ബ്ലൂ വെയ്ല്‍ ഗെയിം: ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ബ്ലൂ വെയ്ല്‍ ഗെയിം: ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഭോപാല്‍: ബ്ലൂ വെയ്ല്‍ ഗെയിം ചലഞ്ച് പൂര്‍ത്തിയാക്കാനായി ഏഴാം ക്ലാസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചമേലി ദേവി പബ്ലിക് സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ അസംബ്ലി കഴിഞ്ഞ ഉടന്‍ കുട്ടി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടല്‍ മൂലം കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിക്കാനായി. മൂന്നാം നിലയിലെ ഇരുമ്പഴികളില്‍ അപകടകരമായി തൂങ്ങി നില്‍കുന്ന കുട്ടിയെ സുഹൃത്തുക്കള്‍ കാണുകയും ഉടന്‍ പിടിച്ചു നിര്‍ത്തി മറ്റുള്ളവരെ വിളിച്ചുകൂട്ടുകയുമായിരുന്നു.

കുട്ടിയെ രക്ഷിച്ച് പ്രിന്‍സിപ്പലിന്റെ റൂമില്‍ കൊണ്ടു വന്ന് ചോദിച്ചപ്പോഴാണ് ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഭാഗമായാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് കുട്ടി വെളിപ്പെടുത്തിയത്. അച്ഛന്റെ ഫോണിലാണ് ഗെയിം കളിച്ചതെന്നും കുട്ടി പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ ഇതുവരെ കുട്ടി ഗെയിം കളിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. സംഭവത്തിനു ശേഷം പൊലീസിലും കുട്ടിയുടെ രക്ഷിതാക്കളെയും വിവരമറിയിക്കുകയും ഇവര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുകയും ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. നേരത്തെ, ആഗസ്ത് ഒന്നിന് മുംബൈയിലെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി 14 കാരന്‍ മരിച്ചത് ഗെയിം വിജയിക്കുന്നതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ദിവസം ഗെയിം കളിച്ച് വീടുവിട്ടിറങ്ങിയ 14 കാരനെ പുനെ പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published.