മാഗസിന്‍ വിവാദം: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു

മാഗസിന്‍ വിവാദം: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദത്തില്‍ പതിമൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയഗാനത്തെ അവഹേളിച്ചെന്ന പരാതിയിലാണ് കേസ്. മാഗസിന്റെ ഉള്ളടക്കത്തില്‍ അശ്ലീലവും ദേശവിരുദ്ധതയുമുണ്ടെന്ന് ആരോപിച്ച് എ.ബി.വി.പി നല്‍കിയ പരാതിയിലാണ് ധര്‍മടം പൊലീസ് കേസെടുത്തിരിക്കുന്നത്. എഡിറ്ററടക്കം മാഗസിന്‍ കമ്മിറ്റിയിലെ 13 പേര്‍ക്കെതിരെയാണ് കേസ്. മാഗസിനില്‍ ദേശീയ പതാകയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ സ്റ്റുഡന്റ് എഡിറ്ററായി പ്രസിദ്ധീകരിച്ച പെല്ലറ്റ് എന്ന മാഗസിനാണ് വിവാദത്തില്‍പ്പെട്ടത്. സിനിമ തിയേറ്ററില്‍ കസേര വിട്ടെഴുന്നേല്‍ക്കുന്ന രാജ്യസ്‌നേഹം എന്ന കുറിപ്പോടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒഴിഞ്ഞ കസേരകള്‍ക്ക് പിന്നില്‍ റോഡിന്റെ അപ്പുറത്തായി സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായ കാര്‍ട്ടൂണാണ് വിവാദത്തിന് വഴിവെച്ചത്.

എന്നാല്‍, കാര്‍ട്ടൂണില്‍ റോഡ് വ്യക്തമാകാത്തത് ദേശീയഗാനം ആലപിക്കുമ്പോള്‍ സ്ത്രീയെ പീഡിപ്പിക്കുന്നതായി തെറ്റിദ്ധരിക്കാനിടയാക്കുന്നുണ്ട്. ഇതാണ് വിവാദം വിളിച്ചുവരുത്തിയത്. സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

വിവാദത്തെ തുടര്‍ന്ന് രണ്ട് പേജുകള്‍ മാഗസിനില്‍ നിന്ന് പിന്‍വലിക്കാന്‍ കോളജ് കൗണ്‍സില്‍ അടിയന്തര യോഗം തീരുമാനിച്ചിരുന്നു. മാഗസിനിലെ വിവാദമായ 12ഉം 84ഉം പേജുകളാണ് പിന്‍വലിക്കാനാണ് കോളജ് പ്രിന്‍സിപ്പല്‍ മുരളീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published.