മാലിന്യസംസ്‌കരണത്തിന് അമിത യൂസര്‍ ഫീ നിരക്കുകള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നു എന്ന പ്രചരണം വ്യാജം

മാലിന്യസംസ്‌കരണത്തിന് അമിത യൂസര്‍ ഫീ നിരക്കുകള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നു എന്ന പ്രചരണം വ്യാജം

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമഗ്ര-ശുചിത്വ മാലിന്യ സംസ്‌കരണ യജ്ഞത്തിന്റെ ‘ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്‌കരണത്തിന് അമിത യൂസര്‍ ഫീ നിരക്കുകള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നു എന്ന പ്രചരണം ശരിയല്ലെന്ന് ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ അറിയിച്ചു.

സ്വന്തമായി ജൈവമാലിന്യ സംസ്‌കരണം നടത്തുന്ന വീടുകളില്‍ ഹരിത കര്‍മ്മസേനാംഗം മാസത്തില്‍ രണ്ടുതവണ പരിശോധന നടത്തുന്നതിനും അജൈവ മാലിന്യം ശേഖരിക്കുന്നതിനുമായി 60 രൂപയാണ് യൂസര്‍ഫീ ആയി മാസംതോറും നല്‍കേണ്ടത്.

കിച്ചണ്‍ബിന്‍ മുതലായ ഉപാധികള്‍ മുഖേന മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകള്‍ക്ക് ആവശ്യമായ പത്തുകിലോ ചകിരിച്ചോര്‍ ഉള്‍പ്പെടെ ഒരു മാസത്തേക്കുള്ള 30 ലിറ്റര്‍ ഇനോക്കുലം നല്‍കുകയും ആഴ്ചയിലൊരു സന്ദര്‍ശനം നടത്തുകയും. അജൈവ മാലിന്യം ശേഖരിക്കുകയും സ്വന്തമായി ഉപയോഗിക്കുന്നില്ലെങ്കില്‍ ജൈവവളം തിരികെ ശേഖരിക്കുകയും ചെയ്യുന്നതിന് ഹരിതകര്‍മ്മസേനയ്ക്ക് മാസവും 250 രൂപയാണ് നല്‍കേണ്ടത്.

മാലിന്യസംസ്‌കരണം നടത്തുന്ന വീടുകളില്‍ അതിലൂടെ ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് പച്ചക്കറി കൃഷിചെയ്യുമെങ്കില്‍ ആവശ്യമായ ഇനോക്കുലം (പ്രതിമാസം 30 ലിറ്റര്‍) നല്‍കുന്നതിന് പുറമെ ഹരിതസേനാംഗം ആഴ്ചയിലൊരിക്കല്‍ വീട് സന്ദര്‍ശിക്കുകയും ജൈവ പച്ചക്കറികൃഷി പരിപാലിക്കുകയും ചെയ്യുന്നതിന് പ്രതിമാസം 300 രൂപയാണ് (അജൈവമാലിന്യ ശേഖരണത്തിന് ഉള്‍പ്പെടെ) ഫീസായി നല്‍കേണ്ടത്.

എല്ലാ ദിവസവും വീടുകളിലെത്തി ജൈവമാലിന്യവും അജൈവമാലിന്യവും ശേഖരിക്കുന്നതിനാണ് 800 രൂപ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂസര്‍ഫീസായി ഇപ്പോള്‍ നിജപ്പെടുത്തിയിരിക്കുന്നത് പരമാവധി ഈടാക്കാവുന്ന തുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അതാതു പ്രദേശങ്ങളിലെ പ്രത്യേകതകളും ആവശ്യങ്ങളും അനുസരിച്ച് നിരക്ക് നിശ്ചയിക്കാം.

സംസ്ഥാനം നേരിടുന്ന മാലിന്യ പ്രശ്‌നം ശാസ്ത്രീയമായും സമയബന്ധിതമായും പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഹരിതകേരളം മിഷനെന്നും സുസ്ഥിരപരിഹാരത്തിനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്നും ഡോ. ടി.എന്‍. സീമ അറിയിച്ചു.

Leave a Reply

Your email address will not be published.