിറഭേദംം പാടില്ലെന്നും വെള്ളിയോ സ്വര്‍ണ്ണക്കളറോ അതിനായി ഉപയോഗിച്ചാല്‍ മതിയെന്നും ആദ്യമായി തീരുമാനമെടുത്തത് ഈ തെയ്യംകെട്ടുത്സവാഘോഷകമ്മിറ്റിയാണ്. കരിപ്പോടി പ്രാദേശികസമിതിയാണ് ഈ നിര്‍ദ്ദേശം ആദ്യം ഉന്നയിച്ചത്. നിറതോരണങ്ങളുടെ പേരില്‍ രാഷ്ട്രീയവൈര്യം ഉത്സവാഘോഷങ്ങളുടെ നിറവിന് ഭംഗി കുറക്കരുതെന്ന തിരിച്ചറിവിലാണ് ഈ നിര്‍ദ്ദേശമുണ്ടായത്.

ആഘോഷങ്ങളെല്ലാം ഏവര്‍ക്കും ഉത്സവനാളുകളാണ്. അവ സമൃദ്ധമാവണമെങ്കില്‍ വീര്യമേറിയ പാനീയങ്ങള്‍ അനിവാര്യമായ ഒരു സാമൂഹ്യസാഹചര്യത്തിലൂടെയാണല്ലോ നാം ഇന്നു കടന്ന് പോകുന്നത്. മീത്തല്‍ വീട് തറവാട്ടിലെ തെയ്യംകെട്ടുത്സവത്തിന് മുഴുവന്‍ സമയ സംഘാടകരും സേവനനിരതരുമാവേണ്ട കരിപ്പോടി ദേശക്കാര്‍ ആ ദിവസങ്ങളില്‍ മദ്യപാനം ഒഴിവാക്കി മാതൃക കാട്ടണമെന്ന ആഗ്രഹം പോലും പ്രാദേശിക കമ്മിറ്റിയോഗത്തില്‍ ഉയര്‍ന്നുവന്നു.

അംഗബലം ഏറെ പരിമിതമായ മീത്തല്‍വീട് തറവാട്ടിലെ ആദ്യകാല കാരണവര്‍ മീത്തല്‍ കണ്ണച്ചനായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം തറവാട് നടത്തിപ്പിന്റെ ചുമതല കേവീസ് കുഞ്ഞിക്കോരനിലായി. പാലക്കുന്ന് ഭഗവതിക്ഷേത്രഭരണസമിതിയുടെ ആദ്യകാല പ്രസിഡണ്ടായിരുന്ന അദ്ദേഹം കഴകത്തിലെ നിരവധി തെയ്യംകെട്ടുത്സവങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നെങ്കിലും സ്വന്തം തറവാട്ടില്‍ തെയ്യംകെട്ട് നടത്താന്‍ സാഹചര്യമൊരുങ്ങാത്തതില്‍ ദുഃഖിതനായിരുന്നു എന്ന തിരിച്ചറിവിന്റെ വെളിപ്പാടിലൂടെയാണ് മക്കള്‍ അച്ഛന്റെ മനസ്സിലെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മുന്നോട്ട് വന്നത്. മീത്തല്‍വീട് തറവാട്ടില്‍ തെയ്യംകെട്ടുത്സവത്തിന് നിമിത്തമായത് ഒരു ചരിത്രനിയോഗമാണ്. കരിപ്പോടി പ്രാദേശികസമിതി ആ ചരിത്രനിയോഗം ഒരു ദൗത്യം പോലെ ഏറ്റെടുക്കാന്‍ തയ്യാറായതും മറ്റൊരു നിയോഗം.

article.4

വനിതാസാന്നിധ്യത്തിന്റെ പെരുമ ഈ തെയ്യംകെട്ടുത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കരിപ്പോടിപ്രദേശ മാതൃസമിക്ക് പുറമെ എന്‍.എസ്.എസ് കരയോഗ മാതൃസമിതി പ്രവര്‍ത്തകരും തിരൂര്‍ മുച്ചലോട്ട് മാതൃസമിതിയും കുടുംബശ്രീ യൂണിറ്റുകളും ഈ കൂട്ടായ്മയില്‍ അണിനിരന്നപ്പോള്‍ എങ്ങുമില്ലാത്തവിധം അതൊരു ബൃഹത്തായ സ്ത്രീകൂട്ടായ്മയായി മാറുകയായിരുന്നു. വിഷരഹിത സദ്യയൊരുക്കാന്‍ ജൈവപച്ചക്കറി കൃഷി നടത്താന്‍ ഈ കൂട്ടായ്മയക്ക് സാധിച്ചു. കലവറയ്ക്കും അണിയറയ്ക്കും ആവശ്യമായ ഓലമെടഞ്ഞു നല്‍കാനും ഇവര്‍ക്കായി. അമിതമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഈ തെയ്യംകെട്ടുത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടില്ല.

ലക്ഷക്കണക്കിന് പണം സ്വരൂപിക്കേണ്ട ഒരുത്സവമാണല്ലോ വയനാട്ടുകുലവന്‍ തെയ്യുത്സവങ്ങള്‍. പാലക്കുന്ന് കഴകത്തില്‍ വര്‍ഷത്തില്‍ രണ്ട് തറവാട്ടുകള്‍ക്കുമാത്രമേ ഇതിനായി അനുമതി നല്‍കുന്നുള്ളൂ. 2010 മുതല്‍ കഴകപരിധിയില്‍ തെയ്യംകെട്ടുത്സവങ്ങള്‍ ഓരോന്നായി മിതപ്പെടുത്താന്‍ പാലക്കുന്ന് ഭഗവതിക്ഷേത്രഭരണസമിതിയുടെ തീരുമാനം ഏറെ നിര്‍ണ്ണായകമാണ്. കൂടാതെ അരമങ്ങാനം തിക്കോച്ചി വളപ്പ് തറവാട്ടിലാണ് ഈ വര്‍ഷം തെയ്യംകെട്ടുത്സവം നടക്കുക. ഏപ്രില്‍ 18, 19, 20 തീയ്യതികളിലാണ് അരമങ്ങാനത്ത് ഉത്സവം.

ഭക്തമനസ്സുകളുടെ സാന്നിധ്യവും അതിലുപരി സമ്പൂര്‍ണ്ണ സഹകരണവുമാണ് തെയ്യംകെട്ടുത്സവത്തിന്റെ നടത്തിപ്പിനാവശ്യം. കാലത്തിനും ചരിത്രത്തിനും സാക്ഷിയായി കരിപ്പോടി മീത്തല്‍വീട് തറവാട്ടിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം പാലക്കുന്നുകാരുടെ നിറമനസ്സില്‍ കാത്തുസൂക്ഷിക്കാനുള്ള അവിസ്മരണീയമായ അനുഭവമാകട്ടെ, ഒപ്പം വയനാട്ടുകുലവന്‍ ഭക്തര്‍ക്ക് മൂന്ന് ദിവസം ഭക്തിസാന്ദ്രമായ അനുഭൂതിയും..

Leave a Reply

Your email address will not be published.