ഉപഭോക്താക്കള്‍ക്ക് 4ജി അനുഭവം സമ്മാനിക്കാന്‍ എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്ക് 4ജി അനുഭവം സമ്മാനിക്കാന്‍ എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്ക് എല്ലാം തികഞ്ഞ 4ജി അനുഭവം സമ്മാനിക്കുന്നതില്‍ മാത്രമേ എയര്‍ടെല്‍, റിലയന്‍സ് ജിയോയ്ക്ക് പിന്നിലുള്ളൂ. ആ കുറവ് നികത്താന്‍ എയര്‍ടെല്‍ ഒരുങ്ങി. ഉടനെ അത് സംഭവിക്കുകയും ചെയ്യും. എയര്‍ടെല്‍ 4 ജി, VoLTE പിന്തുണയോടെ വിവിധ ബ്രാന്‍ഡ് സ്മാര്‍ട്ഫോണുകളില്‍ ഉടനെ എത്തും.

VoLTE സേവനം നല്‍കുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ സജ്ജമാക്കികഴിഞ്ഞു. പക്ഷേ, VoLTE സേവനത്തിന് യോജിച്ച ഡിവൈസുകളില്‍ ചിലത് ‘അവസാന നിമിഷ’ പരീക്ഷണങ്ങളിലാണ്.

വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ഫോണുകളില്‍ കമ്പനി ഇപ്പോള്‍ VoLTE പരീക്ഷിച്ചുവരികയാണ്. ജിയോണിയാണ് ഈ പരീക്ഷണങ്ങള്‍ വിജകരമായി പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളിലൊന്ന്. ജിയോണിയുടെ ആദ്യ VoLTE P7 ഉള്‍പ്പടെയുള്ള വിവിധ മോഡലുകള്‍ എയര്‍ടെല്‍ VoLTE യ്ക്ക് യോജിച്ചവയാണ്.

നിലവില്‍ റിലയന്‍സ് ജിയോ മാത്രമാണ് രാജ്യത്ത് VoLTE അഥവാ വോയ്സ് ഓവര്‍ LTE സേവനം വാഗ്ദാനം ചെയ്യുന്നത്. ഡേറ്റ നെറ്റ്വര്‍ക്കിലൂടെയാണ് VoLTE ലഭ്യമാകുന്നത്. ഇതില്‍ കോളുകള്‍ ചെയ്യുന്നതും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (ഐ.പി) മുഖേനയാണ്. ഈ സേവനം നല്‍കുന്നതിന് ഓപ്പറേറ്റര്‍മാര്‍ക്ക് വളരെ തുച്ഛമായ ചെലവേ വരുന്നുള്ളൂ. VoLTE നടപ്പിലായാല്‍ എയര്‍ടെല്‍ നിരക്കുകള്‍ ഇനിയും കുറച്ചേക്കുമെന്നാണ് കരുതുന്നത്.

ജിയോ തങ്ങളുടെ വരിക്കാര്‍ക്ക് പരിധിയില്ലാത്ത സൗജന്യ കോളുകള്‍ നല്‍കുന്നതിന്റെ രഹസ്യം VoLTE ടെക്നോളജിയായിരുന്നു. എയര്‍ടെലിനെ പോലെ ഇന്ത്യന്‍ വിപണിയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന നെറ്റ്വവര്‍ക്കുകളില്‍ നിന്ന് ജിയോയിലേക്ക് വരിക്കാരുടെ ഒഴുക്കുണ്ടാകാനും ഇതിടയാക്കി.

നവംബറില്‍, രാജ്യമെമ്പാടും നെറ്റ്വര്‍ക്കില്‍ VoLTE സൗകര്യം സജ്ജമാക്കുന്നതിന് എയര്‍ടെല്‍ നോക്കിയയുമായി 402 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചിരുന്നു. റിലയന്‍സ് ജിയോയുടെ വരവോടെയാണ് എയര്‍ടെല്‍ ഇക്കാര്യം സജീവമാക്കിയത്. എയര്‍ടെല്‍ തങ്ങളുടെ കരുത്തുറ്റ 4 ജി നെറ്റ്വര്‍ക്ക് ഉയര്‍ത്തിക്കാട്ടി കാര്യക്ഷമതയും വേഗതയും അവകാശപ്പെടുമ്പോള്‍ ചെലവ് കുറഞ്ഞ ഡേറ്റ സേവനവും സൗജന്യ വോയ്സ് കോളുകളുമാണ് റിലയന്‍സ് ജിയോ ഉയര്‍ത്തിക്കാട്ടുന്നത്.

VoLTE അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കും സൗജന്യ വോയ്സ് കോളുകള്‍ നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് എയര്‍ടെലിനെ എത്തിക്കും. ഇതിലൂടെ ഇന്ത്യന്‍ ടെലികോം രംഗത്തെ ആധിപത്യം നിലനിര്‍ത്താന്‍ എയര്‍ടെല്ലിന് കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published.