മാഡം കെട്ടുകഥയിലെ കഥാപാത്രമല്ല: സിനിമാരംഗത്തുള്ള ഇവരെ പതിനാറിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

മാഡം കെട്ടുകഥയിലെ കഥാപാത്രമല്ല: സിനിമാരംഗത്തുള്ള ഇവരെ പതിനാറിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ഒരു ‘മാഡ’ത്തിനു ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും സുനി വ്യക്തമാക്കി. ഈ മാസം 16നുള്ളില്‍ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി വ്യക്തമാക്കി. ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ‘മാഡം’ കെട്ടുകഥയല്ലെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

അതേസമയം, ‘മാഡം’ എന്ന കഥാപാത്രം കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ തന്ത്രമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു ആവര്‍ത്തിക്കുന്നതിനിടെയാണ് ‘മാഡം’ എന്നതും കെട്ടുകഥയല്ലെന്ന സുനിയുടെ പുതിയ അവകാശവാദം. ഇനിയും വന്‍ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനി മുന്‍പും അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനി മുന്‍പ് പ്രതികരിച്ചത്.

എന്നാല്‍, അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വിഐപിയോടു ചോദിക്കണമെന്നും സുനി പ്രതികരിച്ചിരുന്നു.

അതേസമയം, മാധ്യമങ്ങളോടു സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും സുനില്‍, കേസിലിനിയും വലിയ സ്രാവുകള്‍ പ്രതിസ്ഥാനത്തുണ്ടെന്നു സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, പേരുകള്‍ വെളിപ്പെടുത്തുന്നുമില്ല. കേസ് അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.