ഒരിടവേളക്ക് ശേഷം പുതിയ നോവലുമായി അരുന്ധതി റോയ്

ഒരിടവേളക്ക് ശേഷം പുതിയ നോവലുമായി അരുന്ധതി റോയ്

ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിന് സൂക്ഷ്മാംശങ്ങളുടെ രാഷ്ട്രീയഭംഗി പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് അരുന്ധതി റോയ്. ഗോഡ് ഓഫ് സ്മോള്‍ തിങ്സ് എഴുതി ലോകത്തെ ഞെട്ടിച്ച ശേഷം മൂര്‍ച്ചയുള്ള നോണ്‍ ഫിക്ഷന്‍ എഴുത്തിലൂടെ സജീവമായി. കശ്മീര്‍, മാവോയിസ്റ്റ് അനുകൂല നിലപാടുകള്‍ കാരണം നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. ഇപ്പോള്‍ ഒരിടവേളക്ക് ശേഷം പുതിയ നോവലുമായി അരുന്ധതി റോയ് എത്തുകയാണ്. ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് എന്നാണ് പുതിയ നോവലിന്റെ പേര്.

 

‘വെറ്ററിനറി ഡോക്ടറുടെയടുത്ത് കൊണ്ടുവന്ന പട്ടിയെപ്പോലെ തോന്നുന്നു” പുസ്തകം സൈന്‍ ഓഫ് ചെയ്യാന്‍ പെന്‍ഗ്വിന്‍ ബുക്സ് എഡിറ്റര്‍ മേരു ഗോഖലേക്കൊപ്പം പ്രസ്സില്‍ പോയ അരുന്ധതി റോയ് പറഞ്ഞതിങ്ങനെ. എന്തുകൊണ്ടാണ് ഒരു എഴുത്തുകാരി 20 വര്‍ഷത്തോളം നോവല്‍ എഴുതാതിരുന്നത് എന്ന ചോദ്യം നിലനില്‍ക്കെയാണ് ഒരു ഗൂഢമായ പുഞ്ചിരിയോടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് അരുന്ധതി റോയ് മേരു ഗോഖലെയുടെ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ഇരുപതു വര്‍ഷക്കാലത്തെ ഇന്ത്യയും ലോകവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപചയവും പരാജയവും അതുയര്‍ത്തിയ വെല്ലുവിളികളും, ഭരണകൂട ഭീകരതയും ഒളിഞ്ഞും തെളിഞ്ഞും അല്ലാതെയും വരികളുടെയും വാക്കുകളുടെയും എല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചും അരുന്ധതി റോയ് ഒളിച്ചുകടത്തുമായിരിക്കും. ഇപ്പോഴും ആളുകള്‍ സെക്കന്റ് ബുക്ക്ഷോപ്പുകളില്‍ നിന്നും അല്ലാതെ വിലകൊടുത്തുമൊക്കെ വാങ്ങിക്കുന്ന ആദ്യനോവല്‍ ഉള്ള എഴുത്തുകാരിയുടെ രണ്ടാം നോവല്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ അതെങ്ങനെ സ്വീകരിക്കപ്പെടും എന്നും വായിക്കപ്പെടും എന്നും കാത്തിരുന്നു കാണേണ്ടിവരും.

നോവല്‍ പുറത്തിറങ്ങും മുമ്പ് തന്നെ സംഘപരിവാര്‍ ഭീഷണി നേരിടുന്നുണ്ട്. മേരു ഗോഖലെയുടെ ട്വീറ്റിനുകീഴെ അരുന്ധതിയെ പാകിസ്താന്റെ പണം പറ്റുന്നവള്‍ എന്ന് സംഘികള്‍ തെറിവിളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.