മകള്‍ വേണ്ട:പെണ്‍കുഞ്ഞിനെ തലക്കടിച്ച് കൊന്ന പിതാവ് അറസ്റ്റില്‍

മകള്‍ വേണ്ട:പെണ്‍കുഞ്ഞിനെ തലക്കടിച്ച് കൊന്ന പിതാവ് അറസ്റ്റില്‍

ചെറുതോണി: നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഭാര്യയ്ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രചരിപ്പിച്ച് കുറ്റം ഇവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം തെളിയുകയായിരുന്നു. മരിയാപുരം പൂതക്കുഴിയില്‍ അനിലാ (41)ണ് മകള്‍ അനാമികയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. കുഞ്ഞിനെ ഇയാള്‍ കൊലപ്പെടുത്തിയത് തല ശക്തമായി മരക്കതകില്‍ ഇടുപ്പിച്ചായിരുന്നു. അതിന് ശേഷം ഭാര്യയെ പ്രതിയാക്കി തിരക്കഥ മെനഞ്ഞു

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച െവെകിട്ട് 5.30-ന് ഭാര്യ ഗ്രീഷ്മയുമായി വഴക്കുണ്ടാക്കിയ അനില്‍ തുടര്‍ന്ന് ഇടുക്കി ജംഗ്ഷനിലേയ്ക്ക് പോയി. പണി കഴിഞ്ഞ് വന്നപ്പോള്‍ കാപ്പി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു വഴക്ക്. പിന്നിട് 7 മണിയോടു കൂടി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഗ്രീഷ്മ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ഈ സമയം കാപ്പി ആവശ്യപ്പെട്ട അനിലിനോട് ഗ്രീഷ്മ കുഞ്ഞിന്റെ കരച്ചില്‍ മാറട്ടെയെന്ന് പറഞ്ഞതോടു കൂടി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയ ശേഷം അടുക്കളയിലേക്ക് പോയ ഭാര്യയുമായി അനില്‍ വഴക്ക് തുടര്‍ന്നു. ഗ്രീഷ്മയോട് വീട്ടില്‍ നിന്നും ഇറങ്ങി പോകുവാനും അനില്‍ ആവശ്യപ്പെട്ടു. ഇതോടെ ഗ്രീഷ്മ ഇറങ്ങിപ്പോയി. ഈ സമയം തൊട്ടിലില്‍ കിടന്ന കുഞ്ഞ് കരഞ്ഞു. ആദ്യം അനില്‍ തൊട്ടില്‍ ആട്ടിയെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കൂടി. ദേഷ്യം വന്ന അനില്‍ തൊട്ടിലില്‍ നിന്നും കുഞ്ഞിനെ എടുക്കുവാന്‍ ശ്രമിച്ചെങ്കിലും കാല്‍ത്തള തൊട്ടിലില്‍ ഉടക്കി. ഇതില്‍ കലിപൂണ്ട ഇയാള്‍ കുഞ്ഞിനെ തൊട്ടിലിലേക്ക് തിരികെ ഇട്ട ശേഷം തൊട്ടില്‍ ശക്തിയായി മരക്കതകിന്റെ പാളിയില്‍ ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ, ആഘാതത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടല്‍ വീണു.

തുടര്‍ന്നിങ്ങോട്ട് അനിലിന്റെ തിരക്കഥയായിരുന്നു അരങ്ങേറിയത്. ചെവിയിലൂടെ രക്തം ഒലിച്ചിറങ്ങിയ കുഞ്ഞുമായി ഇയാള്‍ ബന്ധുക്കളെയും കൂട്ടി ഇടുക്കി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തി. എന്നാല്‍ ഇവിടെ വച്ച് കുട്ടി മരിച്ചു. താന്‍ പുറത്തേയ്ക്ക് പോയ സമയം ഗ്രീഷ്മ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

പഞ്ചായത്തിലെ സ്വീപ്പറായ ഭാര്യയ്ക്ക് ജോലിക്കു പോകുന്നതിന് തടസമായതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നും മുന്‍പ് രണ്ട് പ്രാവശ്യം കുഞ്ഞിനെ അപായപ്പെടുത്താന്‍ ഭാര്യ ശ്രമിച്ചിരുന്നതായും ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ഇയാള്‍ സമര്‍ത്ഥിക്കുകയാരുന്നു. ഇതേ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയത്. എന്നാല്‍ ഗ്രീഷ്മയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ഇരുവരുടേയും രണ്ടാമത്തെ വിവാഹബന്ധമാണിത്. പെണ്‍കുഞ്ഞ് പിറന്നതില്‍ അനിലിന് ദേഷ്യമുണ്ടായിരുന്നു. പലപ്പോഴും കുഞ്ഞിനെ എവിടെങ്കിലും കൊണ്ടുപോയി കളയാന്‍ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിച്ചന്‍ ജോസഫ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇതേത്തുടര്‍ന്ന് പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം അറസ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published.