മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

തിരുവനന്തപുരം: വലിയ വീടുകള്‍ പണിയാനും ആവശ്യത്തിലേറെ ഭക്ഷണത്തിനും പണം ചെലവഴിക്കുന്ന മലയാളികള്‍ സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ സമാപന ചടങ്ങ് കൈരളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറുന്നതിനുളള പിന്തുണ സര്‍ക്കാര്‍ നല്‍കും. നല്ല സംഗീതം ആസ്വദിക്കാനും സിനിമകള്‍ കാണാനും പണം ചെലവഴിക്കണം. കേരളത്തിലെ സാംസ്‌കാരിക സൗകര്യങ്ങള്‍ ഇതിനായി മെച്ചപ്പെടണം. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക രംഗത്ത് നടപ്പാക്കാന്‍ കഴിയുന്ന നൂതന ആശയങ്ങള്‍ എഴുതി അയച്ചു നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിവിധ മേഖലയിലുളള കലാകാരന്‍മാര്‍ക്ക് പ്രതിമാസം സര്‍ക്കാര്‍ നിശ്ചിത തുക നല്‍കുന്നത് പരിഗണിയ്ക്കാം. ഇവര്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവാക്കള്‍ക്കിടയിലുമെത്തി കലയെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊളളണം. ചലച്ചിത്ര അക്കാദമി നിശ്ചയിക്കുന്ന ഡോക്യുമെന്ററികള്‍ക്ക് സബ്‌സിഡി നല്‍കുന്നതും പരിഗണിക്കും. മികച്ച ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും പാക്കേജ് അക്കാദമി തയ്യാറാക്കി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം. മേളകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഓണ്‍ലൈന്‍ മേള നടത്തുന്നത് അക്കാദമി പരിഗണിക്കണം.

ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഫിലിം ഫെസ്റ്റിവല്‍ സമുച്ചയം യാഥാര്‍ത്ഥ്യമാക്കും. ഇത്തരം മേളകളെ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധത്തിലും പിന്തുണയ്ക്കും. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച ഈ കാലത്ത് ഭരണകൂടങ്ങള്‍ ചിത്രങ്ങള്‍ നിരോധിച്ചാലും ജനങ്ങളിലേക്ക് അവ എത്തും. ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവര്‍ നിസഹായരാണെന്ന് വരുത്തിതീര്‍ക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.

മികച്ച ചിത്രങ്ങള്‍ വീണ്ടുമൊരുക്കി ഇത്തരം പ്രതിരോധങ്ങളെ നേരിടണമെന്ന് മന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കുമുളള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചലച്ചിത്രകാരന്‍ കെ.പി. കുമാരന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ഫിക്ഷന്‍ ജ്യൂറി ചെയര്‍ പേഴ്‌സണ്‍ റിതു സരിന്‍, ലോംങ്ങ് ഡോക്യുമെന്ററി ജൂറി ചെയര്‍മാന്‍ ആന്‍ഡ്രൂ വെയില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.