രാജ്യത്തെ ആദ്യത്തെ പലിശരഹിത സഹകരണസ്ഥാപനം യാധാര്‍ഥ്യത്തിലേക്ക്

രാജ്യത്തെ ആദ്യത്തെ പലിശരഹിത സഹകരണസ്ഥാപനം യാധാര്‍ഥ്യത്തിലേക്ക്

കണ്ണൂര്‍: ഇന്ത്യയിലെ ആദ്യത്തെ പലിശ രഹിത സഹകരണ സ്ഥാപനം കണ്ണൂരില്‍ യാധാര്‍ത്ഥ്യമാകാനൊരുങ്ങുന്നു. സി.പി.എം നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഹലാല്‍ ഫായിദ കോഓപ് സൊസൈറ്റിക്ക് നിക്ഷേപസമാഹരണത്തിന് സഹകരണ വകുപ്പിന്റെ അനുമതിയായി.

നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം ജൂലൈ 11ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. മുസ്‌ലിം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സി.പി.എം പലിശരഹിത സൊസൈറ്റി ആരംഭിക്കുന്നത്. സി.പി.എമ്മിന്റെ ന്യൂനപക്ഷ സാംസ്‌കാരിക സമിതി കഴിഞ്ഞ മേയ് 25ന് കണ്ണൂരില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ സെമിനാറിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഒന്നര മാസംകൊണ്ട് സംരംഭത്തിന് അന്തിമരൂപമായി. ഹലാല്‍ ഫായിദ കോഓപ് സൊസൈറ്റിയുടെ ഓഫിസ് ഉള്‍പ്പെടെയുള്ളവ ഉടന്‍ കണ്ണൂരില്‍ തുറക്കും. ഇസ്‌ലാമിക് ബാങ്കുകളുടേതുപോലെ പലിശ പൂര്‍ണമായും ഒഴിവാക്കിയായിരിക്കും പുതിയ സംരംഭവും പ്രവര്‍ത്തിക്കുക. പലിശ ആഗ്രഹിക്കാത്ത ആര്‍ക്കും ഹലാല്‍ ഫായിദ കോഓപ് സൊസൈറ്റിയുടെ ഓഹരിയെടുക്കാം. നിശ്ചിത കാലത്തേക്കുള്ള നിക്ഷേപമായും പണം നല്‍കാം. നിര്‍മ്മാണം, മാംസ സംസ്‌കരണം എന്നീ മേഖലകളിലാവും തുക നിക്ഷേപിക്കുക. ഫാം സൗകര്യം അടക്കമുള്ള മാംസ സംസ്‌കരണ-വിപണനസ്ഥാപനമാണ് സൊസൈറ്റിയുടെ പരിഗണനയിലുള്ള മറ്റൊരു സംരംഭം.

തുടക്കത്തില്‍ കണ്ണൂര്‍ ജില്ലക്കാരായ ആളുകള്‍ക്ക് മാത്രമാണ് സൊസൈറ്റിയില്‍ അംഗത്വമെടുക്കാനാവുക. ഇതിനകം ലഭിച്ച പിന്തുണ പ്രതീക്ഷക്കുമപ്പുറമാണെന്ന് സൊസൈറ്റി ചീഫ് പ്രമോട്ടറും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റുമായ എം. ഷാജര്‍ പറഞ്ഞു. ഒ.വി. മുസ്തഫ, കാത്താണ്ടി റസാഖ്, അബ്ദുല്‍ കരീം, പി.കെ. സാഹിര്‍ തുടങ്ങി 11 പേരാണ് ഹലാല്‍ ഫായിദ കോഓപ് സൊസൈറ്റിയുടെ പ്രമോട്ടര്‍മാര്‍.

Leave a Reply

Your email address will not be published.