മലയാളത്തിന്റെ മഞ്ജു പുരസ്‌കാരത്തിളക്കത്തിലാണ്

മലയാളത്തിന്റെ മഞ്ജു പുരസ്‌കാരത്തിളക്കത്തിലാണ്

ന്യൂയോര്‍ക്ക്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതി ജാമ്യം നിഷേധിക്കപ്പെട്ടു തടവില്‍ കഴിയുമ്പോള്‍ മുന്‍ ഭാര്യ മഞ്ജു പുരസ്‌കാരത്തിളക്കത്തിന്റെ ആഘോഷത്തില്‍. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് (എന്‍.എ.എഫ്.എ) ന്റെ രണ്ടാം എഡിഷന്‍ പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടിയായിരുന്നു മഞ്ജു. നടന്‍ നിവിന്‍ പോളിയെയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. ശനിയാഴ്ച ബ്രോണ്‍കസ് ലേമാന്‍ കോളജിലായിരുന്നു ചടങ്ങുകള്‍.

നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം നിഷേധിക്കുന്ന തരത്തിലായിരുന്നു മഞ്ജു ചുവപ്പും വെള്ളയും കലര്‍ന്ന പോള്‍ക്ക സാരിയില്‍ വേദിയിലെത്തിയത്. മഞ്ജുവും നിവിനും വേദിയില്‍ ആവേശമായപ്പോള്‍, അന്തരിച്ച രാജേഷ് പിള്ളയെയും ഓര്‍ക്കാന്‍ അവര്‍ മറന്നില്ല. പുരസ്‌കാരം അവര്‍ രാജേഷ് പിള്ളയ്ക്കു സമര്‍പ്പിച്ചു.

നിങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അമേരിക്കന്‍ മലയാളികളില്‍നിന്നും മികച്ച ബഹുമതിയാണു ലഭിച്ചതെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തികള്‍ മറികടന്നു പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നവരുടെ അനുമോദനം വിലമതിക്കാനാകാത്തതാണെന്നും അവര്‍ പറഞ്ഞു. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് എനിക്ക് പുരസ്‌കാരം ലഭിച്ചത്. ഈ രണ്ടു പ്രോജക്ടുകളിലും എനിക്കൊപ്പം പരിശ്രമിച്ച എല്ലാവരെയും ഈയവസരത്തില്‍ ഓര്‍ക്കുന്നു. പുരസ്‌കാരം വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ളയ്ക്കു സമര്‍പ്പിക്കുന്നെന്നും മഞ്ജു പറഞ്ഞു.

‘ഞാന്‍ ഒരിക്കലും കരുതിയില്ല ഇവിടെയെത്താനാകുമെന്ന്. അത്രയധികം മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നെന്നും മഞ്ജു പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവിനെ കേരള പോലീസ് ചോദ്യം ചെയ്തിരുന്നു. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. തുടര്‍ന്ന് ഏറെനാള്‍ മഞ്ജുവിനെക്കുറിച്ചു വിവരങ്ങളില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കു വിദേശ യാത്ര നടത്താനാകില്ലെന്നും വാര്‍ത്തകള്‍ വന്നത്.

Leave a Reply

Your email address will not be published.