ഡല്‍ഹിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുഖ്യധാരാ സമൂഹത്തില്‍ ട്രാന്‍സ് ജെന്റര്‍ സമൂഹം കൂടി കടന്നുവരുന്നതിന്റെ തെളിവുകള്‍ കണ്ടുതുടങ്ങി. ട്രാന്‍സ്ജന്റെര്‍ വിഭാഗത്തോടുള്ള സമൂഹത്തിന്റെ കടുത്ത എതിര്‍പ്പുകളില്‍ അയവു വരുന്നതിനാലാണ് കൂടുതല്‍ പേര്‍ ശസ്ത്രക്രിയക്ക് തയാറാകുന്നത്. ഡല്‍ഹി ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്.

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഷത്തില്‍ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയാണ് ഉണ്ടാകാറെങ്കില്‍ ഇപ്പോള്‍ മാസത്തില്‍ മുന്നും നാലും പേര്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ എത്താറുണ്ടെന്ന് സന്റെര്‍ ഡല്‍ഹി ലോക് നായിക് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. പി.എസ് ഭണ്ഡാരി പറയുന്നു. നിലവില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ അഞ്ചുപേരാണ്. അതില്‍ രണ്ട് എഞ്ചിനീയര്‍ വിദ്യാര്‍ഥികളും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. ഇതില്‍ അത്ഭുതപ്പെടാനില്ലെന്ന് ആശുപത്രിയിലെ കന്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. രാജീവ് മേത്ത പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പൂര്‍വസ്ഥിതിയിലെത്താന്‍ സാധിക്കില്ല. അതിനാല്‍ ഇത്തരം ആവശ്യക്കാരോട് ആദ്യം പുരുഷനോ സ്ത്രീയോ ആയി അഞ്ചാറുമാസം ജീവിക്കാന്‍ പറയും. അതിനു ശേഷം മാത്രമേ ശസ്ത്രക്രിയ നടത്തൂവെന്ന് ഡോക്ടര്‍മാര്‍ വിവരിക്കുന്നു.

സമൂഹത്തില്‍ സ്വീകാര്യതയും പിന്തുണയും ലഭിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വ്യാപകമാകുകയും ചെയ്തതോടെയാണ് ആളുകള്‍ ശസ്ത്രക്രിയക്കായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ ചെയ്തു കിട്ടുന്നതിനായി ആളുകള്‍ വരി നില്‍ക്കുകയാണ്. വന്‍ തുക ചെലവ് വരുന്ന ശസ്ത്രക്രിയയായതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആളുകള്‍ കൂടുതല്‍ സമീപിക്കുന്നത്.

Leave a Reply

Your email address will not be published.