വിവാഹശേഷമുള്ള ബലാല്‍സംഗം കുറ്റകരമല്ല: സുപ്രീം കോടതി

വിവാഹശേഷമുള്ള ബലാല്‍സംഗം കുറ്റകരമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹശേഷം ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 15നും 17നും ഇടക്ക് പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയാണെങ്കില്‍ പോലും കുറ്റകരമായി കാണാനാവില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം ഇതിനെ കുറ്റകരമായി കാണുന്നില്ലെന്നും ജസ്റ്റിസ് എം.ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ കേന്ദ്രം വാദിച്ചു.

15 വയസിനും 17 വയസിനുമിടയിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നവര്‍ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവാദം നല്‍കുന്ന നിയമമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കുട്ടികളുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇന്‍ഡിപെന്‍ഡന്റ് തോട്ട് വാദം. വിവാഹപ്രായം 18 ആണെന്ന് നിജപ്പെടുത്തിയിരിക്കെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും കുറ്റകരമായി കണക്കാക്കണമെന്നും ഇന്‍ഡിപെന്‍ഡന്റ് തോട്ട് വാദിച്ചു. നിയമ പ്രകാരം 18 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്. എന്നാല്‍ മറ്റ് നിയമങ്ങള്‍ ബാലവിവാഹത്തെ പിന്തുണക്കുകയും ചെയ്യുന്നു. ബാല്യവിവാഹങ്ങളുടെ കാര്യത്തില്‍ ബാലികമാരുടെ പ്രായത്തിന്റെ കാര്യത്തിലും ഏകീകരണം വേണമെന്നാണ് സംഘടനയുടെ ആവശ്യം.

ബാലവിവാഹം ഇന്ത്യയില്‍ നടക്കുന്നുവെന്നത് യാഥാര്‍ഥ്യമാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബിനു തംത കോടതിയില്‍ വ്യക്തമാക്കി. വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ബാലവിവാഹത്തിനിരയായ കുട്ടികള്‍ക്ക് അത് തിരിച്ചടിയാകും. 23 ദശലക്ഷത്തോളം ബാലവധുക്കള്‍ ഇന്ത്യയിലുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published.