പാലക്കുന്ന് ക്ഷേത്രത്തില്‍ ചെറിയ കലംകനിപ്പ് നിവേദ്യ സമര്‍പ്പണം നടന്നു

പാലക്കുന്ന് : അടുത്ത മാസം 2ന് നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് നിവേദ്യ സമര്‍പ്പണം നടന്നു. രാവിലെ ഭണ്ഡാരവീട്ടില്‍ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ശേഷം കഴക പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നൂറു കണക്കിന് സ്ത്രീകള്‍ വ്രതശുദ്ധിയോടെ നിവേദ്യക്കലങ്ങളുമായെത്തി. സമര്‍പ്പണത്തിന് ശേഷം ‘മങ്ങണ’ത്തില്‍ മാങ്ങ അച്ചാര്‍ ചേര്‍ത്ത ഉണക്കലരി കഞ്ഞി പ്രസാദമായി സ്വീകരിച്ച് അവര്‍ വ്രതം അവസാനിപ്പിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്കും കഞ്ഞി വിളമ്പി.

കലങ്ങളില്‍ നിന്ന് വിഭവങ്ങള്‍ വേര്‍തിരിച്ച്, നിവേദ്യച്ചോറും അടയും ആചാര സ്ഥാനികരുടെ നേതൃത്വത്തില്‍ വാല്യക്കാരും ചേര്‍ന്ന് പാകം ചെയ്ത് കലങ്ങളില്‍ നിറച്ചു. സന്ധ്യാദീപത്തിന് ശേഷം കലശാട്ടും കല്ലൊപ്പിക്കലും അനുബന്ധ ചടങ്ങുകള്‍ക്കും ശേഷം മൂത്ത ഭഗവതിയുടെ പള്ളിയറയില്‍ നിന്ന് പണ്ടാരക്കലം ആദ്യം നല്‍കി. തുടര്‍ന്ന് മറ്റുള്ളവരും ഏറ്റുവാങ്ങി വീടുകളിലേക്ക് യാത്ര തിരിച്ചു. വസൂരി, മാറാവ്യാധികള്‍ വിളനാശം തുടങ്ങിയവയില്‍ നിന്ന് മോചനം നേടാനും അഭീഷ്ടകാര്യ സിദ്ധിക്കും ദേവിയുടെ അനുഗ്രഹത്തിനുമായാണ് കലംകനിപ്പ് നടത്താന്‍ പ്രാര്‍ഥിക്കുന്നത്. ആര്‍ക്കും ഈ പ്രാര്‍ഥന നടത്താമെങ്കിലും ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ തീയ സമുദായത്തില്‍ പെടുന്നവരെ ഏല്‍പ്പിക്കുന്നതാണ് പതിവ് രീതി. ചൊവ്വാഴ്ച ആയിരത്തോളം കലങ്ങള്‍ ക്ഷേത്രത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ചെന്നും ഫെബ്രുവരി 2ന് നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യം പുതുതായി അധികാര മേല്‍ക്കുന്ന ഭരണ സമിതിയുടെ നേതൃത്വത്തിലായിരിക്കുമെന്നും നിലവിലെ പ്രസിഡന്റ് ഉദയമംഗലം സുകുമാരനും ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *