റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം : തെറ്റ് സമ്മതിച്ച് മന്ത്രി പി. തിലോത്തമന്‍

റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം : തെറ്റ് സമ്മതിച്ച് മന്ത്രി പി. തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷന്‍ കാര്‍ഡ് തെറ്റുകളുടെ കൂമ്പാരമെന്നു സമ്മതിച്ച് മന്ത്രി പി. തിലോത്തമന്‍. ഇന്നലെ നിയമസഭയിലാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ഇക്കാര്യം സമ്മതിച്ചത്. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ വിതരണം പാളുമെന്ന റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ കുറ്റസമ്മതം. കാര്‍ഡുകളില്‍ വ്യാപകമായ തെറ്റുകള്‍ കടന്നുകൂടിയ കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധൃതിയില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തെങ്കിലും അവയിലെ പിഴവുകള്‍ തിരുത്തിക്കിട്ടാനായി ജനങ്ങള്‍ സപ്ലൈ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയിലും പിഴവുകള്‍ വ്യാപകമായിരുന്നു. തങ്ങളുടേതല്ലാത്ത തെറ്റുകള്‍ കൊണ്ട് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ ഇപ്പോള്‍ അതില്‍നിന്ന് ഒഴിവാകാനുള്ള പരക്കം പാച്ചിലിലാണ്.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കിയാലേ ഓഗസ്റ്റിലെ ശമ്പളം നല്‍കുകയുള്ളൂവെന്ന വിചിത്ര ഉത്തരവും പുറത്തുവന്നു. ആകെയുള്ള 80.18 ലക്ഷം റേഷന്‍ കാര്‍ഡുകളുില്‍ 67.37 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്തെന്ന് മന്ത്രി തിലോത്തമന്‍ ഇന്നലെ നിയമസഭയെ അറിയിച്ചു. ശേഷിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ 15-നു മുന്‍പ് വിതരണം ചെയ്യും. വിതരണം ചെയ്ത കാര്‍ഡുകളില്‍ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍ഗണനാ പട്ടികയില്‍ 1.05 ലക്ഷം അനര്‍ഹരെ കണ്ടെത്തി. ഇവരെ ഒഴിവാക്കും. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ 5.14 ലക്ഷം അപേക്ഷകള്‍ ലഭിച്ചു. താലൂക്ക്, റേഷന്‍ കടകള്‍ വഴി ഇവ പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

മത്സ്യ, കയര്‍, കശുവണ്ടി, തോട്ടം ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴിലാളികളെയും സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെ സ്ഥിരവരുമാനം ഉള്ളവരെയും ഒഴിവാക്കി എല്ലാ പട്ടികജാതി കുടുംബങ്ങളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ നിന്ന് സംസ്ഥാനം പുറത്താകുമെന്ന ഘട്ടത്തിലാണ് തെറ്റുകളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ധൃതി പിടിച്ച് കാര്‍ഡുകള്‍ വിതരണം ചെയ്തത്. ആവശ്യത്തിനു സമയം ലഭിച്ചിട്ടും തെറ്റ് തിരുത്തി കാര്‍ഡുകള്‍ വിതരണം ചെയ്യാത്തതു ഭക്ഷ്യവകുപ്പിന്റെ വീഴ്ചയായി. മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹമായി ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, സഹകരണ സ്ഥാപനങ്ങളില്‍ 25000 രൂപയ്ക്കു മുകളില്‍ ശമ്പളമുള്ള ജീവനക്കാര്‍ എന്നിവര്‍ക്ക് സ്വമേധയാ പട്ടികയില്‍നിന്ന് ഒഴിവാകാനുള്ള സമയപരിധി നാളെ വരെ നീട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.