സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്;10 ലക്ഷം വിദേശികള്‍ക്ക് ജോലി പോവും

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്;10 ലക്ഷം വിദേശികള്‍ക്ക് ജോലി പോവും

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. സൗദിയില്‍ സ്ത്രീകള്‍ ലിംഗ വിവേചനംനേരിടുന്നുവെന്ന് പറയാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വിഷയമാണിത്. ലൈസന്‍സ് നല്‍കുന്നത് വൈകിക്കൂടയെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശൂറാ കൗണ്‍സിലിലെ അംഗങ്ങള്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട സ്ഥിതിക്ക് വിഷയം ചര്‍ച്ച ചെയ്തു ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. ശൂറാ കൗണ്‍സില്‍ അംഗമായ അബ്ദുല്‍ റഹ്മാന്‍ അല്‍ റാഷിദ് ആണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ശൂറാ കൗണ്‍സിലിന്റെ സാമ്പത്തിക-ഊര്‍ജ കാര്യ സമിതി അധ്യക്ഷനാണ് അബ്ദുല്‍ റഹ്മാന്‍ അല്‍ റാഷിദ്. മറ്റു ചില അംഗങ്ങളും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖര്‍ ആവശ്യപ്പെടുന്നതിനാല്‍ വിഷയം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ശൂറാ കൗണ്‍സിലിലെ പ്രമുഖര്‍ തന്നെ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു അന്തിമ തീരുമാനം എടുക്കുന്നത്. നേരത്തെ വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നെങ്കിലും ലൈസന്‍സ് നല്‍കേണ്ടെന്നാണ് തീരുമാനിച്ചത്.

രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമാണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാത്തതു മൂലം ഉണ്ടാവുന്നതെന്ന് ആക്ഷേപമുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഡ്രൈവര്‍മാരെ നിയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. പത്ത് ലക്ഷം വിദേശികളാണ് ഇത്തരത്തില്‍ വീടുകളിലും മറ്റും ഡ്രൈവിങ് ജോലി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാമെന്ന് ശൂറാ കൗണ്‍സിലിലെ ചില അംഗങ്ങള്‍ കണക്കുകൂട്ടുന്നു. സൗദി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത് വൈകരുതെന്നുമാണ് ഇവരുടെ വാദം.

തുടര്‍ന്നാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വേഗം കൂടിയിരിക്കുന്നത്. ശൂറാ കൗണ്‍സിലിലെ ചില അംഗങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തോട് സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ മൗനം വെടിയണമെന്ന് അബ്ദുല്‍ റഹ്മാന്‍ അല്‍ റാഷിദ് ആവശ്യപ്പെട്ടു. നിലവില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാത്തത് മൂലം സാധാരണ സൗദി വനിതകള്‍ക്ക് മാത്രമല്ല, വിദ്യാസമ്പന്നരായവര്‍ക്ക് പോലും തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ജോലിക്ക് പോവുന്നവര്‍ പോലും പുരുഷ ഡ്രൈവറെ വയ്ക്കേണ്ട സ്ഥിതിയാണുള്ളത്. ഇതുവഴി സൗദികളുടെ വരുമാനത്തില്‍ ചോര്‍ച്ചയുണ്ടാവുന്നുവെന്ന് ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഫിലിപ്പ് ഓസ്റ്റണ്‍ പറയുന്നു.

വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന നിമയനിര്‍ദേശത്തില്‍ മുതിര്‍ന്ന രാജകുടുംബാംഗം തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അടുത്തിടെ ഒപ്പുവച്ചിരുന്നു. സൗദിയില്‍ സ്ത്രീ മുന്നേറ്റത്തിന് കുതിപ്പുണ്ടാവുന്നതാണ് നടപടിയെന്ന് ഒപ്പുവച്ചതിനെ ന്യായീകരിക്കുന്നവര്‍ അഭിപ്രായപ്പെട്ടിരുന്നു. സൗദിവിഷന്‍ 2030 ന്റെ ഭാഗമായി നിരവധി നടപടികളാണ് ഭരണതലത്തില്‍ പുരോഗമിക്കുന്നത്. അതില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതും ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ശൂറാ കൗണ്‍സില്‍ അനുമതി നല്‍കിയാല്‍ ഇക്കാര്യത്തില്‍ എളുപ്പം തീരുമാനമാകും.

സൗദി തൊഴില്‍മേഖലയില്‍ സ്ത്രീ സാന്നിധ്യം ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഇവര്‍ക്ക് സ്വന്തമായി വാഹനം ഓടിച്ചുപോവാന്‍ സാധിക്കാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത് വൈകരുതെന്നാണ് ഉയരുന്ന ആവശ്യം.

Leave a Reply

Your email address will not be published.