ചെര്‍ക്കള ടൗണിലെ സര്‍ക്കിള്‍ ഉടന്‍ പൊളിച്ചു നീക്കും: ജി.സുധാകരന്‍

ചെര്‍ക്കള ടൗണിലെ സര്‍ക്കിള്‍ ഉടന്‍ പൊളിച്ചു നീക്കും: ജി.സുധാകരന്‍

കാസര്‍കോട്: ചെര്‍ക്കള ടൗണിലെ സര്‍ക്കിള്‍ പൊളിച്ച് നീക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. അശാസ്ത്രീയമായി നിര്‍മ്മിച്ച സര്‍ക്കിള്‍ നിരന്തരം അപകടങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ പാര്‍ക്കിംഗ് സൗകര്യത്തോടെ പുതിയ ട്രാഫിക് സര്‍ക്കിള്‍ ചെര്‍ക്കളയില്‍ നിര്‍മ്മിക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.

ട്രാഫിക് സര്‍ക്കിളിനെക്കുറിച്ചു യാത്രക്കാരില്‍ നിന്നു വ്യാപകമായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ പൊളിച്ചുനീക്കാന്‍ മന്ത്രി നേരത്തേ ഉത്തരവിട്ടിരുന്നു. മാത്രവുമല്ല മന്ത്രിയുടെ കാസര്‍കോട് സന്ദര്‍ശന വേളയില്‍ ചെര്‍ക്കള സന്ദര്‍ശിക്കുകയും അപാകത നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രസ്തുത സര്‍ക്കിള്‍ അടിയന്തിരമായി പൊളിച്ച് മാറ്റുന്നതിന് കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ ആസ്തിവികസനഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചാണു കഴിഞ്ഞ വര്‍ഷം ട്രാഫിക് സര്‍ക്കിള്‍ ഉള്‍പ്പെടെ നിര്‍മിച്ചു ചെര്‍ക്കള ടൗണ്‍ നവീകരിച്ചത്. ഇതോടൊപ്പം മെക്കാഡം ടാറിങ് നടത്തുകയും ഓവുചാല്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. ദേശീയപാതയും രണ്ടു സംസ്ഥാനാന്തരപാതകളും കൂടിച്ചേരുന്ന പ്രധാന ജംക്ഷനാണ് ചെര്‍ക്കള. നാലു ദിശകളില്‍ നിന്നുള്ള വാഹനങ്ങള്‍ എത്തുന്ന ഇവിടെ രണ്ടു സര്‍ക്കിളുകള്‍ അടുത്തടുത്തു നിര്‍മിച്ചതോടെ ്രൈഡവര്‍മാര്‍ ഏതുവഴി പോകണമെന്നറിയാതെ ആശയക്കുഴപ്പത്തിലാവുകയാണ്. പുതുതായി എത്തുന്ന ്രൈഡവര്‍മാരെ ഇതു വട്ടംകറക്കുകയും അപകടങ്ങള്‍ പതിവാകുകയും ചെയ്തു.

ഇരട്ട റൗണ്ട്എബൗട്ടോടുകൂടിയ സര്‍ക്കിള്‍ അനുയോജ്യമെന്നു കണ്ടെത്തിയതിനാലാണ് ഇത്തരത്തിലുള്ള സര്‍ക്കിള്‍ ഡിസൈന്‍വിഭാഗം തയാറാക്കിയതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവിടെ നില്‍ക്കുന്ന മരങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ആദ്യം തയാറാക്കിയ രൂപരേഖയില്‍ മാറ്റംവരുത്തിയതുകൊണ്ടു സര്‍ക്കിളിന്റെ ഘടനയിലും വ്യത്യാസം വരുത്തേണ്ടി വന്നുവെന്നാണ് വിശദീകരണം. എന്നാല്‍ ഇതിന്റെ പേരില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയതല്ലാതെ ഒറ്റമരം പോലും സംരക്ഷിച്ചില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഗതാഗതം സുഗമമാക്കാന്‍ ഉദ്ദേശിച്ചാണ് നവീകരണം നടത്തിയതെങ്കിലും ഫലം മറിച്ചായിരുന്നു.

ഇതിനു ശേഷം ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയിലായി. വലിയ സര്‍ക്കിളുകള്‍ നിര്‍മിച്ചതോടെ പാര്‍ക്കിങ്ങിനു സ്ഥലമില്ലാതായതാണ് ഇതിനു കാരണമായത്. ഇതുകൊണ്ടാണ് പാര്‍ക്കിങ്ങിനു കൂടി സ്ഥലം ലഭിക്കുന്ന രീതിയില്‍ പുതിയ സര്‍ക്കിളിന്റെ രൂപരേഖ മാറ്റാന്‍ തീരുമാനിച്ചത്. ഇതിനൊപ്പം നടത്തിയ മെക്കാഡം ടാറിങ് മാസങ്ങള്‍ക്കകം തകരുകയും ചെയ്തു. പണിയിലെ ക്രമക്കേടിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.