കോഴിയിറച്ചി: സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കാന്‍ നീക്കം

കോഴിയിറച്ചി: സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കാന്‍ നീക്കം

തൃശ്ശൂര്‍: തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാരും കേരളത്തിലെ ഏതാനും ഇടനിലക്കാരും ചേര്‍ന്ന് കേരളത്തില്‍ കോഴിയിറച്ചിക്ക് കൃത്രിമക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഉല്‍പ്പാദനം കുറച്ച് ഇറച്ചിക്കോഴിക്ക് വിലക്കയറ്റം നടത്താനാണ് ഇവരുടെ നീക്കം. ഇവരുടെ സമ്മര്‍ദത്തില്‍ കുരുങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കേരളത്തിലെ കോഴിവ്യാപാരികള്‍. കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും മൊത്ത വില്‍പ്പനകേന്ദ്രത്തില്‍നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ചരക്കയക്കുന്നതിന് രണ്ടുവിലയാണ് ഈടാക്കുന്നതെന്ന് കേരളത്തിലെ കോഴിവ്യാപാരികള്‍ പറയുന്നു. കേരളത്തിലെ വ്യാപാരികളില്‍നിന്ന് കൂടിയ വിലയാണ് ഈടാക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള മൊത്തക്കച്ചവടക്കാരനാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരന്‍.

നൂറുരൂപയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേരളത്തിലെ കോഴിവ്യാപാരികള്‍. നൂറു രൂപയ്ക്ക് വില്‍ക്കാനാകുമെങ്കില്‍ നിലവില്‍ എന്തിന് 140 രൂപയിലധികം ഈടാക്കുന്നുവെന്ന് വ്യക്തമാക്കാന്‍ വ്യാപാരികള്‍ക്കാകുന്നില്ല. ജിഎസ്ടി നിലവില്‍വരുന്നതിനുമുമ്പ് കോഴിക്ക് നികുതിയുണ്ടായിരുന്ന ഏക സംസ്ഥാനമാണ് കേരളം. 14.5 ശതമാനമായിരുന്നു നികുതിനിരക്ക്. ജിഎസ്ടി നിലവില്‍വന്നതോടെ നികുതി ഇല്ലാതായി. നികുതി ഇല്ലാതായതോടെ വില കുറയുന്നതിനുപകരം വര്‍ധിച്ചു. ജൂണ്‍ 30ന് 133 രൂപയായിരുന്നു ഇറച്ചിക്കോഴിക്ക് ചില്ലറവില്‍പ്പന വില. ഇതില്‍ 19.28 രൂപ നികുതിയായിരുന്നു. ജൂലൈ ഒന്നിന് നികുതി ഇല്ലാതായപ്പോള്‍ വില നാലുരൂപ കൂട്ടി 137 രൂപയാക്കി.

ജൂലൈ ആറിന് വില 147 വരെയെത്തി. ശനിയാഴ്ച 140 രൂപയ്ക്കാണ് ഇറച്ചിക്കോഴിവില്‍പ്പന നടത്തിയത്. എന്നാല്‍, തമിഴ്‌നാട്ടില്‍നിന്ന് 110 രൂപയ്ക്കാണ് കേരളത്തിലേക്ക് കോഴിയെത്തുന്നതെന്ന് കോഴിവ്യാപാരികള്‍ പറയുന്നു. ചില്ലറവില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ഒരു കോഴിക്ക് പത്തു രൂപയോളം ചെലവുവരുമെന്നും അതിനാല്‍ സര്‍ക്കാര്‍വാദം അംഗീകരിക്കാനാകില്ലെന്നുമാണ് ഇവരുടെ നിലപാട്. അതേസമയം, തമിഴ്‌നാട്ടിലെ മൊത്തവില 110 രൂപ എന്നത് പെരുപ്പിച്ച കണക്കാണെന്നാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കടകളടച്ചിട്ടുള്ള സമരം ഏറെയൊന്നും മുന്നോട്ടുപോകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ ദിവസേന പത്തുലക്ഷത്തോളം കോഴികളെ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വില്‍പ്പന നിര്‍ത്തിയാല്‍ തമിഴ്‌നാട്ടിലെ കോഴിവ്യാപാരം തകരും.

അതേസമയം, ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന്റെ മറവില്‍ അമിതലാഭം ഈടാക്കുന്നതിന് കടയടപ്പുള്‍പ്പെടെയുള്ള സമ്മര്‍ദതന്ത്രങ്ങള്‍ വ്യാപാരിസംഘടന തുടരുകയാണ്. ജൂലൈ ഒന്നിനുമുമ്പ് സ്റ്റോക്ക് എടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുന്നതുസംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നും അതിനാല്‍ പഴയ നികുതിനിരക്കില്‍ കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപനസമിതി നസിറുദീന്‍ വിഭാഗം കടയടപ്പുസമരം നടത്തുന്നത്.

ജൂലൈയിലെ വില്‍പ്പനയുടെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സെപ്തംബര്‍ പത്തുവരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുമുമ്പായി ചര്‍ച്ചകളിലൂടെ ഇന്‍പുട്ട് ക്രെഡിറ്റുസംബന്ധിച്ച് വ്യക്തത വരുത്താമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് ചെവിക്കൊള്ളാന്‍ വ്യാപാരികള്‍ തയ്യാറായിട്ടില്ല. ജിഎസ്ടിയിലെ നികുതിയിളവിന്റെ ഗുണം സാധാരണജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍നിലപാട്. അതിനാല്‍, എംആര്‍പിയേക്കാള്‍ കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വിറ്റാല്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Leave a Reply

Your email address will not be published.