അമര്‍ത്യാസെന്നായാലും ശരി, പശുവിനെക്കുറിച്ച് മിണ്ടരുത്….

അമര്‍ത്യാസെന്നായാലും ശരി, പശുവിനെക്കുറിച്ച് മിണ്ടരുത്….

കല്‍ക്കട്ട: നോബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന്റെ ജീവിത വീക്ഷണങ്ങളെ മുന്‍നിര്‍ത്തി സുമന്‍ ഘോഷ് സംവിധാനം ചെയ്യുന്ന ‘ ദി ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍’ ഡോക്യുമെന്ററിക്കുമേലും സെന്‍സര്‍ബോര്‍ഡിന്റെ കത്രിക.

ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്ന നാലു സാധരണ വാക്കുക്കള്‍ക്കാണ് സെന്‍സര്‍ബോര്‍ഡിന്റെ കത്രിക. ഇതില്‍ തന്നെ ‘പശു’ എന്ന വാക്ക് വരെ ബീപ് ശബ്ദം ഇട്ടു മായ്ച്ചിരിക്കുകയാണ്. ഗുജറാത്ത്, ഹിന്ദു ഇന്ത്യ, ഹിന്ദുത്വ വ്യു ഓഫ് ഇന്ത്യ എന്നിവയാണ് ബീപ് ശബ്ദം ഇട്ടു മറച്ച മറ്റു വാക്കുകള്‍.

സെന്‍സര്‍ ബോര്‍ഡ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതിനു പിന്നില്‍ തികഞ്ഞ അസഹിഷ്ണുതയാണെന്ന് സംവിധായകന്‍ വ്യക്തമാക്കി. ബോര്‍ഡിന്റെ ഈ പ്രവൃത്തിയിലൂടെ ഡോക്യുമെന്ററിയുടെ കാലികപ്രസക്തി കൂടുതല്‍ വ്യക്തമാവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതോടൊപ്പം,വാക്കുകള്‍ക്ക് പകരം ബീപ് ശ്ബ്ദം ഇടുന്നത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും സുമന്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു.

2002ലും 2017ലുമായി പൂര്‍ത്തിയായ ‘ദി ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍’ ഡോക്യുമെന്ററിയില്‍ അമര്‍ത്യസെന്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ ക്ലാസ് എടുക്കുന്ന ഭാഗത്താണ് ഗുജറാത്ത് എന്ന വാക്കു കടന്നു വരുന്നത്. ജനാധിപത്യത്തെ പരാമര്‍ശിക്കുന്ന വേളയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും ഗുജറാത്തിനെ അടയാളപ്പെടുത്തുകയെന്നാണ് പറയുന്നത്. ഇതാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിക്കുന്നത്. കൂടാതെ പശു എന്നു പരാമര്‍ശിക്കുന്നത് ഈ തരത്തിലാണ്, ‘നമുക്ക് വ്യക്തമായൊരു കാഴ്ച്ചപ്പാടുണ്ട്. വളരെ വ്യക്തമായ രീതിയില്‍ നമ്മളതിനെ കൂട്ടിയോജിപ്പിച്ചു പോകുന്നുണ്ട്. എന്നാല്‍ പശു, അതുപോലെ മറ്റെന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് മനുഷ്യരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെ ആ കാര്യം പറഞ്ഞ് എതിര്‍ക്കുന്നു.’ ഇത്തരത്തില്‍ ‘പശു’ എന്ന പരാമര്‍ശം വന്നതിനു പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് അത് നീക്കം ചെയ്യാന്‍ മുതിര്‍ന്നത്.

Leave a Reply

Your email address will not be published.