പാക്കിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു

പാക്കിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അയോഗ്യനെന്ന് സുപ്രീം കോടതി. പാനമ അഴിമതിക്കേസിലാണ് ശരീഫിനെ കോടതി അയോഗ്യനാക്കിയത്. ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഏകകണ്ഠമായി വിധി പുറപ്പെടുവിച്ചത്. പാനമ അഴിമതിക്കേസില്‍ ശരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി പദം ഒഴിഞ്ഞു.

പാര്‍ലമന്റെിനെയും കോടതിയേയും വഞ്ചിച്ച ശരീഫ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പറഞ്ഞ കോടതി ശരീഫിന്റെ കുടുംബം അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം ശരിവെച്ചു. ശരീഫിന്റെ മകള്‍ മറിയം, മകന്‍ ഹുസൈന്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശരീഫിനും കുടുംബത്തിനുമെതിരെ ക്രിമിനല്‍ കേസെടുത്ത് വിചാരണ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ശരീഫിനെതിരെ അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി ശേഖരിച്ച രേഖകള്‍ ആറ് ആഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നവാസ് ശരീഫിന്റെ നിയമസഭാ സീറ്റ് റദ്ദാക്കാനും കോടതി തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ദുബൈയിലെ കാപിറ്റല്‍ എഫ്.ഇസഡ്.ഇ കമ്പനിയില്‍ ശരീഫിന് പങ്കുള്ള കാര്യം നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹം സത്യസന്ധനല്ലെന്നും നിരീക്ഷിച്ചാണ് സീറ്റ് റദ്ദാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. 1990കളില്‍ ശരീഫ് നടത്തിയ അഴിമതിക്കഥകളാണ് പാനമ രേഖകളിലൂടെ പുറത്തു വന്നത്. രണ്ടുതവണ പ്രധാനമന്ത്രി പദം വഹിച്ച കാലത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനായി ലണ്ടനില്‍ സമ്പത്ത് വാങ്ങിക്കൂട്ടിയെന്ന് അഴിമതി ആരോപണത്തില്‍ പറയുന്നു. നാല് ആഡംബര ഫ്‌ലാറ്റുകളും ലണ്ടനില്‍ ശരീഫിനുണ്ട്.

ശരീഫിനെതിരെ കേസെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് വിധി വന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് ശരീഫിന്റെ ലണ്ടനിലെ സ്വത്തുക്കള്‍ പരിശോധിക്കാന്‍ കഴിഞ്ഞ മെയില്‍ സുപ്രീം കോടതി സംയുക്ത അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം പത്തിന് സമിതി 10 വാല്യങ്ങളുള്ള റിപ്പേര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശരീഫിന്റെ മകള്‍ മറിയം വ്യാജരേഖകള്‍ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published.