കാസര്‍ഗോഡ്: ഇവിടെ വല്ലാത്തൊരു ഭയം വളരുകയാണ്

കാസര്‍ഗോഡ്: ഇവിടെ വല്ലാത്തൊരു ഭയം വളരുകയാണ്

ഒരു ഉള്‍ഭയം എല്ലാ കാസര്‍ഗോഡ് കാരന്റെയും ഉള്ളില്‍ എന്നും ആളുന്നുണ്ട്. എന്തിനെന്നോ.. ആര്‍ക്ക് വേണ്ടിയെന്നോ അറിയത്തൊരു ഉള്‍ഭയം. പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്താണ് താന്‍ ജീവിക്കുന്നതെന്നും, എപ്പോള്‍ വേണമെങ്കിലും, എന്തും സംഭവിച്ചേക്കാമെന്നുമുള്ള തീവ്രമായ ഭയമാണ് ഒരു പക്ഷേ അതിന് പിന്നിലെന്ന് കരുതാം. കാലം അങ്ങനെയാണ് അവനെ പഠിപ്പിച്ചത്. ചരിത്രത്തിന്‍ പലയിടത്തും പലസമയങ്ങളിലായി ചിതറിയ മനുഷ്യ രക്തത്തിന്റെ മനംമടുപ്പിക്കുന്ന ഗന്ധത്തിനും, പുകഞ്ഞുകൊണ്ടിരിക്കുന്ന മത-രാഷ്ട്രീയ വിദ്വേഷങ്ങള്‍ക്കും, ദൃക്‌സാക്ഷിയായവരും, വാര്‍ത്താ മാധ്യമങ്ങളിലൂടെ കണ്ട കരളലിയിക്കുന്ന ചിത്രങ്ങള്‍ ഇനിയും മനസില്‍ നിന്നും മാഞ്ഞുപോകാത്തതുകൊണ്ടുമായിരിക്കണം, അങ്ങനെയൊരു ഭയത്തിന് കാരണം. ഏഴ് മണികഴിഞ്ഞാല്‍ ഷട്ടറടച്ച് വീട്ടിലെത്താന്‍ വെമ്പല്‍ കൊള്ളുന്ന വ്യാപാരികളും, സെക്കന്റ് ഷോ കളിക്കാന്‍ ഉഭയക്കുന്ന തിയേറ്റര്‍ ഉടമകളും, ആറ് മണിക്ക് ശേഷം നഗരത്തിലേക്കിറങ്ങാന്‍ മടിക്കുന്ന മനുഷ്യരുമെല്ലാം ഇതേ ഭയത്തിന്റെ ഇരകളാണ്.temple

അശാന്തിയുടെ തുരുത്തുകള്‍

1984ലാണ് ഇവിടെ ആദ്യത്തെ കൊലപാതകം നടക്കുന്നത്. പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് വുഡ്ലാന്റ് ഹോട്ടലില്‍ ജീവനക്കാരനായിരുന്ന യുവാവിനെ കൊലപ്പെടുത്തിയതോടെയാണ് ഇവിടം ഒരു കൊലപാതക ഭൂമിയാകുന്നത്. 1989ല്‍ ഇന്നത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് പരിസരത്ത് നടന്ന നബിദിന മിലാദ് റാലിക്ക് നേരെ അതിക്രമം നടക്കുകയും തൊട്ടടുത്ത വര്‍ഷം വിനോദ് എന്ന ഓട്ടോ ഡ്രൈവറെ ലീഗ് അനുഭാവികള്‍ കൊല ചെയ്യുകയും ചെയ്തപ്പോള്‍ വര്‍ഗ്ഗീയത അതിന്റെ വേരുകള്‍ ആഴ്ത്തി തുടങ്ങി. ഇതിന് ശേഷം സമാധാന ഭൂമിയായിരുന്ന ജില്ലയില്‍ പിന്നീട് അശാന്തി പടര്‍ന്നത് 1992 ഡിസംബര്‍ ആറിനായിരുന്നു.

1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ തളങ്കരയും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ കൂടലിലും അക്രമങ്ങള്‍ നടന്നു. തുടര്‍ച്ചയായി പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന പൊലീസ് വെടിവെയ്പ്പില്‍ തളങ്കരയിലെ 14 വയസുകാരനായിരുന്ന അബു മരണപ്പെട്ടു. കലാപം പടര്‍ത്തിയ ഭീതിയില്‍, ജനങ്ങള്‍ പലായനം ചെയ്തു. 1992-93 കാലഘട്ടങ്ങളില്‍ തളങ്കരയില്‍ നിന്നും നാല്‍പ്പതിലധികം ഹൈന്ദവ കുടുംബങ്ങളും, കൂടലില്‍ നിന്ന് ഇരുപതോളം മുസ്ലീം കുടുംബങ്ങളും ഒഴിഞ്ഞുപോയി. ഈ രണ്ട് ഇടങ്ങളും കാസര്‍ഗോഡ് നഗരത്തിന്റെ ഇരുഭാഗങ്ങളിലുമായി ഏത് സമയവും ലഹള നടന്നേക്കാമെന്ന തരത്തിലാണെന്ന അഭ്യൂഹവും, ജനങ്ങള്‍ക്കുള്ളില്‍ കടന്നുകൂടിയ ഭയവും വീണ്ടും വീണ്ടും അകന്നു നില്‍ക്കാന്‍ പ്രേണയാകുന്നു. ഈ വിഷയത്തോടെ കൂടലും തളങ്കരയും ഹിന്ദു-മുസ്ളീം മേഖലകളായി തന്നെ കിടക്കുന്നു.

1993ല്‍ അഷറഫെന്ന ഓട്ടോ ഡ്രൈവര്‍ നഗരത്തിലെ പ്രമുഖ സിനിമാ തിയേറ്റര്‍ പരിസരത്ത് വെച്ച് വെട്ടേറ്റ് മരിച്ചു. അഷറഫിന്റെ മരണം നടന്ന് അര മണിക്കൂര്‍ നേരം പിന്നിടുന്നതിന് മുന്നേ ഇതിന്റെ പ്രതികാരമെന്നോണം റെയില്‍വേസ്റ്റേഷനില്‍ യാത്രകഴിഞ്ഞ് വരികയായിരുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇത് കേരളത്തെ പിടിച്ചുലച്ച സംഭവമായിരുന്നു. സംഭവത്തിന് പിന്നിലെ പ്രതികളെയെല്ലാം പോലീസ് ദിവസങ്ങള്‍ക്കകം പിടികൂടിയെങ്കിലും, പിടിയിലായവര്‍ പലരും ചാവേറുകള്‍ മാത്രമല്ലേ എന്ന സംശയവും ഇവിടെ ബാക്കിയാകുന്നുണ്ട്. കാരണം, കൊലപാതകങ്ങള്‍ തെളിയിക്കപ്പെടുമ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ചില സ്ഥിരം ആളുകള്‍ ഉണ്ടാകുന്നു എന്നത് തന്നെയാണ് ഈ സംശയത്തിന് ബലം നല്‍കുന്നത്.

2008ല്‍ നഗരത്തിന്റെ സമാധാനം കെടുത്തിക്കൊണ്ട് നാല് കൊലപാതകങ്ങള്‍ തുടര്‍ച്ചയായി കാസര്‍ഗോഡ് നടന്നു. അസ്‌ക്കര്‍, അഡ്വ: സുഹാസ്, സന്ദീപ് തുടങ്ങിയവരാണ് ആ വര്‍ഷം അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. 2015ല്‍ സിനാന്‍ എന്ന യുവാവിനെ കൊല ചെയ്തതിന്റെ പ്രതികാരമായി കേളുഗുഡ്ഡെയിലെ പൂജാരി ആക്രമിക്കപ്പെട്ടു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായതിനാല്‍ പൂജാരിയുടെ ജീവന്‍ രക്ഷിക്കാനായി. ഇല്ലായിരുന്നെങ്കില്‍ അത് മറ്റൊരു കലാപത്തിന്റെ തുടക്കമായേനെ.

വീണ്ടും മറ്റൊരു കലാപത്തിന് തിരികൊളുത്താനെന്ന വണ്ണം കഴിഞ്ഞ മാര്‍ച്ച് മാസം പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മദ്രസ അദ്ധ്യാപകനായ റിയാസ് മൗലവി ദാരുണമായി കൊല ചെയ്യപ്പെട്ടു. മത സ്ഥാപനത്തില്‍ കയറി മതം പഠിപ്പിക്കുന്ന അദ്ധ്യാപകനെ കൊന്നസംഭവത്തില്‍ കേരളമാകെ തരിച്ചു നിന്നു. ഏത് നിമിഷവും മറ്റൊരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ട് പൊലീസ് വളരെ ജാഗ്രത പാലിച്ച ദിവസങ്ങളായിരുന്നു, പിന്നെയങ്ങോട്ട്. അസാമാന്യ സംനയനം പാലിച്ച ജനതയെന്ന് പിന്നീട് ദൃശ്യമാധ്യങ്ങള്‍ വാഴ്ത്തിപ്പാടിയതുപോലെ പ്രതീക്ഷിച്ചിരുന്ന അത്രയും വലിയ തിരിച്ചടികളൊന്നും പിന്നീട് നടന്നില്ല. ഒരു പക്ഷേ വൈകാരികമായി ഈ ജനത ചിന്തിച്ചിരുന്നുവെങ്കില്‍ അതൊരു വര്‍ഗ്ഗീയ കലാപത്തിന് തുടക്കമായേനേ..

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ട പ്രതികളെല്ലാം ഇരുപത്തഞ്ച് വയസിന് താഴെ മാത്രം പ്രായമുള്ളവര്‍. സമാനമായ പല കേസുകളിലും പ്രതികളായിരുന്നവര്‍. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
കേസില്‍ പ്രതികളായ മൂന്നുപേരും ഉറ്റ സുഹൃത്തുക്കളാണ്. ബ്രണ്ടിയും, ബിയറും കുടിച്ച ശേഷം കഞ്ചാവും പുകച്ച ഇവര്‍ പള്ളി ലക്ഷ്യമാക്കി നടന്നു. ഖത്തീബിനെ കണ്ടപ്പോള്‍ അയാള്‍ക്ക് നേരെ കല്ലെറിഞ്ഞു. ശബ്ദം കേട്ട് പുസ്തകം വായിച്ചുകൊണ്ടിരുന്ന അധ്യാപകന്‍ പുറത്തിറങ്ങിയപ്പോള്‍ അജേഷ് റിയാസിനെ കൊല ചെയ്യുകയായിരുന്നു.

ചാവേറുകള്‍ വളരുന്നത്

ജില്ലയിലെ ഒരു വിഭാഗം യുവാക്കള്‍ ലഹരിയിലേക്കും, വര്‍ഗ്ഗീയ നിലപാടുകളിലേക്കും ഇടറിവീഴുന്നുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ മയക്കുമരുന്ന് മാഫിയ ഇന്നും ക്രമസമാധാന പാലകര്‍ക്ക് നഗരത്തിലെ പ്രധാന തലവേദനയാണ്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമൊന്നും നല്‍കാതെ പ്ലസ്ടു പഠനത്തിന് ശേഷം കടലുകടക്കാനുള്ള മോഹവുമായാണ് മറ്റൊരു വിഭാഗത്തിന്റെ വളര്‍ച്ച. സ്വന്തമായി നിലപാടുകള്‍ രൂപീകരിക്കുവാനോ, പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കാനോ താല്‍പര്യം കാണിക്കാത്ത ഈ വിഭാഗത്തെ എളുപ്പം പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താം. മദ്യവും,മയക്കുമരുന്നു, പണവും വാരിയെറിഞ്ഞ് ഇത്തരക്കാരെ വഴി തിരിച്ചുവിടാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ ലാഭേച്ഛ ചെറിയ പ്രയത്തില്‍ ലഹരിക്കടിമകളാകുന്ന കുഞ്ഞുങ്ങള്‍ അറിയാതെ പോകുന്നു. ഇവര്‍ വളര്‍ന്ന് നഗരത്തിലെ പ്രധാന ക്രിമിനലുകളാകും. വിദ്വേഷങ്ങള്‍ തീര്‍ക്കാന്‍ സംഘടനകള്‍ പരസ്പരം പ്രയോഗിക്കുന്ന ചാവേറുകള്‍ മാത്രമായി പില്‍ക്കാലത്ത് അവര്‍ പരിണമിക്കും.

വര്‍ഗീയത വളര്‍ത്തി, രാഷ്ട്രീയ മുതലെടുപ്പ്

കാസര്‍ഗോഡിന്റെ അന്തരീക്ഷത്തില്‍ വര്‍ഗ്ഗീയ വിഷം പാകാനുള്ള ഒരു അവസരവും പാഴാക്കാത്ത ബി.ജെ.പി കേരളത്തിലെ പല ജില്ലകളും ടാര്‍ജെറ്റ് ചെയ്ത് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടയില്‍ കാസര്‍ഗോഡിനെയും വിടാതെ പിടിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ചെറിയ ഒരു തെരുവായ തുരുത്തിയില്‍ പുതുതായി നിര്‍മിച്ച റോഡിന് സമീപം ഗാസ സ്ട്രീറ്റ് എന്ന ബോര്‍ഡ് സ്ഥാപിച്ചത് ആശങ്ക നിറയ്ക്കുന്ന സംഭവമാണെന്നും, സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നുവെന്നുമുള്ള രാഷ്ട്രീയാരോപണങ്ങളും ഇതുസംബന്ധിച്ച വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംഗതി വാര്‍ത്താമാധ്യമങ്ങള്‍ ഏറ്റു പിടിച്ചു. വാര്‍ത്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു.

തുരുത്തിയുടെ പേരുമാറ്റി ഗാസാ തെരുവ് എന്ന് പേരുമാറ്റിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീകാന്ത് രംഗത്ത് വന്നു. തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതും അതിന് ശ്രമിക്കുന്നതും രാജ്യദ്രോഹക്കുറ്റമാണെന്നും, ഈ റോഡ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ പത്ത് കുടുംങ്ങള്‍ ഉപയോഗിക്കുന്ന സ്വകാര്യവ്യക്തി നല്‍കിയ ഭൂമിയിയില്‍ നഗരസഭ പണിത 156 മീറ്റര്‍ റോഡ് റോഡിന് പദ്ധതിയിലുണ്ടായിരുന്ന ഇഎസ് കോളനി റോഡ് എന്ന പേര് ഒരു കുടുംബവുമായി ബന്ധപ്പെട്ടയായതിനാല്‍ വീട്ടുകാര്‍ ചേര്‍ന്ന് ഗാസ സ്ട്രീറ്റ് എന്ന് പേരിടുകയായിരുന്നുവെന്നും, പേരിട്ടപ്പോള്‍ സംഗതി ഇത്ര പുലിവാല് പിടിക്കുമെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും, വിവാദത്തില്‍ നിന്നും ഒഴിയാനായി പേര് മാറ്റാന്‍ പോലും തങ്ങള്‍ തീരുമാനിക്കുകയുണ്ടായെന്നും സ്ഥലത്തെ യുവാക്കള്‍ പറയുന്നു.

കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ തുരുത്തിയില്‍ ഒരു തെരുവിന് ഗാസ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തുവെന്നാരോപിച്ച് തുരുത്തിയെ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് സുരേന്ദ്രന്‍ രംഗത്ത് വരികയും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുകയും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുകയും ചെയ്തത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

ഒരു പെറ്റികേസ്സില്‍ പോലും ഉള്‍പ്പെടാത്ത ജനങ്ങള്‍ അധിവസിക്കുന്ന സമാധാനവും സൗഹാര്‍ദവും നിലനില്‍ക്കുന്ന തുരുത്തി പ്രദേശത്തെ കളങ്കപ്പെടുത്താനാണ് ബിജെപി നേതാവ് മുന്നോട്ടു വന്നതെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കേസില്‍ നേരിട്ട് കൊണ്ടിരിക്കുന്ന തിരിച്ചടി മറച്ച് വെക്കാനും നാട്ടില്‍ വര്‍ഗീയ വിഷം ചീറ്റാനുമാണ് ഇത്തരമൊരു പരാതി നല്‍കിയതെന്നും എ. അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.

palli
മിതവാദികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നും അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. രാജ്യത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയില്‍ ചൂരിയില്‍ മദ്രസാധ്യാപകനെ താമസസ്ഥലത്തു കയറി മൃഗീയമായി വെട്ടി കൊലപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കിയത് സുരേന്ദ്രന്റെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ചില പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍ഗോഡും പരിസര പ്രദേശങ്ങളിലും നിലനില്‍ക്കുന്ന സമാധാനന്തരീക്ഷവും മത സൗഹാര്‍ദവും തകര്‍ക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന സുരേന്ദ്രനെ നിയന്ത്രിക്കാന്‍ ബി.ജെ.പി തയ്യാറാവണമെന്നും അല്ലാത്ത പക്ഷമുണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുകള്‍ക്കും ബിജെപിയായിരിക്കും ഉത്തരവാദിയെന്നും അബ്ദുര്‍ റഹ്മാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെയും തീരുന്നില്ല വിവാദങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടപ്പോള്‍ പടക്കം പൊട്ടിക്കുകയും പാക്കിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചെന്നും, ഇങ്ങനെ പ്രവര്‍ത്തിച്ച യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ പരാതി നല്‍കി. പരാതിയിന്‍മേല്‍ അന്വേഷണത്തിനെത്തിയ ബദിയഡുക്ക പൊലീസ് അത്തരമൊരു സംഭവം നടന്ന സാഹചര്യത്തെളിവുകളോ, സാക്ഷി മൊഴികളോ ലഭിക്കാതെ കേസ് റദ്ദാക്കി. എന്നാല്‍
പൊലീസ് നടത്തിയ അന്വഷണത്തില്‍ തെളിവുകള്‍ കിട്ടിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നും, കര്‍ണാടകയില്‍ ജാമ്യമില്ലാത്ത കേസെടുത്തപ്പോള്‍, ഇവിടെ പൊലീസ് അത്തരം കേസുകള്‍ എടുക്കാന്‍ മടി കാണിക്കുന്നുവെന്നും ബി.ജെ.പി രാജേഷ് ഷെട്ടി പറയുന്നു.

ഗാസ സ്ട്രീറ്റ് വിവാദവും, പാക്കിസ്ഥാന് ജയ് വിളിച്ചെന്ന ആരോപണവും ഉയര്‍ന്നത് ഒരേ ആഴ്ചയിലാണ്. തികഞ്ഞ രാജ്യ ദ്രോഹികളുടെ നാടാക്കി കാസര്‍ഗോഡിനെ മാറ്റാനുള്ള സംഘപരിവാറിന്റെ അജണ്ടയ്ക്കാണ് കഴിഞ്ഞ ഒരാഴ്ച ജില്ല സാക്ഷ്യം വഹിച്ചത്. എങ്ങനെയും ജില്ലയെ വര്‍ഗ്ഗീയ ഭൂമിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പലവഴിക്ക് നടത്തുമ്പോഴും ഒന്നും കുറിക്ക് കൊള്ളാതെ പോകുന്നത് ഇവിടുത്തുകാര്‍ സമാധാന കാംക്ഷികളായത് കൊണ്ട്തന്നെയാണ്.

ജാതീയതയുടെ വേരോട്ടം ആഴത്തില്‍ നടന്നിട്ടുണ്ട് ഈ തുളുമണ്ണില്‍. വിശ്വാസങ്ങള്‍ക്കും, ആരാധനയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന തീവ്രമായ മത വിശ്വാസത്തില്‍ ജീവിതം തള്ളി നീക്കുന്നവരാണ് നല്ലൊരു ശതമാനം ജനതയും. എന്നാല്‍ ഒരിക്കല്‍ പോലും മത സ്പര്‍ദ്ദ ആഗ്രഹിക്കുന്നവരല്ല ഇക്കൂട്ടര്‍. നാട്ടില്‍ മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ പള്ളി- അമ്പലക്കമ്മറ്റികള്‍ കിണഞ്ഞ് പരിശ്രമിക്കുന്നത് പലപ്പോഴും പാഴായി തീരാന്‍ കാരണം കപട രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടിപ്പുകേട് തന്നെയാണ്.

Leave a Reply

Your email address will not be published.