സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പലതവണ ബഹുമാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതും വിഷയം പഠിച്ച് ചര്‍ച്ചക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാളിതുവരെയും അതിന് കഴിയാത്തത് ഖേദകരമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഡീസല്‍, സ്പെയര്‍പാര്‍ട്ട്സ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിര്‍മ്മാണം, ടയര്‍, വര്‍ക്ക്ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ദ്ധനവ് വ്യവസായത്തെ തകര്‍ച്ചയില്‍ എത്തിച്ചിരിക്കയാണ്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ ലിറ്ററിന് 56 രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61 രൂപയലധികമാണ്. 5 രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലിന് വരുന്നത്. വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും ബസുകളുടെ വരുമാനം 40 ശതമാനത്തോളം കുറഞ്ഞ് വ്യവസായം കടുത്ത പ്രതിസന്ധിയിലായിരിക്കയാണ്. ഇതിന് അടിയന്തിര പരിഹാരം കാണാന്‍ ബഹു: സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വ്യവസായം നിശ്ചലമാകുമെന്നും അറിയിക്കുന്നു.
1. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക.
2. 140 കി.മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക.
3. സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക.
4. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവനനികുതിയുടെ പരിധിയില്‍ കൊണ്ടുവരിക.
5. ഇന്‍ഷൂറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ദ്ധനവ് പിന്‍വലിക്കുക.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 24-1-2017ല്‍ നടത്തിയ സര്‍വ്വീസ് നിര്‍ത്തിവെക്കല്‍ സമരത്തെ തുടര്‍ന്ന് 27-01-2017ല്‍ ബഹു: ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ന്ന അനുരഞ്ജനയോഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ മാത്രം 55 ശതമാനം വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. ചേസിസിന് 3 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല സ്വകാര്യബസുകള്‍ യഥേഷ്ടം സര്‍വ്വീസ് നടത്തുന്ന മേഖലയില്‍ കെ.എസ്.ആര്‍.ടി.സി. ആര്‍.ടി.എ. യുടെ പെര്‍മിറ്റ് പോലും ഇല്ലാതെ സര്‍വ്വീസ് നടത്തുന്നതുമൂലം പൊതുമേഖലയും സ്വകാര്യമേഖലയും ഒരു പോലെ നശിക്കുകയാണെന്നും അത് കൊണ്ട് ഒരു ട്രാന്‍സ്പോര്‍ട്ട് നയം തന്നെ ബഹുമാനപ്പെട്ട സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാതെ ഒന്നിനെ നശിപ്പിച്ച് മറ്റൊന്നിന് വളമാക്കുന്ന രീതി ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും സംസ്ഥാനത്തെ 90 ശതമാനത്തിലധികം സാധാരണ യാത്രക്കാര്‍ക്കും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാസൗകര്യം ഒരുക്കിക്കൊടുക്കുന്ന സ്വകാര്യബസ് മേഖല നിലനിര്‍ത്തേണ്ടത്. ബഹുമാനപ്പെട്ട സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

മുകളില്‍ പറഞ്ഞിട്ടുള്ള അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിച്ച് വ്യവസായം നിലനിര്‍ത്തുന്നതിന് ആവശ്യമായ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.മുകളില്‍ പറഞ്ഞിട്ടുള്ള അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 14-8-2017ന് കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്താനും 18-8-2017ന് സൂചനാസമരം നടത്താനും തീരുമാനിച്ചു. കാസര്‍കോട് കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി. മുഹമ്മദ് കുഞ്ഞി, ജോയിന്റ് സെക്രട്ടറി ശങ്കരനായക്, കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡണ്ട് സി. രവി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.