സ്വപ്നങ്ങളുറങ്ങുന്ന ഗ്രാമഭൂമി: ബാണാസുരസാഗര്‍

സ്വപ്നങ്ങളുറങ്ങുന്ന ഗ്രാമഭൂമി: ബാണാസുരസാഗര്‍

മലനിരകളുടെ കണ്ണാടിയായി ബാണാസുരസാഗര്‍ മുഖം നോക്കിനില്‍ക്കുമ്പോള്‍ ഈ ജലാശയത്തിന്റെ വിദൂരതയിലേക്ക് കണ്ണയച്ചു നില്‍ക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ഇന്നലെകളില്‍ പ്രീയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് പാലയനം ചെയ്യേണ്ടി വന്നവരുടെ കണ്ണീര്‍കയങ്ങള്‍ക്ക് ഈ ജലാശയത്തേക്കാളും ആഴമുണ്ട്. തരിയോട് എന്ന ഗ്രാമത്തോടൊപ്പം അണക്കെട്ട് കവര്‍ന്നെടുത്ത ചരിത്രവും കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോള്‍ ഇവയെ പുതിയ കാലത്തിലേക്ക് വിളക്കി ചേര്‍ക്കാന്‍ ഒരു ഗ്രാമ ജീവിതത്തിന്റെ നന്മയാര്‍ന്ന കഥകളുണ്ട്. നഷ്ടപ്രതാപങ്ങളുടെ ചരിത്രം അയവിറക്കുകയാണ് ഇന്ന് തരിയോട് പൈതൃക ഗ്രാമം.

pic 1

ബാണാസുരസാഗര്‍ ജലാശയം കൈകള്‍ നീട്ടിയതോടെ നാടും നഗരവുമെല്ലാം വെള്ളത്തിനടിയിലായി. പതിറ്റാണ്ടുകളായി ഇവിടെ വേരാഴ്ത്തിയ കുടുംബങ്ങളും നാനാഭാഗങ്ങളിലേക്കായി ഒഴിഞ്ഞുപോയി. അണക്കെട്ടെന്ന വികസനവിസ്മയത്തിന് മുമ്പില്‍ ജീവിതം കൈവിട്ടുപോയവരും തിരികെപിടിച്ചവരും ധാരാളമുണ്ട്. കാര്‍ഷികസമ്പന്നതയുടെ അടയാളങ്ങളായിരുന്ന തറവാടുകള്‍, കുടിയേറ്റത്തിന്റെ ചരിത്രം അവശേഷിപ്പിച്ച കൃഷിയിടങ്ങള്‍ എല്ലാമെല്ലാം ജലാശയം കവര്‍ന്നെടുത്തു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ് ടിപ്പുസുല്‍ത്താന്റെ പടയോട്ടം തരിയോടിനെ പ്രകമ്പനം കൊള്ളിച്ചത്. കുമ്പളവയല്‍, പഴൂര്‍ ക്ഷേത്രങ്ങള്‍ ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ടു. തെക്കേ വയനാട്ടില്‍നിന്ന് ബാവലി മുതല്‍ വൈത്തിരിവരെ ആയുധക്കടത്തിനായി നിര്‍മിച്ച കുതിരപ്പാണ്ടി റോഡ് ടിപ്പുവിന്റെ പടയോട്ടത്തിന്റെ ചരിത്രം പറയും. സൈന്യത്തെ പുതുശ്ശേരിപ്പുഴയുടെ മറുകര കടത്താന്‍ ചങ്ങാടത്തിനെ കുതിരകളെക്കൊണ്ട് വലിപ്പിച്ചതിനാണ് പുതുശ്ശേരിക്കടവിന് കുതിരപ്പാണ്ടി എന്ന പേരും ലഭിച്ചത്. ടിപ്പുസൈന്യവുമായി ഏറ്റുമുട്ടിയ പഴൂര്‍ ക്ഷേത്രപരിസരം ‘പടവെട്ടി’ എന്ന പേരില്‍ അറിയപ്പെടുന്നു. പൗരാണികമായ മാടത്തുവയല്‍, കുനിയിന്മേല്‍ കുറിച്യത്തറവാടുകള്‍ ഇവിടെയുണ്ട്.

pic 3

മലബാറില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ആധിപത്യം ഉറപ്പിച്ചതോടെ കുതിരപ്പാണ്ടി റോഡ് വാഹന ഗതാഗതത്തിനായി പരിഷ്‌കരിച്ചു. ഇക്കാലത്താണ് വയനാടിന്റെ അടിത്തട്ടില്‍ സ്വര്‍ണത്തരികള്‍ ധാരാളമുണ്ടെന്ന നിഗമനത്തില്‍ സ്വര്‍ണ ഖനനക്കമ്പനികള്‍ ബ്രിട്ടനില്‍നിന്നും മറ്റും ഇങ്ങോട്ടുതിരിച്ചത്.’ബ്രിട്ടന്‍ ഇന്‍കോര്‍പ്പറേറ്റ് ഗോള്‍ഡ് മൈന്‍സ് ഇന്ത്യ’ എന്ന കമ്പനി സ്വര്‍ണം തേടി എത്തിയത് തരിയോടാണ്. സ്മിത്ത് എന്ന ബ്രിട്ടീഷുകാരനായിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടര്‍. ഇംപീരിയല്‍ ബാങ്കിന്റെ ഒരു ശാഖയും ഇക്കാലത്ത് തരിയോട് തുടങ്ങിയിരുന്നു. സ്വര്‍ണത്തരികള്‍ കാണാനില്ല, ഖനനം കമ്പനിയെ നഷ്ടത്തിലാക്കിക്കൊണ്ടിരുന്നു. കമ്പനി പ്രവര്‍ത്തനത്തിലുള്ള അപാകതയാണ് നഷ്ടത്തിന് കാരണമെന്ന് പാര്‍ട്ണര്‍മാര്‍ സ്മിത്തിനെ കുറ്റപ്പെടുത്തുകയായിരുന്നു. ഇതോടെ സ്മിത്തിന് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനുള്ള വാതിലുകളടഞ്ഞു. ഇതിനെത്തുടര്‍ന്ന് സ്ഥാപനം ഡൈനാമിറ്റ് വെച്ച് തകര്‍ത്ത് സ്മിത്ത് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.pic 4

തരിയോടിന്റെ മണ്ണില്‍ ഈ ദുരന്തത്തിന്റെ സ്മാരകങ്ങള്‍ ഇന്നും അവശേഷിക്കുന്നു. ഇരുമ്പുട്രോളികളും ഖനനമുഖങ്ങളും ഇവിടെ കാണാം. അനന്തര അവകാശിയായി ലേഡി സ്മിത്തിന് ഉടമസ്ഥാവകാശം കിട്ടിയെങ്കിലും കുടിശ്ശിക തീര്‍ക്കാന്‍ കഴിയാതെ ഇവര്‍ വിദേശത്തേക്ക് മടങ്ങി. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം പിന്നീട് റിസര്‍വ് വനമായി മാറി. ‘ലേഡി സ്മിത്ത് വനം’ എന്നാണ് ഈ ഹരിതവനത്തിന്റെ ഇപ്പോഴത്തെ പേര്. ബംഗല്‍വ് കുന്നില്‍ സ്മിത്ത് സായ്പിന്റെ സ്മരണകള്‍ ഇന്നും ഉറങ്ങുന്നു. ടിപ്പുവിനെ ഭയന്നോടിയവര്‍ക്ക് സ്മിത്ത് അഭയം നല്‍കിയതായും ചരിത്രരേഖകളിലുണ്ട്. കുതിരവണ്ടി റോഡിന്റെയും പാലത്തിന്റെയും ഗാര്‍ഡുകളും മറ്റും ഏറെക്കാലം ഇവിടെ കാണാമായിരുന്നു. മഞ്ഞൂറയിലെ ചിങ്ങനൂര്‍ കുന്നില്‍ പിന്നീടുണ്ടായ കനത്ത ഉരുള്‍പൊട്ടലിലാണ് കര്‍ലാട് എന്ന പ്രകൃതിദത്ത തടാകം ഉടലെടുത്തത്.

അതിനുമുമ്പ് ഗിരിവര്‍ഗക്കാരുടെ ആധിപത്യമുണ്ടായിരുന്ന മേഖലയില്‍ കുടിയേറ്റവും പിന്നീട് തുടങ്ങി. പാലക്കാട്, മങ്കര, മഞ്ചേരി. തലശ്ശേരി എന്നിവിടങ്ങളില്‍നിന്ന് വന്ന നായര്‍മാരും കോഴിക്കോട്, കൊടുവള്ളി, മലപ്പുറം തലശ്ശേരി, വടകര എന്നിവിടങ്ങളില്‍നിന്ന് മുസ്ലിം സമുദായക്കാരും കോട്ടയം ഭാഗത്തുനിന്ന് ക്രിസ്ത്യാനികളും ഇവിടെയെത്തി. ജന്മിമാരുടെ പാട്ടക്കാരായാണ് ഇവര്‍ ആദ്യകാലങ്ങളില്‍ ചെലവഴിച്ചത്. ഏക്കര്‍ സ്ഥലത്തിന് വെറും ഒന്നര അണ മാത്രമായിരുന്നു പാട്ടം.മരക്കച്ചവടകേന്ദ്രമായും പിന്നീട് തരിയോട് മാറി. റെയില്‍വേ സല്‍പ്പര്‍ നിര്‍മാണത്തിന്റെ തിരക്കിട്ട നാളുകളായിരുന്നു പിന്നിട്ടത്. വനങ്ങള്‍ മിക്കതും ഈ വേളയില്‍ ഇക്കാലത്ത് കൊള്ളയടിക്കപ്പെട്ടു.

കുടിയേറ്റക്കാരുടെ സ്വപ്നഭൂമി

pic 61940-കള്‍ക്കുശേഷം ഇവിടേക്കുള്ള കുടിയേറ്റത്തിന് ശക്തികൂടി. രണ്ടാംലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തില്‍ തിരുവിതാംകൂറില്‍നിന്ന് കൃഷിഭൂമി തേടി ഒട്ടനവധി കുടുംബങ്ങള്‍ തരിയോട്ടെത്തി. ഇഞ്ചിപ്പുല്ലും പുല്‍തൈല വാറ്റുമൊക്കെയായി കുടിയേറ്റക്കാലം അധ്വാനത്തിന്റേതായി.

1962-ല്‍ തരിയോട് പഞ്ചായത്ത് രൂപം കൊണ്ടു. ആതുരസേവനത്തിന്, മുന്‍പ് ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഒരു അലോപ്പതി കല്‍നിക്കുണ്ടായിരുന്നു. എസ്റ്റേറ്റുകള്‍ക്കും മറ്റുമായി 1972-ല്‍ വൈത്തിരി കുതിരവണ്ടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. 73-ല്‍ കോഴിക്കോടുനിന്ന് തരിയോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വീസും തുടങ്ങി. വയനാടിന്റെ മറ്റ് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള ഒരു യാത്രാവാഹനം അന്ന് സങ്കല്പം മാത്രമായിരുന്നു. പോസ്റ്റോഫീസും ഇതിനിടയില്‍തന്നെയെത്തി. വയനാടിന്റെ ചരിത്രത്തിലെതന്നെ വികസനമുന്നേറ്റത്തിന് ആദ്യകാലം മുതല്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു തരിയോട്. പഴയ പ്രതാപങ്ങളുടെ ഊര്‍ജം ഉള്‍ക്കൊണ്ട് മറ്റൊരു കുതിപ്പിനായി ഉണര്‍ന്നിരിക്കവെ അണക്കെട്ട് എന്ന ആശയം പ്രതീക്ഷകളെയെല്ലാം ആഴത്തില്‍ മുക്കി. ജനവാസകേന്ദ്രങ്ങളും അങ്ങാടിയും കൃഷിയിടങ്ങളുമെല്ലാം പദ്ധതിക്കുവേണ്ടി ജനങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പൊന്നുവിളയുന്ന മണ്ണും കൃഷിയും ഉപേക്ഷിച്ചുപോകാന്‍ പലരും വിസമ്മതിച്ചു.

pic 7

പക്ഷേ, ‘പൊന്നും വിലയെന്ന്’ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില്ലിക്കാശും വാങ്ങി പടിയിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. വേനലെത്തുമ്പോള്‍ ഇവിടെ കാലം ബാക്കിയാക്കിയ ശേഷിപ്പുകള്‍ വെള്ളത്തിനടിയില്‍ നിന്ന് പുറത്തുവരും. ടാറിട്ട പഴയ റോഡുകളും പാതാറുമെല്ലാം പഴയ തരിയോട്ടേക്ക് വിരല്‍ ചൂണ്ടും. കുടിയേറിയ കര്‍ഷകരൊക്കെ അതുപോലെത്തന്നെ കുടിയിറങ്ങിപ്പോയി. ജന്മിയും അടിയാനും ഒരുപോലെ ഭൂമി നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായി. ബാണാസുരസാഗറെന്ന ജലാശയത്തിന്റെ തീരത്ത് ശേഷിക്കുന്നവര്‍ കുറച്ചുപേര്‍ മാത്രം. ഗതകാല നാടിന്റെ തുടിപ്പുകളാണ് ഇവരുടെ മനസ്സില്‍ ഇപ്പോള്‍ അലയടിക്കുന്നത്.

പാലായനത്തിന്റെ ഓര്‍മ്മകള്‍

മാനം തൊടുന്ന മലനിരകള്‍ക്ക് താഴെ വിശാലമായ പ്രദേശം. ധാരാളം വയലുകളും പൊന്നുവിളയുന്ന കൃഷിയിടങ്ങളും. വിയര്‍പ്പൊഴുക്കിയ മണ്ണില്‍ ജീവിതം വേരാഴ്ത്തി നിന്നപ്പോള്‍ അപ്രതീക്ഷിതമായിരുന്നു ആ കേള്‍വികള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയതും ആദ്യത്തേതുമായ മണ്ണണ ഇവിടെ വരുന്നു. എല്ലാവരും ഒഴിഞ്ഞുപോകണം. അതുവരെയും തലമുറകളായി ഗതകാല വയനാടിന്റെ ബ്രിട്ടീഷ് അധിനിവേശത്തിനെല്ലാം സാക്ഷ്യമായി നിന്നവരുടെ തലമുറകള്‍ക്കെല്ലാം ഈ വാര്‍ത്ത അവിശ്വസനീയമായി തോന്നി. അത് സത്യമാകാന്‍ നാളുകള്‍ വേണ്ടി വന്നില്ല. വര്‍ഷത്തില്‍ കോരിച്ചൊരിഞ്ഞ പെയ്യുന്ന മഴയുടെ ആരവങ്ങളില്‍ നിറഞ്ഞു നിന്ന ഗ്രാമത്തിന് മുകളിലേക്ക് ഒരു ജലാശയം കൈനീട്ടാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുകയായി. തരിയോട് മലനിരകളില്‍ നിന്നും സദാസമയം അലയടിച്ച് കുതിച്ചെത്തിയ കാട്ടരുവികള്‍ ജീവന്‍ നല്‍കിയ കരമാന്‍ തോടിനെ തടയാന്‍ പദ്ധതികളായി. ഒഴിയാന്‍ മനസ്സുകൊണ്ട് മടിച്ചവര്‍ക്കെല്ലാം പിടിച്ചു നില്‍ക്കാന്‍ കഴിയാതെയായി. ഇങ്ങനെ ഒരിക്കല്‍ ഈ ഗ്രാമങ്ങളെയും അവര്‍ പങ്കുവെച്ച സൗഹൃദങ്ങളെയും പാതിവഴിയില്‍ ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപോയവരുടെ ഓര്‍മ്മകള്‍ കൂടിയാണ് ഇന്ന് ഈ ജലാശയം.pic 2

 

1962 മുതലാണ് ഇവിടെ ഇങ്ങനെയൊരു അണക്കെട്ടിന്റെ സാധ്യതകളിലേക്ക് അധികൃതരുടെ നോട്ടം വീഴുന്നത്. പതിയെ പതിയെ ഇതിന്റെ സാധ്യതകളിലേക്ക് ഇവര്‍ പഠനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.80 കളില്‍ പദ്ധതിക്ക് അംഗീകരാമായി. ആദ്യമൊക്കെ ഈ വാര്‍ത്തകള്‍ ബലപ്പെട്ടുവന്നപ്പോള്‍ പ്രദേശവാസികള്‍ ചെറുത്തുനില്‍പ്പും പ്രതിഷേധങ്ങളുമായി നിന്നു. ഒടുവില്‍ ഇതിനെയെല്ലാം മറികടന്ന് 1982 മുതല്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി. ഇവിടെ നിന്നും പിന്നെ മുറിവുണങ്ങാത്ത പാലായനത്തിന്റെ വ്യഥകളും തുടങ്ങുകയായി.ആറു വര്‍ഷം കെ#ാണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. അണക്കെട്ടിന്റെ ഉയരം മൂന്ന് മീറ്റര്‍ കൂടി ഉയര്‍ത്താന്‍ ധാരണയായതോടെ പിന്നെയും സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി. അതോടെ തരിയോട് എന്ന ദേശത്തിന്റെ മുക്കാല്‍ഭാഗവും വെളളത്തില്‍ മുങ്ങുമെന്നുറപ്പായി. രാപ്പകല്‍ യന്ത്രങ്ങള്‍ മുരളുന്ന രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ബാണാസുരസാഗര്‍ എന്ന ജലാശയം രൂപപ്പെടുകയായി. ചൂരാണി, താണ്ടിയോട് മുതല്‍ അനേകം ഗ്രാമക്കവലകളും വെളളത്തിനടിയിലായി. എണ്ണൂറോളം വീടുകളും ഒഴിഞ്ഞുപോയി. പ്രാതപങ്ങളെല്ലാം ഓര്‍മ്മയായി. പഴയ ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ എല്ലാം വഴിപിരിഞ്ഞുപോയപ്പോള്‍ ഇതിനെല്ലാം മീതെ ബാണാസുരസാഗറിന്റെ ഓളങ്ങളെ മാത്രം നാടെല്ലാമറിയുന്നു.pic 8

ഭൂമിശാസ്ത്രരമായ പ്രത്യേകതകള്‍കൂടിയാണ് കുടിയേറ്റക്കാരെ ഈ ഗ്രാമങ്ങളിലേക്ക് ആദ്യം മുതലെ ആകര്‍ഷിച്ചത്. വയനാട്ടില്‍ അന്നുള്ളതില്‍ വളര്‍ന്ന് പന്തലിച്ച ഒരു അങ്ങാടികൂടിയായിരുന്നു തരിയോട്. തപാല്‍ ആപ്പീസുമുതല്‍ സ്‌കൂള്‍ വരെയും വ്യാപാര സ്ഥാപനങ്ങള്‍ക്കൊപ്പം ഇവിടെ മുളച്ചുപൊന്തി. കുടിയേറ്റ ജീവിതത്തിന്റെ ഇന്നലെകളിലെ ഏറ്റവും നിറമുള്ള ഓര്‍മ്മകള്‍ കൂടിയാണ് തരിയോടിന്റെ ചരിത്രവും ഉള്‍ക്കൊള്ളുന്നത്. 1162 കുടുംബങ്ങളാണ് ഇവിടെ നിന്നും അണക്കെട്ടിനുവേണ്ടി ഒഴിയേണ്ടി വന്നത്. വയനാടിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ പാലായനവും ഇത് തന്നെയായിരുന്നു. കാര്‍ഷികവൃത്തിയില്‍ മാത്രം ജീവിതം പൂരിപ്പിച്ചെടുത്ത ജ•ികുടുംബങ്ങള്‍ മുതല്‍ കാടിനോട് ചേര്‍ന്ന് ജീവിതം പൂരിപ്പിച്ചെടുത്ത പ്രാക്തതന ഗോത്രവിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍വരെയും അക്കൂട്ടത്തിലുണ്ടായിരുന്നു. അമ്പലങ്ങള്‍ പള്ളികള്‍ മുതല്‍ പോലീസ് സ്റ്റേഷന്‍വരെയും ഇവിടെ നിന്നും കുടിയൊഴിഞ്ഞു. 1576 ഹെക്ടര്‍ ഭൂമിയാണ് അണക്കെട്ടിനുവേണ്ടി ഏറ്റെടുക്കേണ്ടി വന്നത്. 1307 ഹെക്ടര്‍ സ്ഥലം കര്‍ഷകരുടെ സ്വപ്നങ്ങള്‍ ആഴ്ന്നിറങ്ങിയ പൊന്നു വിളയുന്ന കൃഷിയിടങ്ങളായിരുന്നു.

ഇന്ന് സഞ്ചാരികളുടെ പ്രണയതീരം

വയനാട്ടിലെ ഏക ഹൈഡല്‍ വിനോദ കേന്ദ്രമാണ് ഇന്ന് ബാണാസുരസാഗര്‍.വൈദ്യുതി ഉത്പാദനത്തിനെ#ാപ്പം ടൂറിസത്തിലും വന്‍വരുമാനം. കേരളത്തിലെ വരുമാനദായകമായ പദ്ധതികളില്‍ മുന്‍നിരയിലുള്ളത്. മാനം തൊട്ടുനില്‍ക്കുന്ന മലനിരകള്‍ക്ക് അഭിമുഖമായി കടല്‍ പോലെ പരന്നുകിടക്കുകയാണ് ഈ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങള്‍. സായാഹ്നമായപ്പോഴേക്കും അഭ്യന്തര സഞ്ചാരികളും മറുനാടന്‍ സഞ്ചാരികളുമായി പ്രദേശമാകെ നിറഞ്ഞു കവിയും.പതിനായിരത്തിലധികം സഞ്ചാരികളാണ് ഇവിടം പ്രതിദിനം സന്ദര്‍ശിച്ചു മടങ്ങുന്നത്.pic 5

 

വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിലേയ്ക്കു ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ഇന്ന് സഞ്ചാരികളുടെ പറുദീസയായി ഈ ജലാശയം മാറിക്കഴിഞ്ഞു. ഓളപ്പരപ്പുകളും ചെറുദ്വീപുകളും അതിനെ തൊട്ടുരുമി നില്ക്കുന്ന ബാണാസുരമലയും സഞ്ചാരികളുടെ മനം കവരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണയ്ക്ക് മുകളില്‍ നിന്നും വിദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണുപായിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെ ഒട്ടേറെ പേര്‍ ഇവിടെയെത്തുന്നുണ്ട്.കര്‍ണ്ണാടകയില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഇവിടെ ഏറ്റവും കൂടുതലായി എത്തുന്നത്. അഭ്യന്തര സഞ്ചാരികളുടെയും ഒഴുക്കുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഇവിടെ നിന്നും പ്രതിമാസം ലഭിക്കുന്നത്.അണക്കെട്ടില്‍ നിന്നുള്ള വിദൂര ദൃശ്യങ്ങളും ബോട്ടുയാത്രയും ഒഴികെ മറ്റു പ്രധാനപ്പെട്ട വിനോദ ഉപാധികളൊന്നുമില്ലാത്ത ഇവിടം പരിമിതകള്‍ക്കിടയിലും സഞ്ചാരികള്‍ക്ക് പ്രീയപ്പെട്ടതാണ്.

ഏതു സീസണിലും ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്.തടാകത്തിലൂടെ ഏഴുകിലോമീറ്ററോളം പിന്നിടുന്ന ബോട്ടു സവാരിയാണ് ഏറെ ആകര്‍ഷകം.. ബോട്ടുയാത്ര തുടങ്ങിയതോടെയാണ് ഇവിടുത്തെ സാധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്. പ്രകൃതി സന്തുലിത വിനോദ സഞ്ചാരത്തിന്റെ മനോഹര ദൃശ്യമാണ് മഞ്ഞൂറ നിന്നുമുള്ള ബാണാസുര സാഗറിന്റെ മുഖം.വയനാട്ടിലെത്തുന്നവര്‍ക്ക് ഈ കേന്ദ്രം സന്ദര്‍ശിക്കാതെ മടങ്ങുക എന്നത് നിരാശജനകമാണ്.സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഒട്ടനവധി റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്.ഹോം സ്റ്റേകളിലും താമസിക്കാം.

Leave a Reply

Your email address will not be published.