വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

തിരുവനന്തപുരം : പുതിയ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വിവരസാങ്കേതിക മേഖലയിലെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കഴിവുകള്‍ നേടിയെത്തുന്നവരായതുകൊണ്ട്, അതിനൊപ്പം നില്‍ക്കാന്‍ നിലവിലെ സ്ഥാപനങ്ങള്‍ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണമെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.

ഫായ : 80 സാങ്കേതിക സമ്മേളന പരമ്പരയുടെ അന്‍പതാം പതിപ്പായി ടെക്നോപാര്‍ക്കില്‍ നടത്തിയ ‘ഡിസ്റപ്റ്റ് കേരള 2017’ സമ്മേളനത്തിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, ഐസിഫോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം.ശിവശങ്കര്‍, ബിറ്റ്കോയിന്‍ കാനഡ സ്ഥാപകന്‍ മൈക്കിള്‍ ഗോര്‍ഡ്, എംബ്രേത് ഇന്നൊവേഷന്‍സ് സഹസ്ഥാപകന്‍ രാഹുല്‍ അലെക്സ് പണിക്കര്‍, കാര്‍മ വെന്‍ചര്‍ സര്‍വീസസ് സിഎംഡി പ്രൊഫ. നന്ദിനി വൈദ്യനാഥന്‍, ഐഐഐടിഎം-കെ അസോഷിയേറ്റ് പ്രൊഫസര്‍ ഡോ. അഷറഫ് എസ് എന്നിവര്‍ പങ്കെടുത്തു. ക്ലാപ് റിസേര്‍ച്ച് സ്ഥാപകന്‍ അനൂപ് അംബിക മോഡറേറ്ററായി.

മാറ്റത്തെ സ്വാഗതം ചെയ്യുമ്പോഴും, മാറ്റത്തിനനുസൃതമായിപരിണമിക്കാനുള്ള കേരളത്തിലെ ഐടി സ്ഥാപനങ്ങളുടെ കഴിവ് Displaying Pic 2.JPGതീവ്രമായി പരീക്ഷിക്കപ്പെടുമെന്ന് എം.ശിവശങ്കര്‍ പറഞ്ഞു. വ്യാവസായിക വിപ്ലവം പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിച്ചതുപോലെ ഈ മാറ്റവും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കും. കേരളം എന്നും മാറ്റവുമായി പൊരുത്തപ്പെടാറുണ്ട്. സമൂഹത്തിനാകെ ഗുണകരമാകുന്ന രീതിയില്‍ മാറ്റത്തെ നയിക്കാനും ഗതി നിര്‍ണയിക്കാനും സാധിക്കണം. ഈ തയ്യാറെടുപ്പ് മറ്റൊരു സമയത്തേക്ക് നീട്ടിവയ്ക്കുന്നവര്‍ പിന്നിലായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൃഷ്ടിപരതയോ സഹാനുഭൂതിയോ ആവശ്യമില്ലാത്ത തൊഴിലുകള്‍ വൈകാതെ യന്ത്രവത്കൃതമാകുമെന്ന് രാഹുല്‍ അലക്സ് പണിക്കര്‍ പറഞ്ഞു. മനുഷ്യചിന്തയ്ക്കനുസരിച്ച് യന്ത്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമത നേടുമ്പോള്‍ ക്ലറിക്കല്‍ ജോലികളിലും, ക്ലിനിക്കല്‍ മെഡിസിനിലും സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗില്‍ പോലും തൊഴിലുകള്‍ യന്ത്രവത്കൃതമാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗശേഷിയും സഹാനുഭൂതിയും ആവശ്യമുള്ള ജോലികള്‍ പോലും ഭാവിയില്‍ ഈ കുത്തൊഴുക്കില്‍ പെട്ടുപോകാമെന്ന് മൈക്കിള്‍ ഗോര്‍ഡ് പറഞ്ഞു. മുന്‍പ് മുഖ്യപ്രഭാഷണത്തിലും ഇതേ വിഷയം സൂചിപ്പിച്ച മൈക്കിള്‍ ഗോര്‍ഡ് പൊതുവില്‍ വിവിധ ജീവനോപാധികള്‍ കാലഹരണപ്പെടുമെന്ന് പ്രവചിച്ചിരുന്നു. ഭാവിയില്‍ സുസ്ഥിരമായ അടിസ്ഥാനവേതനമായിരിക്കും പൊതുതത്വം എന്നും ഗോര്‍ഡ് പറഞ്ഞു.

Displaying Pic 1.JPG

ഡേറ്റാ മാനേജ്മെന്റ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യൂസര്‍ എക്സ്പീരിയന്‍സ്, ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ, മിക്സഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും ശില്‍പ്പശാലകളും ഒരു ദിവസം നീണ്ടുനിന്ന ചര്‍ച്ചാ സമ്മേളനത്തില്‍ നടന്നു. വിവിധ സ്റ്റാര്‍ട്ടപ്പുകളുടേതായി വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, മിക്സഡ് റിയാലിറ്റി, ബയോണിക് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയുടെ തത്സമയ പ്രദര്‍ശനവും നടന്നു. ഐടി മേഖലയിലെ വിദ്യാര്‍ഥികളടക്കം മുന്നൂറ്റന്‍പതോളം പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.