പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണം: കടകംപളളി സുരേന്ദ്രന്‍

പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണം: കടകംപളളി സുരേന്ദ്രന്‍

കാഞ്ഞങ്ങാട്: ജില്ലാതല വായനാപക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനവും സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളിലായിരുന്നു ഉദ്ഘാടന പരിപാടികള്‍ നടന്നത്.

വായനശാലകളില്‍ പോയി പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു. പുസ്തകവായനയിലൂടെ അറിവ് ലഭിക്കും. അറിവ് ഉദ്യോഗം നേടുന്നതിനും മികച്ച ജീവിതത്തിനും സഹായിക്കുമെന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുളള കുട്ടികളോട് ചോദിച്ച കാര്യങ്ങള്‍ മന്ത്രി മേലാങ്കോട്ട് യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. നിങ്ങള്‍ക്ക് കണ്ണെന്തിനാണ്, നാവെന്തിനാണ്, ചെവിയെന്തിനാണ്?. കണ്ണ് കാണേണ്ടത് കാണാനാണെന്നും ചെവി കേള്‍ക്കേണ്ടത് കേള്‍ക്കാനാണെന്നും നാവ് പറയേണ്ടത് പറയാനാണെന്നും ചാച്ചാജിയുടെ മറുപടി മന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

കേരളസാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം ഇ പി രാജഗോപാലന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കൃഷി ഭൂമി കര്‍ഷകനാണെങ്കില്‍ കൃതി ഭൂമി വായനക്കാരനാണെന്ന് ഇ പി രാജഗോപാലന്‍ പറഞ്ഞു. കൃതിയില്‍ ജോലി ചെയ്യുന്നത് വായനക്കാരനാണ്. എഴുത്തുകാരന്‍ രചിക്കുന്നതിന്റെ വിവിധ അര്‍ത്ഥതലങ്ങള്‍ പ്രകാശിപ്പിക്കുന്നത് വായനക്കാരനാണ്. കൃതി എഴുത്തുകാരന്റെ മാത്രം സ്വത്തല്ല.
വായനയിലൂടെ മനുഷ്യജീവിതം മെച്ചപ്പെട്ടതാക്കാന്‍ ജീവിതം മുഴുവന്‍ ശ്രമിച്ച മഹാനാണ് പി എന്‍ പണിക്കരെന്നും അദ്ദേഹം അനുസ്മരിച്ചു. അനൗപചാരിക വിദ്യാഭ്യാസത്തിനായി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. വായനയുടെ മഹത്വം സാധാരണക്കാരന് അദ്ദേഹം പകര്‍ന്നുനല്‍കിയെന്ന് ഇ പി രാജഗോപാലന്‍ പറഞ്ഞു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍ എ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം എല്‍ എ വായനാ സന്ദേശം നല്‍കി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ ആമുഖഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്മാരായ വി വി രമേശന്‍ (കാഞ്ഞങ്ങാട്), പ്രൊഫ. കെ പി ജയരാജന്‍ (നീലേശ്വരം), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ഡിഇഒ എ പി സുരേഷ് കുമാര്‍, ഡോ. പി പ്രഭാകരന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഭാരവാഹി സി കെ ഭാസ്‌കരന്‍, പി ടി എ പ്രസിഡണ്ട് അഡ്വ. പി എന്‍ വിനോദ് കുമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി രവീന്ദ്രന്‍ സംസാരിച്ചു. കെ പി സതീഷ് ചന്ദ്രന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ വി രാഘവന്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ പങ്കെടുത്തു. സംഘാടക സമിതി കണ്‍വീനര്‍ പി വി കെ പനയാല്‍ സ്വാഗതവും അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം സെക്രട്ടറി ബി ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.