കൊളസ്‌ട്രോളും കറിവേപ്പിലയും തമ്മില്‍…

കൊളസ്‌ട്രോളും കറിവേപ്പിലയും തമ്മില്‍…

കറിവേപ്പില നമ്മുടെ അടുക്കളയുടെ ഭാഗമായിട്ടു കാലമേറെയായി. നമ്മുടെ ഭക്ഷണക്രമത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവം. കറിവേപ്പില ചേര്‍ക്കാത്ത ഒരു കറി നമുക്കുണ്ടോ? സുഗന്ധംകൊണ്ടും ഔഷധ ഗുണംകൊണ്ടും രുചികൊണ്ടും കറിവേപ്പിലയോളം പ്രാധാന്യമുള്ള മറ്റൊന്നുണ്ടോ എന്ന് സംശയമാണ്.

ആഹാരവസ്തു എന്ന നിലയില്‍ കറിവേപ്പിലയുടെ പ്രസക്തി ഏറെയാണ്. ഭക്ഷ്യലോകത്ത് കറിവേപ്പിലയുടെ അപാരമായ ശക്തി അതിന് മാജിക് ലീവ്‌സ് എന്ന ഓമനപ്പേരാണ് സമ്മാനിച്ചത്. പോഷകാഹാരം എന്ന നിലയില്‍ ഏറെ പ്രാധാന്യമുണ്ട് കറിവേപ്പിലയ്ക്ക്. നൂറു ഗ്രാം കറിവേപ്പിലയില്‍ 6 ഗ്രാം മാംസ്യം, 19 ഗ്രാം അന്നജം, 6.5 ഗ്രാം നാര്, ഒരു ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ എ, ബി, സി എന്നിവയുമുണ്ട്. ഏതാണ്ട് 100 കലോറി ഊര്‍ജവും ഇത്രയും കറിവേപ്പിലയില്‍ നിന്ന് ലഭിക്കും.

ഒരു ഭക്ഷ്യവസ്തു എന്ന നിലയില്‍ ഇതിന്റെ ഗുണം മാത്രമല്ല മണവും നമ്മുടെ തീന്‍മേശകളെ കീഴടക്കിയിട്ടുണ്ട്. കറിവേപ്പില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ഗുര്‍ജുനീന്‍, ബീറ്റ കാരിയോഫിലീന്‍, ബീറ്റ എലിമീന്‍ എന്നിവയാണ് ഇവയുടെ സുഗന്ധത്തിന്റെ പ്രധാന കാരണം. ദഹനപ്രക്രിയയില്‍ കറിവേപ്പിലയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ദഹനം വര്‍ധിപ്പിക്കുന്നതില്‍ ഈ ഇലകള്‍ക്ക് ഏറെ പങ്കുണ്ട്. ദഹനക്കേടിന് അത്യുത്തമമാണ് കറിവേപ്പില. ആഹാരത്തിലെ വിഷാംശം ഇല്ലാതാക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. വിശപ്പില്ലായ്മ, വയറുവേദന, ഛര്‍ദി എന്നിവയ്ക്ക് മികച്ച ഔഷധം തന്നെയാണ് കറിവേപ്പില.

ഈ ചെടികളുടെ ഔഷധഗുണങ്ങള്‍ കേട്ടാല്‍ ഞെട്ടും

ഒരു ഔഷധസസ്യം എന്ന നിലയില്‍ കറിവേപ്പില സ്ഥാനം നേടിയിട്ട് കാലമേറെയായി. പ്രത്യേകിച്ച് ആയുര്‍വേദ ചികില്‍സയില്‍. മരുന്ന് എന്ന നിലയില്‍ കറിവേപ്പിലയുടെ പ്രസക്തി ആധുനിക വൈദ്യശാസ്ത്രവും അംഗീകരിച്ചുകഴിഞ്ഞു. ഇവയുടെ രോഗപ്രതിരോധ ശക്തിയാണ് ഈ പ്രാധാന്യത്തിന് മുഖ്യകാരണം. ഉദരരോഗങ്ങള്‍ക്ക് ഒന്നാന്തരം ഔഷധമാണ് കറിവേപ്പില. വായുകോപം, വിരശല്യം എന്നിവ ഇല്ലാതാക്കുന്നതിന് ഈ ഇലകള്‍ അത്യുത്തമം. പ്രമേഹത്തെക്കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ കറിവേപ്പിലയെ നാളെയുടെ മരുന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. ആഹാരത്തിലെ അന്നജത്തെ വിഘടിപ്പിച്ച് പ്രമേഹത്തിനെതിരെ പൊരുതാനുള്ള ഈ ഇലകളുടെ കഴിവ് അപാരമാണ്.

ശരീരത്തിലെ അന്നജത്തെ വിഘടിപ്പിക്കുന്ന ആല്‍ഫ അമയ്‌ലേസ് എന്‍സൈമിന്റെ ഉല്‍പാദനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് പ്രമേഹത്തെ കറിവേപ്പില കൊണ്ട് നിയന്ത്രിക്കാം എന്ന് ശാസ്ത്രലേകം കരുതുന്നു.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും കറിവേപ്പിലയ്ക്ക് ആവും എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകതരം അലര്‍ജികള്‍, വ്രണങ്ങള്‍ എന്നിവയ്ക്ക് കറിവേപ്പ് ഇലകള്‍ ഫലം കണ്ടിട്ടുണ്ട്. ചൂടുകുരു, മറ്റ് ത്വക്ക് രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

മുഖശോഭ വര്‍ധിപ്പിക്കുന്നതിലും അകാലനര ഒഴിവാക്കുന്നതിലും മുന്നിലാണ് ഇവ. വിറ്റാമിന്‍ ഇയുടെ സാന്നിധ്യമാണ് ഈ കഴിവുകള്‍ കറിവേപ്പിലയ്ക്ക് സമ്മാനിക്കുന്നത്. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതുകൊണ്ട് കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ് കറിവേപ്പില.

Leave a Reply

Your email address will not be published.