പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള പുതിയ വ്യവസ്ഥകള്‍ പിന്‍വലിക്കണം: ഹമീദ് വാണിയമ്പലം

പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള പുതിയ വ്യവസ്ഥകള്‍ പിന്‍വലിക്കണം: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: വിദേശത്തുവച്ച് മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പുതുതായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിയുള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്ന പുതിയ വ്യസ്ഥ പ്രവാസികളോടുള്ള അവഹേളനമാണ്.

നിലവില്‍ മിക്ക വിദേശ രാജ്യങ്ങളില്‍ നിന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ നാട്ടിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള സാഹചര്യമുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം ഈ പ്രക്രിയ ദിവസങ്ങള്‍ വൈകിപ്പിക്കാന്‍ ഇടവരുത്തും. ചിലരാജ്യങ്ങളില്‍ നിന്ന് എംബാമിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിമാന ടിക്കറ്റ് ഹാജരാക്കണം. ഇതെല്ലാം മരണമടഞ്ഞ പ്രവാസികളുടെ ഉറ്റവരെയും അവരെ അതാത് രാജ്യങ്ങളില്‍ സഹായിക്കുന്ന പ്രവാസി ഇന്ത്യക്കാരായ സന്നദ്ധപ്രവര്‍ത്തകരെയും വട്ടം കറക്കും. രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ നട്ടെല്ലായ പ്രവാസികളെ മരിച്ചാലും വെറുതെ വിടില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം അത്യന്തം അപലപനീയമാണ്. പുതിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വിദേശകാര്യ മന്ത്രാലയത്തിലും സിവില്‍ ഏവിയേഷന്‍ വകുപ്പിനും നിവേദനം സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.