യു എ ഇയില്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി ഇനി അഞ്ചു വര്‍ഷം

യു എ ഇയില്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി ഇനി അഞ്ചു വര്‍ഷം

അബുദാബി: യു എ ഇയില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി അഞ്ചു വര്‍ഷമാക്കാന്‍ തീരുമാനിച്ചു. പുതുതായി ലൈസെന്‍സ് ലഭിക്കുന്നവര്‍ക്ക് ആദ്യം രണ്ടു വര്‍ഷ കാലാവധിയില്‍ ലൈസെന്‍സ് ആണ് നല്‍കുക. പുതിയ ഫെഡറല്‍ ട്രാഫിക് നിയമ ഭേതഗതിയിലാണ് ഇത് സംബന്ധിച്ചുള്ള വിശദീകരണമുള്ളത്.പത്തു വര്‍ഷം കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് സ്വദേശി വിദേശി വിവേചനമില്ലാതെ നല്‍കിയിരുന്നത്.

ജൂലായ് മുതല്‍ കന്നി ലൈസന്‍സുകളുടെ കാലാവധി രണ്ടു വര്‍ഷം ആയിരിക്കും.നിലവിലുള്ള ഡ്രൈവിംഗ് ലൈസെന്‍സ് പുതുക്കുമ്പോള്‍ അഞ്ചു വര്‍ഷത്തേക്കാണ് നല്‍കുക. സ്വദേശികള്‍ക്ക് പത്തു വര്‍ഷം കാലാവധിയുള്ള ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കുമെന്നും വ്യക്തമാക്കുന്നു. ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യേണ്ടവര്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ശാരീരിക ക്ഷമത തെളിയിക്കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടി വരും. രാജ്യത്തെ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ഇതിനായി വൈദ്യ പരിശോധന പൂര്‍ത്തിയാക്കണം.

ഗതാഗത വകുപ്പും ആരോഗ്യ കേന്ദ്രങ്ങളും തമ്മില്‍ ഓണ്‍ലൈന്‍ ബന്ധിപ്പിച്ചാണ് ഇത് നടപ്പാക്കുകയെന്ന് ദുബായ് പോലീസ് ഉപമേധാവിയും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മേധാവിയുമായ മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു. സുരക്ഷിതമായി വാഹനമോടിക്കുന്നതിനു തടസ്സമാകുന്ന രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഡ്രൈവര്‍ ജോലി ചെയ്യാന്‍ സാധിക്കില്ല.ഇത്തരം രോഗങ്ങളുടെ പട്ടിക അധികൃതര്‍ പ്രസിദ്ധപ്പെടുത്തും.ജോലിയെ പ്രതികൂലമായി ബാധിക്കുന്ന നിശ്ചിത രോഗങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം കേന്ദ്ര ഗതാഗത മെഡിക്കല്‍ വകുപ്പിനെ അറിയിക്കണം.

രോഗത്തിന്റെ ഗൗരവം അനുസരിച്ചും വൈദ്യ പരിശോധനാ ഫലം അവലംബിച്ചായിരിക്കും ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കുക.രോഗം ഭേദം ആകുന്നത് വരെ ചിലപ്പോള്‍ താത്കാലിക വിലക്ക് ആയിരിക്കും ഏര്‍പ്പെടുത്തുകയെന്നും സഫീന്‍ പറഞ്ഞു. റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിനാണ് വൈദ്യ പരിശോധന നിര്‍ബന്ധമാക്കുന്നത്. പലവിധ രോഗങ്ങള്‍ അലട്ടുന്നവര്‍ വാഹനമോടിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നും മേജര്‍ സഫീന്‍ സൂചിപ്പിച്ചു.

അപസ്മാരം, പ്രമേയം എന്നിവയ്ക്ക് പുറമെ ഹൃദയരോഗങ്ങളും ഡ്രൈവിംഗ് ലൈസെന്‍സ് ലഭിക്കുന്നതില്‍ നിന്നും തടയുന്ന പട്ടികയിലുണ്ടെന്നാണ് സൂചന.ലൈസെന്‍സ് നേടാനുള്ള പ്രായപരിധി പതിനേഴ് വയസ്സായി കുറയ്ക്കുന്നതിന് സംബന്ധിച്ച് ഇതു വരെ തീരുമാനം ആയിട്ടില്ല.പാര്‍പ്പിട മേഖലകളിലെ റോഡുകളിലെ പരമാവധി വേഗം മണിക്കൂറില്‍ 40 കി.മീ ആക്കി ചുരുക്കി. യു എ ഇയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വാഹനങ്ങളുടെ ആധിക്യം അഞ്ചു ശതമാനം കൂടിയെന്നാണ് ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട്.കഴിഞ്ഞ വശത്തെ കണക്കനുസരിച്ച് 33.91 ലക്ഷത്തിലധികം വാഹനങ്ങളുണ്ട്. പതിനായിരം വാഹനങ്ങളില്‍ പതിനാല് എന്ന തോതിലാണ് അപകടം സംഭവിക്കുന്നത്. യു എ ഇയില്‍ താമസിക്കുന്നവരില്‍ ഏകദേശം 45 ശതമാനത്തിനും ഡ്രൈവിംഗ് ലൈസന്‍സുണ്ട്.45 ലക്ഷത്തിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഗതാഗത വകുപ്പ് കാര്യാലയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.