രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നത് നല്ലതെന്ന് നടന്‍ ധനുഷ്

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നത് നല്ലതെന്ന് നടന്‍ ധനുഷ്

ചെന്നൈ: രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നത് നല്ലതെന്ന് നടന്‍ ധനുഷ്. ജനങ്ങള്‍ രജനീകാന്തിനെ ഇഷ്ടപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് അദ്ദേഹം. അങ്ങനെയൊരാള്‍ രാഷ്ട്രീയത്തിലെത്തുന്നത് ഉചിതമാണ്. രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നുവെന്നും ധനുഷ് പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് മരുമകന്‍ കൂടിയായ ധനുഷിന്റെ പ്രതികരണം.

രാഷ്ട്രീയപ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണെന്നും അന്തിമ തീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു. പ്രമുഖരാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച്ചകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പ്രതികരിക്കുകയായിരുന്നു രജനി.വാര്‍ത്തകള്‍ നിഷേധിക്കുന്നില്ല. തീരുമാനത്തിലെത്താനായി ചര്‍ച്ചകള്‍ തുടരുകയാണ്. തീരുമാനമെടുത്തു കഴിഞ്ഞാല്‍ അറിയിക്കാമെന്നായിരുന്നു അന്ന് രജനി പറഞ്ഞത്.

രജനീകാന്തിനെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. എല്ലാ നല്ല മനുഷ്യരേയും ഞങ്ങള്‍ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു. തീരുമാനം എടുക്കേണ്ടത് രജനീകാന്ത് ജിയാണ്, അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടി തമിഴ്നാട്ടില്‍ ദുര്‍ബലമാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളിലെത്തിക്കാനും അങ്ങനെ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുവാനും ഞങ്ങള്‍ ശ്രമിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

തമിഴ് ജനതയുടെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിന് പാര്‍ട്ടിയില്‍ യോജിച്ച തന്നെ സ്ഥാനം നല്‍കുമെന്ന് നിതിന്‍ ഗഡ്കരി നേരത്തേ പ്രസ്താവിച്ചിരുന്നു. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഇപ്പോള്‍ ബി.ജെ.പിയെക്കുറിച്ച് ചിന്തിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് അനുയോജ്യമായ സ്ഥാനം ഉണ്ടായിരിക്കും ഗഡ്കരി പറഞ്ഞു.

അനുയോജ്യമായ സ്ഥാനം ഏതാണെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് രജനീകാന്തിന് രാഷ്ട്രീയത്തിലേക്ക് വമ്പിച്ച കടന്നുവരവിന് കളമൊരുക്കാനാണോ ബി.ജെ.പി ഒരുങ്ങുന്നത് എന്നുമുള്ള ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു ഗഡ്കരിയുടെ ഉത്തരം.

അതേസമയം രജനികാന്തുമായി ബി.ജെ.പി എം.പി പൂനം മഹാജന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള രജനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും എളിമയുള്ള ദമ്പതികള്‍ എന്ന പ്രതികരണത്തോടെ രജനീകാന്തിനോടും ഭാര്യ ലതയോടുമൊപ്പമുള്ള ചിത്രങ്ങള്‍ പൂനം ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഗ്‌ളോബല്‍ സിറ്റിസണ്‍’ എന്ന വിദ്യാഭ്യാസ പദ്ധതിയില്‍ രജനീകാന്ത് ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൂനം പറഞ്ഞു.

രജനി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി യുവജന സംഘടനയുടെ ദേശീയ അധ്യക്ഷയുടെ സന്ദര്‍ശനം. എന്നാല്‍ ചെന്നൈയില്‍ ബി.ജെ.പി യുവജന റാലിയില്‍ പങ്കെടുക്കാനെത്തിയ പൂനം ഉപചാരത്തിന്റെ ഭാഗമായാണ് രജനികാന്തിനെയും കുടുംബത്തെയും സന്ദര്‍ശിച്ചതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.