കൃഷിവകുപ്പ് അഴിമതി: അന്വേഷണം നടക്കുന്നത് 11 കേസുകളില്‍

കൃഷിവകുപ്പ് അഴിമതി: അന്വേഷണം നടക്കുന്നത് 11 കേസുകളില്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൃഷിവകുപ്പില്‍ നടന്ന അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നത് 11 കേസുകളില്‍. ഏതാണ്ട് 75 കേസുകളിലാണ് വുകുപ്പുതല അന്വേഷണം നടക്കുന്നത്. തൃശൂരിലെ കൃഷി ഓഫിസര്‍ പുരുഷോത്തമന്‍ ജൈവവളം വാങ്ങാന്‍ കൃത്രിമമായി ടെന്‍ഡര്‍ രേഖകള്‍ ഉണ്ടാക്കി പണംതട്ടിയതാണ് ആദ്യകേസ്. കോട്ടയത്തെ കൂട്ടിക്കല്‍ കൃഷിഭവനില്‍ വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ഓഫിസര്‍ മുത്തുസ്വാമിയെയും അസിസ്റ്റന്റ് പി.എം. റഷീദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് അഗളി കൃഷിഭവനിലെ ഓഫിസറായ വെങ്കിടേശ്വര ബാബു പലിശത്തുക തിരികെ നല്‍കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിലും അന്വേഷണം നടക്കുകയാണ്.

പാലക്കാട് കണ്ണാടി വില്ലേജില്‍ അനധികൃതമായി നിലം നികത്തുന്നതിന് സഹായം നല്‍കിയ ഓഫിസര്‍ പത്മജാ പ്രഭാകറിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അടാട്ട് കൃഷിഭവന്‍ പരിധിയില്‍ ചട്ടവിരുദ്ധമായി കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ കേസിലും അന്വേഷണം ഉണ്ട്. വയനാട് 2011ല്‍ ഓണച്ചന്തയില്‍ പച്ചക്കറി വാങ്ങിയതില്‍ അഴിമതി നടത്തിയ മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.പി. വിക്രമന്‍. പാലക്കാട് പുതുപ്പരിയാരം കൃഷിഭവനില്‍ കേരശ്രീ പദ്ധതി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ഓഫിസര്‍ ജ്യോതി ലക്ഷ്മി പെരുമാള്‍, അഞ്ചല്‍ പഞ്ചായത്തിലെ ആനപ്പുഴയ്ക്കല്‍ വാട്ടര്‍ഷെഡ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളില്‍ ഓഫിസര്‍ ആര്‍. ജയശ്രീ, എം.എസ്. സുരേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീലത കുഞ്ഞമ്മ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണമുണ്ട്.

സൂനാമി സ്‌പെഷല്‍ പാക്കേജ് പ്രകാരം വീട് നിര്‍മിച്ചതില്‍ ക്രമക്കേട് നടത്തിയ ആറാട്ടുപുഴ മുന്‍ കൃഷി അസിസ്റ്റന്റ് എസ്. ജയനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ വാടാനപ്പള്ളി കൃഷി ഓഫിസറായിരുന്ന മുര്‍ഷിദുല്‍ ജന്നത്ത് രാജ് 2012-13ലും 2015-16ലും കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള വളം ക്വട്ടേഷന്‍ ക്ഷണിക്കാതെ താല്‍പര്യമുള്ളവര്‍ക്ക് വിതരണാവകാശം നല്‍കിയതില്‍ ക്രമക്കേട് നടന്നെന്ന് പരാതി ഉയര്‍ന്നു. അതോടൊപ്പം ഗുണഭോക്താവല്ലാത്ത വ്യക്തിയുമായി ചേര്‍ന്ന് രാത്രിയില്‍ വളം ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത് പിടിച്ചു. ഓഫിസര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ജൈവവളം വാങ്ങുന്നതിലുള്ള നടപടികളെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലും ഇതേ ഓഫിസര്‍ അന്വേഷണം നേരിടുകയാണ്. കൃഷിവകുപ്പില്‍ അരങ്ങേറിയ വന്‍ അഴിമതിയില്‍ ചിലതുമാത്രമാണിത്.

Leave a Reply

Your email address will not be published.