ശ്രീശാന്തിന്റെ വിലക്ക് നീങ്ങി

ശ്രീശാന്തിന്റെ വിലക്ക് നീങ്ങി

കൊച്ചി: ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൗളറായിരുന്ന ശ്രീശാന്തിന് ക്രിക്കറ്റ് മത്‌സരങ്ങളില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി ഹൈകോടതി റദ്ദാക്കി. ഒത്തുകളിക്കേസില്‍ കുറ്റക്കാരനാണെന്ന് ആരോപിച്ച് ശ്രീശാന്തിന് ബി.സി.സി.ഐ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ വിലക്ക് തുടരേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി ബി.സി.സി.ഐയുടെ ഉത്തരവും റദ്ദാക്കി. ബി.സി.സി.ഐ സുതാര്യമായി പ്രവര്‍ത്തിക്കണം. ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മത െമാഴി വിശ്വാസ്യയോഗ്യമല്ല. ഫോണ്‍ സംഭാഷണവും വിശ്വാസത്തിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു ഒത്തുകളിക്കേസില്‍ ഡല്‍ഹി കോടതി വെറുതെ വിട്ടിട്ടും ബി.സി.സി.ഐ അച്ചടക്കസമിതി ആജീവനാന്ത വിലക്ക് തുടരുകയാണെന്ന് കാണിച്ചാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ഐ.പി.എല്‍ ആറാം സീസണില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മല്‍സരങ്ങളിലുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയതിന് പുറമെ ബി.സി.സി.ഐയുടെ കീഴിലുളള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ശ്രീശാന്തിനെ തടഞ്ഞിരുന്നു.

ഒത്തുകളി വിവാദത്തിന്റെ പേരില്‍ തനിക്കെതിരെ നിലനിന്ന കേസ് തള്ളി കോടതി കുറ്റവിമുക്താക്കിയിട്ടും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ മുതിരാത്തത് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്ന് 2013 മെയ് 16ന് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ബി.സി.സി.ഐ ശ്രീശാന്തിനെ ക്രിക്കറ്റ് ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബി.സി.സി.ഐ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് വിശദീകരണം കേള്‍ക്കാതെയാണ് 2013 ജൂണില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. താന്‍ ഒത്തുകളിച്ചതിലൂടെ ക്രമക്കേട് കാട്ടിയെന്ന കുറ്റം ചുമത്തി ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുവെന്നും അന്തര്‍ദേശീയ മല്‍സരങ്ങളില്‍ നിന്നും ബി.സി.സി.ഐ അഫിലിയേഷനുള്ള ക്‌ളബുകള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ കളിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നെന്നും ശ്രീശാന്ത് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഡല്‍ഹി സെഷന്‍ കോടതിയുടെ ഉത്തരവിനതിരെ ഡല്‍ഹി പൊലീസ് അപ്പീല്‍ നല്‍കിയ കാര്യം ശ്രീശാന്ത് ഹരജിയില്‍ ഉന്നയിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ വാദിച്ചു. അപ്പീല്‍ ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയിലാണെന്നും ബി.സി.സി.ഐ വാദിച്ചു. വിധിയില്‍ ദൈവത്തിന് നന്ദിയെന്നാണ് ശ്രീശാന്ത് ആദ്യം പ്രതികരിച്ചത്. കൂടെ നിന്നവരോടും പിന്തുണച്ചവരോടും നന്ദി പറയുന്നു. ഇനി ആദ്യം മുതല്‍ കളിച്ചു തുടങ്ങണം. കേരള ടീമില്‍ എത്തുകയാണ് ആദ്യലക്ഷ്യമെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശ്രീശാന്തിന്റെ കാര്യത്തില്‍ പോസറ്റീവായ തീരുമാനമുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. കേരളത്തിന്റെ സ്വന്തം കളിക്കാരനാണ് ശ്രീശാന്തെന്നും അസോസിയേഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.