നല്ല വെള്ളം വേണം നല്ല വായു വേണം നന്മയുടെ പാട്ടുകാര്‍ നാടുണര്‍ത്തി പാടി

നല്ല വെള്ളം വേണം നല്ല വായു വേണം നന്മയുടെ പാട്ടുകാര്‍ നാടുണര്‍ത്തി പാടി

പിലിക്കോട്: നല്ല വായു വേണം നല്ല വെള്ളം വേണം നല്ല നെല്ല് കതിരിടുന്ന നല്ല വയല്‍ വേണം…. ഇവയെല്ലാം നാളെയുടെ തലമുറയുടെ ജന്മാവകാശമാണെന്ന് വിളംബരം ചെയ്ത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും അവര്‍ പാട്ടുപാടി. അച്ഛനും മുത്തച്ഛനും പഠിച്ച സര്‍ക്കാര്‍ വിദ്യാലയത്തെ ഉപേക്ഷിച്ച് മക്കളെ പൊങ്ങച്ചവിദ്യാലയങ്ങളിലയക്കുന്നതിനെ തുറന്നുകാട്ടി. എല്ലാവര്‍ക്കും വീടും ആരോഗ്യപ്രദമായജീവിതവും കരുണാര്‍ദ്രമായ മനസ്സും ഹരിതകേരളവും യാഥാര്‍ഥ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് സംഘടിപ്പിച്ച കലാസംഘമാണ് ജില്ലയില്‍ ഉണര്‍ത്തു പാട്ടുകാരായത്. തിരുവന്തപുരത്ത് നിന്നും ജൂണ്‍ നാലിന് പര്യടനമാരംഭിച്ച വികസന പ്രദര്‍ശന വാഹനത്തോടൊപ്പമാണ് പ്രശസ്ത നാടന്‍ പാട്ടുകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിനോടൊപ്പമുള്ള കലാസംഘം പരിപാടികള്‍ അവതരിപ്പിക്കുന്നത്. സംഘത്തില്‍ അഖില്‍ദാസ്, വിജില്‍ ഇടക്കാട്, ജ്യോതിലക്ഷ്മി, വിജയലക്ഷ്മി ജിഷ്ണു, രതീഷ് എന്നിവരും അംഗങ്ങളാണ്.

Displaying DSC_5752.JPG

വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സഞ്ചരിക്കുന്ന പ്രദര്‍ശന പര്യടനം ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ദാമോദരന്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എന്‍ രവീന്ദ്രന്‍ പി.ആര്‍ രാജീവന്‍, ടി.പി ഗീത, ശാന്ത, ഓമന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലീന, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും അസിസ്റ്റന്റ എഡിറ്റര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു. ചെറുവത്തൂര്‍ ബസ് സ്റ്റാന്റ പരിസരത്ത് നല്‍കിയ സ്വീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. ചീമേനി, ചായ്യോത്ത് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ നീലേശ്വരത്ത് ആദ്യ ദിവസത്ത പര്യടനം സമാപിച്ചു. ഇന്ന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ പരിസരത്ത് നിന്നാരംഭിക്കുന്ന ജാഥ വിവിധകേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കാസര്‍കോട് സമാപിക്കും.

Displaying DSC_5772.JPG

Leave a Reply

Your email address will not be published.