കാട് പോയാലും വികസനം മതിയെന്ന് വാദിച്ചു നടക്കുന്നവര്‍ കാണട്ടേ…

കാട് പോയാലും വികസനം മതിയെന്ന് വാദിച്ചു നടക്കുന്നവര്‍ കാണട്ടേ…

ഇവിടെ അടയിരിക്കുന്ന തള്ളപ്പക്ഷിക്ക് വേണ്ടി നിര്‍മ്മാണ പദ്ധതി നീട്ടിവെച്ച ഭരണാധികാരികളുണ്ടിവിടെ

ദുബായ്: വികസനത്തിന്റെ പേരില്‍ കാടും, സംസ്‌കാരവും,സമ്പത്തും തകര്‍ന്നാലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നും അണുവിട മാറിചിന്തിക്കില്ലെന്ന് വാശിപിടിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കണ്ണ് തുറന്ന് കാണട്ടെ… മാതൃകാപരമായ പ്രവര്‍ത്തിയാല്‍ വാര്‍ത്തകളില്‍ നിറയുകയാണ് ദുബായ് ഭരണാധികാരികള്‍. മുട്ടയിട്ട് അടയിരിക്കാന്‍ ഒരുങ്ങുന്ന തള്ളപ്പക്ഷിയെ സംരക്ഷിക്കാന്‍ വന്‍കിട പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവെക്കാനാണ് ദുബായ് ഭരണണാധികാരികള്‍ ഉത്തരവിട്ടത്.

ലോക മാധ്യമങ്ങള്‍ മുഴുവന്‍ ഈ സംഭവം കൊണ്ടാടുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന്റെ ഈ നടപടി ലക്ഷങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുന്നതായിരുന്നു.

അബുദബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദ് അല്‍ നഹ്യാനും ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമും ചേര്‍ന്ന് കഴിഞ്ഞയാഴ്ച വനമേഖലയിലേക്കു നടത്തിയ യാത്രയ്ക്കിടെയാണ് പദ്ധതിയുടെ നിര്‍മ്മാണ മേഖലയില്‍ ഒരു പക്ഷി മുട്ടയിട്ടിരിക്കുന്നതു ശ്രദ്ധയില്‍ പെട്ടത്. നിര്‍മ്മാണം തുടങ്ങിയതോടെ തള്ളക്കോഴി പരിഭ്രാന്തയാകുകയും ചെയ്തു.

ഉടന്‍ തന്നെ പക്ഷിയേയും മുട്ടകളേയും സംരക്ഷിക്കാനായി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇവര്‍ ഉത്തരവിടുകയായിരുന്നു. ഉപപ്രധാനമന്ത്രി ലഫ് ജനറല്‍ ഷെയ്‌റ് സയിഫ് ബിന്‍ സയേദ് അല്‍ നഹ്യാന്‍ ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. അമ്പതിനായിരത്തിലേറെ പേരാണ് വിഡിയോ കണ്ടത്.

പരിസ്ഥിതിയെ പാടെ തകര്‍ക്കുന്ന, മുട്ടയിട്ടതും, കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതുമായ നിരവധി സസ്തനികളുടേയും, സസ്യലാതാതികളുടേയും കേന്ദ്രമായ ആതിരപ്പള്ളിയെ തകര്‍ത്തുകൊണ്ടുള്ള വികസനത്തിനായി പാഞ്ഞു നടക്കുന്ന നമ്മുടെ നേതാക്കന്‍മാര്‍ ഇത് കണ്ണ് തുറന്ന് കാണട്ടേ..

Leave a Reply

Your email address will not be published.