സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തിരിച്ചറിയുക

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തിരിച്ചറിയുക

ഇസ്ലാമിനെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ഞാനൊരു ഇസ്ലാമിക പണ്ഡിതനല്ല. എങ്കിലും ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ പഠിച്ചതും മനസിലാക്കിയതുമായ ഇസ്ലാമും അതിന്റെ പ്രവാചകനായ മുഹമ്മദ് നബിയും വര്‍ഗീയതയും തീവ്രവാദവും അനുവദിക്കുന്നില്ല.

ഹിന്ദു മതത്തെ കുറിച്ചോ, ക്രിസ്തു മതത്തെ കുറിച്ചോ ആധികാരികമായി പഠിച്ചവനല്ല ഞാന്‍. പക്ഷെ വിദ്യാഭ്യാസ കാലത്തും തുടര്‍ന്നുള്ള ജീവിത്തിലും ഒരു പാട് ഹൈന്ദവ, ക്രൈസ്തവ സുഹൃത്തുക്കള്‍ എനിക്കുണ്ടായിട്ടുണ്ട്. അന്നും ഇന്നും ജാതി മത ചിന്തകള്‍ക്കതീതമായി ഏകോദര സഹോദരങ്ങളായി കഴിയുന്ന ഞങ്ങള്‍ക്കിടയില്‍ യാതൊരു വിധ വര്‍ഗീയതക്കും സ്ഥാനമില്ല. അവരില്‍ നിന്നൊക്കെ ഈ മതങ്ങളെ കുറിച്ച് കുറെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ മതങ്ങളിലും വര്‍ഗീയതക്കും തീവ്ര വാദത്തിനും സ്ഥാനമില്ല എന്നാണ് ഞാന്‍ മനസിലാക്കിയത്.

അപ്പോള്‍ പിന്നെ എവിടുന്നാണീ അധമ സംസ്‌കാരവും വര്‍ഗീയ വിഷം നിറഞ്ഞ ചിന്തകളും സമൂഹത്തില്‍ പടരുന്നത് ? ആരാണീ വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ഗുണഭോക്താക്കള്‍ ? ഒരു സംശയവും വേണ്ട.. സ്വാര്‍ത്ഥത നിറഞ്ഞ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി സ്വന്തം മതത്തിലേയും ഇതര മതങ്ങളിലെയും നിരപരാധികളെ തമ്മിലടിപ്പിച്ചും കുരുതി കൊടുത്തും, മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിച്ച കുറുക്കനെ പോലെയുള്ളവര്‍…. അവര്‍ മാത്രമാണ്….

ഇക്കൂട്ടര്‍ ഏത് മതത്തില്‍ പെട്ടവരായാലും സ്വന്തം മതത്തോടോ ദൈവത്തോടോ ഉള്ള സ്നേഹം കൊണ്ടല്ല, മറിച്ചു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില കൊള്ളുന്നത്.

മിക്കവാറും ഇത്തരം സംഭവങ്ങളില്‍ ഇരകള്‍ നിരപരാധികള്‍ ആയിരിക്കും.
സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം മതത്തെയും ദൈവത്തെയും വിറ്റു കാശാക്കി നിരപരാധികളെ തമ്മിലടിപ്പിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാനും ഇനിയെങ്കിലും ഇത്തരക്കാരുടെ ദുഷ്ടത അവസാനിപ്പിക്കാനും നമ്മള്‍ ഒന്നിക്കണം…. ജാതി മത ചിന്തകള്‍ക്കതീതമായി…

‘ലകും ദീനുകും
വ ലിയ ദീന്‍ ‘
(നിനക്ക് നിന്റെ വിശ്വാസം
എനിക്ക് എന്റെ വിശ്വാസം) എന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തം സാന്ദര്‍ഭികമായി കുറിക്കുന്നു …

Leave a Reply

Your email address will not be published.