ജി.എസ്.ടി: ലോട്ടറി നികുതിയിനത്തിലെ ധാരണ, കേരളത്തിന് നേട്ടമെന്ന് ധനമന്ത്രി

ജി.എസ്.ടി: ലോട്ടറി നികുതിയിനത്തിലെ ധാരണ, കേരളത്തിന് നേട്ടമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: കേരളം നിരന്തരമായി നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ സംസ്ഥാനസര്‍ക്കാരിന്റേതല്ലാത്ത് ലോട്ടറികള്‍ക്കുള്ള നികുതി 28 ശതമാനമാക്കി വര്‍ധിപ്പിച്ചു. ചരക്കുസേവന നികുതി സമിതി യോഗത്തില്‍ ഒന്നര മണിക്കൂര്‍ നേരം കേരളം നടത്തിയ വാഗ്വാദത്തിനും ഇറങ്ങിപ്പോക്ക് ഭീഷണിക്കുമൊടുവിലാണ് നിരവധി ആഴ്ചകളായി മാറ്റിവെച്ച ലോട്ടറിക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനമായത്.

സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ വെച്ചുള്ള ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതിയായിരിക്കും ഈടാക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് കേരള ഹൗസില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഇതര സംസ്ഥാന ലോട്ടറി മാഫിയയുടെ നീക്കങ്ങള്‍ക്കു ശക്തമായ തിരിച്ചടിയാണ് ലോട്ടറി നികുതി സംബന്ധിച്ച തീരുമാനമെന്ന് ധനമന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശക്തമായ നിയമങ്ങള്‍ വരണം. എത്ര ലോട്ടറി വിറ്റഴിച്ചു എന്നതു സംബന്ധിച്ച കൃത്യമായ കണക്കുണ്ടാകണം. നിലവിലെ സാഹചര്യത്തില്‍ ഇതര സംസ്ഥാന ലോട്ടറി മാഫിയക്ക് കേരള ലോട്ടറിയോടു മത്സരിക്കാന്‍ കഴിയില്ല. സമ്മാനത്തുക ഇനിയും കൂട്ടാനുള്ള ആലോചനയിലാണ് കേരളം. മറ്റു ലോട്ടറികള്‍ വില്‍ക്കുന്നവര്‍ക്ക് ഇനി കേരള ലോട്ടറിയുടെ ഏജന്‍സി നല്‍കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും കേന്ദ്രം ഉറപ്പാക്കിയിട്ടില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. ഓരോ വില്‍പ്പനക്കാരനും നല്‍കുന്ന ഇന്‍വോയ്സ് അപ്ലോഡ് ചെയ്യുമ്പോള്‍ കംപ്യൂട്ടര്‍തന്നെ ജിഎസ്ടി റിട്ടേണ്‍ – 2 ജനറേറ്റ് ചെയ്യേണ്ടവിധമാണു കമ്പ്യൂട്ടര്‍ ശൃംഖല വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ബീറ്റാ ടെസ്റ്റ് പോലും പൂര്‍ത്തിയായി ട്ടില്ല. ജൂലായ് മാസത്തെ റിട്ടേണ്‍ സെപ്തംബറില്‍ കൊടുത്താല്‍ മതി. ആ സമയത്തേക്ക് എല്ലാം തയാറാകുമെന്നാണു കേന്ദ്രം പറയുന്നത്. പാലത്തില്‍ കയറി നടന്നുകൊണ്ട് പാലം പണിയുന്ന രീതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി നടപ്പാക്കുന്നതിന് കേരളം എല്ലാ പിന്തുണയും നല്‍കുമെന്നു ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി നടപ്പാകുന്നതോടെ കേരളത്തിന് 1500 കോടി രൂപയുടെ നികുതി വരുമാന വര്‍ധനവുണ്ടാകും. ജൂലായ് ഒന്നിനു ജിഎസ്ടി നടപ്പാകും. 30നു രാത്രി പാര്‍ലമെന്റിന്റെ സെന്റിനറി ഹാളിലാണ് ഉദ്ഘാടന ചടങ്ങെന്നും അതിനു മുന്നോടിയായി വീണ്ടും ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.