മോഷണക്കേസില്‍ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത തമിഴ് നാടോടികളെക്കുറിച്ചുള്ള അന്വഷണം; ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മോഷണക്കേസില്‍ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത തമിഴ് നാടോടികളെക്കുറിച്ചുള്ള അന്വഷണം; ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ആദൂര്‍: ജുലായ് 13ന് മോഷണ കേസില്‍ അറസ്റ്റിലായ മൂന്ന് തമിഴ് നാടോടികളെ കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂവര്‍ സംഘം നിരവധി വീടുകളില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. എന്നാല്‍ പല വീട്ടുകാരും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. മരുമക്കളേയും അയല്‍ക്കാരേയും സംശയിച്ച് പൊല്ലാപ്പ് വേണ്ടെന്ന് കരുതിയാണ് പലരും പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നത്.

വീട് കുത്തിത്തുറക്കാതെ വീടിന് പുറത്തെ തൂണിന് മുകളിലും ഉണങ്ങാനിട്ട ഷര്‍ട്ടിന്റെ കീശയിലും സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ചാണ് മിക്ക വീടുകളിലും കവര്‍ച്ച നടത്തിയത്. കിടക്കക്കടിയില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ചാണ് അലമാരകള്‍ തുറന്നത്. നാട്ടിന്‍ പുറങ്ങളില്‍ സമാന രീതിയില്‍ താക്കോല്‍ സൂക്ഷിക്കുന്നുണ്ടെന്ന അറിവാണ് സംഘത്തെ ഈ രീതിയില്‍ മോഷണത്തിന് പ്രേരിപ്പിച്ചത്. കുമ്പളയിലും കുണ്ടങ്കരടുക്കയിലും മഞ്ചേശ്വരത്തും കൂട്ടമായി താമസിക്കുന്ന ഇവരില്‍ ആന്ധ്രാസ്വദേശികളുമുണ്ട്. ഇവരുടെ തലവി കറുത്തമ്മയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കറുത്തമ്മ ഉപയോഗിക്കുന്ന മൊബൈലില്‍ മൂന്ന് വര്‍ഷത്തിനകം 33 സിംകാര്‍ഡുകള്‍ ഉപയോഗിച്ചുവെന്നാണ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇത്രയും സിംകാര്‍ഡുകള്‍ എന്തിന് മാറ്റിയിട്ടുവെന്നത് സംശയത്തിന് വഴിവെക്കുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയംവെക്കാനും കറുത്തമ്മ പലരേയും സഹായിച്ചായി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിയപ്പെടാത്ത കേസുകള്‍ അന്വേഷിക്കുന്നതിനിടയിലാണ് നാടോടി സംഘങ്ങളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്.

പക്ഷിപിടുത്തക്കാര്‍ എന്നാണ് പൊതുവേ ഇവര്‍ അറിയപ്പെടുന്നത്. പകല്‍ വീട്ടുപറമ്പുകളില്‍ കറങ്ങി പൊട്ടിയ പാത്രങ്ങളും കുപ്പികളും പെറുക്കി വില്‍ക്കുകയാണ് ജോലി. ഏത് പറമ്പിലും കയറിയിറങ്ങാന്‍ വേണ്ടിയാണ് ഈ ജോലി സ്വീകരിക്കുന്നതെന്നാണ് കരുതുന്നത്. വീട് തുറന്നിട്ട് വെള്ളം കോരാനും മറ്റും പോയവരും കവര്‍ച്ചക്കിരയായിട്ടുണ്ട്.

പുതിയ വീട് നിര്‍മ്മിച്ചവര്‍ പഴയ പിത്തള പാത്രങ്ങളും കിണ്ടികളും അങ്ങോട്ട് മാറ്റാറില്ല. ഇടിഞ്ഞുപൊളിഞ്ഞ പഴയ വീട്ടിലോ ഷെഡ്ഡുകളിലോ സൂക്ഷിക്കുകയാണ് പതിവ്. പുതിയ വീടാണെന്ന് തിരിച്ചറിഞ്ഞാല്‍ പരിസരപ്രദേശങ്ങളില്‍ കറങ്ങി ഇത്തരം പാത്രങ്ങള്‍ മോഷ്ടിക്കുകയും സംഘത്തിന്റെ രീതിയാണ്.

കുമ്പള കുണ്ടങ്കരടുക്ക ദേവി നഗറിലെ മഞ്ജുള (37), സരസ്വതി (27) കൂടാതെ 16 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുമാണ് ജുലായ് 13ന് പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പെണ്‍കുട്ടിയെ കാസര്‍കോട് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നും ഒളിച്ചോടാന്‍ സാധ്യതയുള്ളതിനാല്‍ പിന്നീട് കോഴിക്കോട്ടേക്ക് മാറ്റി. ഇവരെ കാണാനും ജയിലില്‍ കഴിയുന്ന മറ്റു രണ്ടുപേരെ കാണാനും പോയ ചിലരെ ചുറ്റിപ്പറ്റിയും ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published.