അല്‍ മലപ്പുറം; ബീഫ് നിരോധനത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ മലപ്പുറത്ത് നിന്നൊരു ഹ്രസ്വചിത്രം

അല്‍ മലപ്പുറം; ബീഫ് നിരോധനത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ മലപ്പുറത്ത് നിന്നൊരു ഹ്രസ്വചിത്രം

കൊച്ചി: വര്‍ഗ്ഗീയതയുടേയും മതം മാറ്റത്തിന്റേയും മാത്രം കേന്ദ്രമായി മലപ്പുറത്തെ ചിത്രീകരിക്കുന്ന ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നൊരുക്കിയ ‘അല്‍ മലപ്പുറം’ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു. ‘അല്‍ഖ്വയിദ’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭീകര വാദത്തിന്റെ ധ്വനികളുയരുന്ന നമ്മുടെ കാതുകള്‍ക്ക്, ‘ അല്‍’ എന്ന വാക്ക് കൊണ്ട്, ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും ഐക്യത്തോടെ ജീവിക്കുന്ന മലപ്പുറം അത്ഭുതമാണെന്ന് പറയുകയാണ് ഇവര്‍. ബീഫ് നിരോധനത്തേയും, മലപ്പുറത്തിന്റെ മതേതര ചിന്താഗതിയെ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങളേയും നിശിതമായി വിമര്‍ശിക്കുകയാണ് ഹ്രസ്വചിത്രം. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പിജി മാസ്സ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ ആഷിക് അയിമറാണ് സംവിധാനം നിര്‍വഹിച്ചത്. അല്‍ മലപ്പുറം ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം ആളുകളാണ് കണ്ടത്.

മലപ്പുറത്തിന്റെ സാമുദായിക ഐക്യത്തിന് വിലങ്ങു തടി ആയേക്കാവുന്ന നിരവധി പ്രസ്താവനകള്‍ സമീപ കാലത്തു ഉണ്ടായിരുന്നു. അത്തരം സംഭവങ്ങളെ വളരെ നിശിതമായി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് വെറും ഫേസ്ബുക് പോസ്റ്റില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല, നമ്മുടെ നാടിന്റെ നന്മ ലോകം തിരിച്ചറിയണം എന്ന ആശയം, സുഹൃത്ത് ആഷിക് അയമറുമായി പങ്കു വെച്ചു. തുടര്‍ന്ന് സമാന ചിന്താഗതി ഉള്ള കുറച്ചുപേര്‍ ചേര്‍ന്ന് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുകയായിരുന്നു. സ്‌ക്രിപ്റ്റ് റൈറ്റര്‍ ശരത് ഫാല്‍ക്കണ്‍ പോസ്റ്റിനോട് പറഞ്ഞു.

സൗഹൃദത്തിന്റെ ഹ്രസ്വചിത്രമാണ് അല്‍ മലപ്പുറം. അതുകൊണ്ടു തന്നെ ഡബ്ബിങ്ങിനും മറ്റുമായി ചെറിയൊരു തുക മാത്രമേ ആവശ്യമായി വന്നുള്ളൂ. മറ്റു കോസ്റ്റുകളൊന്നും ഉണ്ടായിരുന്നില്ല. അതിനപ്പുറം നാല് ദിവസം കൊണ്ടാണ് ഈ പ്രതിഷേധാത്മക ഹ്രസ്വചിത്രം ചിത്രീകരിച്ചത്. ജൂണ്‍ 4 നാണ് ആഷികുമായി ചേര്‍ന്ന് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ജൂണ്‍ 5 നു പൊന്നാനിയിലേക്കുള്ള യാത്ര, പൊന്നാനിയും സമീപ പ്രദേശങ്ങളുമായിരുന്നു ചിത്രീകരണം. അടുത്ത ദിവസം തന്നെ ഡബ്ബിംഗും പൂര്‍ത്തീകരിച്ചു. ജൂണ്‍ മാസം 7 നു എഡിറ്റിംഗും പൂര്‍ത്തിയാക്കി ചിത്രം യു ട്യൂബില്‍ അപ്ലോഡ് ചെയ്തു’ ശരത് പറയുന്നു.

ഷോട്ടുകള്‍ ചെയ്തതിനു ശേഷവും ഈ സിനിമക്ക് പേര് കണ്ടെത്തിയിരുന്നില്ല എന്നതായിരുന്നു മറ്റൊരു വസ്തുത. മലപ്പുറം കത്തി ,ബോംബ് തുടങ്ങിയ ഒരുപാടു പേരുകള്‍ ലിസ്റ്റില്‍ വന്നുവെങ്കിലും അവസാനം ‘അല്‍ മലപ്പുറം’ ഉറപ്പിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് എസ്.ഡി.പി.ഐ ,ആര്‍ എസ് എസ് സുഹൃത്തുക്കള്‍ ധാരാളമുണ്ട്. അവരുമായി നല്ല സൗഹൃദത്തിലുമാണ്. ഞങ്ങള്‍ മലപ്പുറത്തുകാര്‍ രാഷ്ട്രീയയത്തിനപ്പുറം സൗഹൃദങ്ങള്‍ക്കും ഐക്യത്തിനുമാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടു തന്നെ ഈ സിനിമ ഒരു നാടിന്റെ ആവശ്യമായിരുന്നു. അതാണ് കട്ടന്‍ ചായ ടീം അല്‍ മലപ്പുറത്തിലൂടെ സാക്ഷാല്‍ക്കരിച്ചത്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറത്തെ റിസള്‍ട്ടാണ് അല്‍ മലപ്പുറ ത്തിലൂടെ ഇപ്പോള്‍ ലഭിക്കുന്നത്. കുറേ ആളുകള്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. എല്ലാവര്‍ക്കും വര്‍ക്കിന്റെ ത്രണ്ട് ആണ് ഇഷ്ടമായത്. ഈ സന്തോഷം പങ്കുവെയ്ക്കാനായി അല്‍ ട്രീറ്റ് സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ശരത്ത് കൂട്ടിച്ചേര്‍ത്തു.

ചാവക്കാടുള്ള സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ശരത് പ്രകാശാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. വി കെ വിപിന്‍ എഡിറ്റിംഗും ക്യാമറ ഫഹദുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.