ലോകാവസാനവും അതിജീവിക്കുന്നൊരു ജീവിയോ?

ലോകാവസാനവും അതിജീവിക്കുന്നൊരു ജീവിയോ?

പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ കൂടാരവും കെട്ടി പാട്ടുംപാടി സര്‍ക്കസുമായി പല സംഘങ്ങളുമെത്താറുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരു ‘അതിമാനുഷ’നുമുണ്ടാകും. പുള്ളിക്കാരന്‍ ഉറങ്ങുക പൊട്ടിയ ചില്ലുകുപ്പികളുടെ പുറത്തായിരിക്കും, നടക്കുന്നതും അതില്‍ത്തന്നെ, വിശന്നാല്‍ ട്യൂബ്ലൈറ്റ് തല്ലിപ്പൊട്ടിച്ച് തിന്നും, ആ ട്യൂബ്ലൈറ്റ് തലയിലടിച്ചു പൊട്ടിച്ചാലും യാതൊരു കുഴപ്പവുമില്ല, ഇടയ്ക്കിടെ ആണിയും പെറുക്കിത്തിന്നും, ഒരു തുള്ളി വെള്ളം പോലും കുടിക്കുകയുമില്ല…ഇതെന്തു മനുഷ്യനെന്ന് ആരായാലും അദ്ഭുതപ്പെട്ടു പോകും. അത്തരത്തില്‍ ജീവലോകത്തെ ‘അതിമാനുഷ’നെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. അതായത് ലോകാവസാനം വന്ന് ഭൂമിയിലെ സര്‍വരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാള്‍ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ജീവി!

ഇതിനു പക്ഷേ മനുഷ്യന്റെയത്ര വലുപ്പമൊന്നുമില്ല. മനുഷ്യന്റെ തലയില്‍ കാണുന്ന കുഞ്ഞന്‍പേനിന്റെയത്ര പോലുമില്ല വലുപ്പം. പേനിന് സാധാരണ 0.25 0.3 സെ.മീ വരെ വലുപ്പം കാണും. പക്ഷേ ‘ടാര്‍ഡിഗ്രേഡ്’ അഥവാ ജലക്കരടി എന്നുവിളിക്കുന്ന ഈ സൂക്ഷ്മജീവികള്‍ക്ക് 0.5 മില്ലിമീറ്ററേയുള്ളൂ നീളം! എട്ടുകാലും കരടിയുടെ രൂപവുമുള്ളതിനാലാണ് ‘ജലക്കരടി’ എന്ന പേര്. പായലു പിടിച്ച പന്നിക്കുട്ടിയെപ്പോലെയിരിക്കുന്നതിനാല്‍ moss piglet എന്നുമുണ്ട് വിളിപ്പേര്. മൈനസ് 450 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയിലും ഏതാനും മിനിറ്റു നേരം കൂടി പിടിച്ചു നില്‍ക്കും ടാര്‍ഡിഗ്രേഡ്. ഇനി ചൂട് 302 ഡിഗ്രി വരെ കൂടിയാലും പ്രശ്‌നമില്ല. മൈനസ് നാല് ഡിഗ്രി തണുപ്പില്‍ ദശകങ്ങളോളം ജീവിക്കും ഇവ. പക്ഷേ മനുഷ്യനോ? ഈ തണുപ്പില്‍ 10 മണിക്കൂറിനപ്പുറത്തേക്ക് ജീവനോടെ പോകാന്‍ കഴിയില്ല!

ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംതണുപ്പിലും ചൂടിലും 30 വര്‍ഷം വരെ കഴിയാനാകും ജലക്കരടികള്‍ക്ക്. അന്റാര്‍ട്ടിക്കയില്‍ നിന്ന് അത്തരം രണ്ട് ജലക്കരടികളെ ലഭിച്ചതുമാണ്. ബഹിരാകാശത്തെ റേഡിയേഷനുകളെപ്പോലും ഇവ അതിജീവിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഗ്രേ യൂണിറ്റ് വരുന്ന റേഡിയേഷന്‍ അടിച്ചാലും ഇവ ചാകില്ല. 10 ഗ്രേ(Gy) റേഡിയേഷന്‍ അടിച്ചാല്‍ത്തന്നെ മനുഷ്യന്റെ പണി തീരുമെന്നോര്‍ക്കണം! ആയിരത്തിലേറെ സ്പീഷീസ് ടാര്‍ഡിഗ്രേഡുകളുണ്ട്. കരയിലും വെള്ളത്തിലും അഗ്‌നിപര്‍വതങ്ങളിലും മഞ്ഞുമലകളിലുമൊക്കെ ഇവയെ കാണാം.

മരണത്തിനു തൊട്ടടുത്തു വരെയെത്തുന്ന ‘ക്രിപ്‌റ്റോബയോസിസ്’ എന്ന അവസ്ഥയില്‍ നിലനില്‍ക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. ഈ അവസ്ഥയില്‍ ഇവയുടെ ഉപാപചയ പ്രവര്‍ത്തനം തിരിച്ചറിയാന്‍ പോലുമാകാത്ത നിലയിലേക്ക് താഴും. ശരീരം ചുരുങ്ങും, ശരീരത്തിലെ ജലാംശത്തിലെ അളവ് മൂന്നു ശതമാനത്തിലേക്കു താഴും. ഫലത്തില്‍ നിര്‍ജലീകരണാവസ്ഥയിലെത്തും. ജീവിതത്തിലും മരണത്തിനുമിടയിലുള്ള ഈ ‘മൂന്നാം അവസ്ഥ’യെപ്പറ്റിയാണ് ഗവേഷകര്‍ പഠിക്കുന്നത്. ഒപ്പം ഇത്തരം അവസ്ഥകളില്‍ ചിതറിപ്പോകുന്ന ഇവയുടെ ഡിഎന്‍എയുടെ ഘടനയെപ്പറ്റിയും. ജീവിക്കാനുള്ള സാഹചര്യങ്ങളിലേക്കെത്തുമ്പോള്‍ ഡിഎന്‍എയും വീണ്ടും കൂടിച്ചേരുകയാണു പതിവ്.

മാരകമായ റേഡിയേഷനുകളില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്ന പ്രത്യേകതരം പ്രോട്ടീനുകളും ഇവയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് എങ്ങനെയാണ് സൂക്ഷ്മജീവന്റെ ഉല്‍പത്തിയുണ്ടായെന്നതു സംബന്ധിച്ചും മറ്റു ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെപ്പറ്റിയുമുള്ള പഠനങ്ങളിലേക്കും വെളിച്ചം വീശും ടാര്‍ഡിഗ്രേഡുകളെപ്പറ്റിയുള്ള കൂടുതല്‍ അറിവ്. അങ്ങനെ നോക്കുമ്പോള്‍ വിദൂരഗ്രഹങ്ങളില്‍ പലതിലും ജലക്കരടികളെപ്പോലെ സൂക്ഷ്മജീവികള്‍ നിദ്രയിലാണ്ടു കിടപ്പുണ്ടാകുമെന്നു പോലും നമുക്ക് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published.