വ്യോമയാന വിപണിയില്‍ യുഎസിനെയും ചൈനയെയും മറികടക്കാന്‍ ഒരുങ്ങി ഇന്ത്യ

വ്യോമയാന വിപണിയില്‍ യുഎസിനെയും ചൈനയെയും മറികടക്കാന്‍ ഒരുങ്ങി ഇന്ത്യ

മുംബൈ: വ്യോമയാന വിപണിയില്‍ യുഎസിനെയും ചൈനയെയും മറികടക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.1,080 യാത്രാ വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രാ വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്ന യുഎസിനെയും ചൈനയെയും മറികടക്കുകയാണു ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി മാറിയിരുന്നു. 10 കോടിയാണ് 2016ല്‍ ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാര്‍. അമേരിക്കയുടേത് 71.9 കോടിയും ചൈനയുടേത് 43.6 കോടിയും.

വ്യോമയാന രംഗത്തെക്കുറിച്ച് പഠനം നടത്തുന്ന സിഡ്‌നിയിലെ സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്റെ (സിഎപിഎ) റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ആകാശക്കരുത്ത് വെളിപ്പെടുന്നത്. രാജ്യത്ത് നിലവില്‍ 480 യാത്രാ വിമാനങ്ങളേയുള്ളൂ. 880 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവ പിന്നീടെത്തും. കുറഞ്ഞനിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് കമ്പനികളാണു കുടൂതല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത് എന്നറിയുന്നു.

വരുന്ന ആഴ്ചകളില്‍ ജെറ്റ് എയര്‍വെയ്‌സും വിസ്താരയും കൂടി പൂര്‍ണതോതില്‍ സര്‍വീസ് തുടങ്ങും. ഇതോടെ ഇന്ത്യയുടെ യാത്രാ വിമാനങ്ങളുടെ എണ്ണം നാലക്കം തൊടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എഴുന്നൂറിലധികം വിമാനങ്ങള്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളിലും നാനൂറോളം എണ്ണം അഞ്ചുവര്‍ഷത്തിനകവും രാജ്യത്തു സര്‍വീസ് ആരംഭിക്കുമെന്നാണു കണക്കാക്കുന്നത്. ഒന്നോ രണ്ടോ വലിയ വ്യോമയാന സ്റ്റാര്‍ട്ടപ് കമ്പനികള്‍ ഉടന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത്രയും വിമാനങ്ങള്‍ വരുന്നതില്‍ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പാര്‍ക്കിങ് സ്ഥലവും റണ്‍വേ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. റൂട്ടുകളും സമയങ്ങളും ക്രമപ്പെടുത്തേണ്ടി വരും. അപകട സാധ്യതകളും കൂടുതലാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാലേ ആഭ്യന്തര വിമാന വിപണിയില്‍ ഇന്ത്യയ്ക്കു വിജയിക്കാനാകൂ.

Leave a Reply

Your email address will not be published.