ധര്‍മ്മടം ശാന്തവും സുന്ദരവുമായ കടല്‍തീരം

ധര്‍മ്മടം ശാന്തവും സുന്ദരവുമായ കടല്‍തീരം

കണ്ണൂര്‍: ശാന്തവും സുന്ദരവുമായ കടല്‍തീരം – ധര്‍മ്മടം ബീച്ചിനെ ഒറ്റവാക്യത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. വെറുമൊരു ബീച്ചല്ല ധര്‍മ്മടം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. കടല്‍ക്കാറ്റേറ്റ് സായാഹ്നം ചെലവഴിക്കാന്‍ എത്തുന്നവരെ കാത്ത് നിരവധി കാര്യങ്ങളാണ് ഇവിടുത്തെ ടൂറിസം ഫെസിലിറ്റി സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. കടലിലും കരയിലും പെയ്യുന്ന മഴ ഒരേ സമയത്ത് ആസ്വദിക്കാന്‍ പറ്റുന്ന റെയിന്‍ ഷെല്‍ട്ടര്‍, വിവാഹങ്ങളും വിരുന്നുകളും നടത്താന്‍ അനുയോജ്യമായ ഹാള്‍, കഫ്റ്റീരിയ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. മഴയില്ലെങ്കിലും റെയിന്‍ ഷെല്‍ട്ടറിലിരിക്കുന്നത് നല്ലൊരു അനുഭവമാണ്. നാലുപാടും തുറന്ന തളത്തിലിരുന്നാല്‍ കടല്‍ക്കാറ്റ് ആവോളം ആസ്വദിക്കാം.

എല്ലാ വര്‍ഷവും ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ധര്‍മ്മടം ഫെസ്റ്റ് എന്ന പേരില്‍ ദിവസങ്ങള്‍ നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇവിടെയാണ്. വിവിധ പ്രായക്കാരായ കുട്ടികളെ ഉദ്ദേശിച്ച് പല തരത്തിലുളള സ്ലൈഡുകളും റൈഡുകളും ഊഞ്ഞാലുകളും ഇവിടെയുണ്ട്. ശരിക്കും ഒരു പാര്‍ക്കില്‍ ചെല്ലുന്ന പ്രതീതി.

പാര്‍ക്കില്‍നിന്നു കടലിലേക്ക് ഇറങ്ങുന്നിടത്ത് കുറച്ചുഭാഗം പഞ്ചാരമണലാണ്. കടലിനോടു ചേര്‍ന്ന് ഉറച്ച തീരമാണ്. കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനു സമാനമായ ഉറപ്പുളള കടല്‍ത്തീരമാണ് ഇവിടുത്തേത്. കടല്‍ത്തീരത്തു ക്രിക്കറ്റ് കളിക്കുന്നവരെ വൈകുന്നേരങ്ങളില്‍ ഇവിടെ കാണാം.

ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ഒരു ഘടകം കൂടിയുണ്ട് ധര്‍മ്മടത്ത്- കടലിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തുരുത്ത്. വേലിയിറക്ക സമയങ്ങളില്‍ തുരുത്തിലേക്കു നടന്നു പോകാന്‍ സാധിക്കുന്നവിധത്തില്‍ കടല്‍ മാറിത്തരും. ഒരു കാലത്ത് ആള്‍ത്താമസമുണ്ടായിരുന്നതിന്റെ ബാക്കിപത്രമെന്നോണം ഇടിഞ്ഞു പൊളിഞ്ഞ വീടും ഒരു കിണറും പലതരം മരങ്ങളുമാണ് ഇവിടെയുളളത്. കടലിന്റെ സ്വഭാവത്തെക്കുറിച്ചു നന്നായി മനസ്സിലാക്കിയില്ലെങ്കില്‍ തുരുത്തില്‍ കുടുങ്ങിപ്പോകാനുളള സാധ്യതയുണ്ട്. കടല്‍ ഉള്‍വലിഞ്ഞ സമയത്ത് തുരുത്തിലേക്കു നടക്കാന്‍ തുടങ്ങിയ പലരും അപ്രതീക്ഷിതമായി ഉയരുന്ന വെളളത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. തുരുത്തിന്റെ വികസനത്തിനുള്ള പദ്ധതികള്‍ പലപ്പോഴായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കടലാസില്‍ത്തന്നെയാണ്. സുരക്ഷാഗാര്‍ഡുമാരുടെ അഭാവവും വലിയൊരു പോരായ്മയാണ്.

തുരുത്തിനെക്കുറിച്ചു നന്നായി അറിയുന്ന, വേലിയിറക്ക വേലിയറ്റ സമയങ്ങളെക്കുറിച്ച് അറിവുളള സമീപവാസികളുടെ സഹായമുണ്ടെങ്കില്‍ മാത്രം തുരുത്തിലേക്കു പോകുന്നതാണ് ഇപ്പോള്‍ അഭികാമ്യം. ബീച്ചിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് തുരുത്തിലേക്കു പോകുന്ന ഭാഗം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഇവിടെനിന്നു നോക്കിയാല്‍ ഒരു കൈപ്പാടകലെനിന്നു തുരുത്ത് നമ്മെ മാടി വിളിക്കുന്നതായി തോന്നും.

തലശ്ശേരി കണ്ണൂര്‍ റൂട്ടില്‍ 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ധര്‍മ്മടം ബീച്ചിലെത്താം. ഇവിടെ നിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് 7 കിലോമീറ്റര്‍ മാത്രമേയുള്ളൂ.

Leave a Reply

Your email address will not be published.