ഒഴിവു ദിവസത്തെ കളി കോപ്പിയടിയായിരുന്നോ?

ഒഴിവു ദിവസത്തെ കളി കോപ്പിയടിയായിരുന്നോ?

ഉണ്ണി.ആറിന്റെ ചെറുകഥയെ ആസ്പദമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവുദിവസത്തെ കളി’യുടെ മൗലികതയെ ചോദ്യം ചെയ്ത് എഴുത്തുകാരന്‍ രംഗത്ത്. എം.രാജീവ് കുമാറാണ് ഉണ്ണി.ആറിന്റെ 2003ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥയ്ക്കും അതേപേരില്‍ സനല്‍കുമാര്‍ ശശിധരന്‍ 2015ല്‍ സംവിധാനം ചെയ്ത സിനിമയ്ക്കും സ്വിസ് നോവലിസ്റ്റ് ഫ്രെഡറിക് ഡ്യൂറന്‍മ്മറ്റിന്റെ ജര്‍മന്‍ കൃതിയുമായി ‘അത്ഭുതകരമായ’ സാദൃശ്യമുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്. ഡ്യൂറന്‍മ്മര്‍ഗ് 1956ല്‍ ജര്‍മന്‍ ഭാഷയിലെഴുതി (ഡൈ പാന്‍ എന്ന പേരില്‍), 1960ല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ‘എ ഡെയ്ഞ്ചറസ് ഗെയി’മിന് ഉണ്ണി.ആറിന്റെ കഥയോടും സനല്‍കുമാറിന്റെ സിനിമയോടും സാമ്യമുണ്ടെന്ന് പുതിയ ലക്കം കലാകൗമുദിയിലാണ് രാജീവ് കുമാര്‍ ആരോപിച്ചിരിക്കുന്നത്.

 

റേഡിയോ നാടകമായിട്ടാണ് ഡ്യൂറന്‍മ്മറ്റ് ഇതെഴുതിയതെന്നും പിന്നീട് അതിനെ നോവലാക്കുകയായിരുന്നെന്നും രാജീവ്കുമാര്‍ പറയുന്നു.
”1982ല്‍ ‘ഡെഡ്ലി ഗെയിം’ എന്ന പേരില്‍ ഇത് ടെലിവിഷന്‍ സിനിമയായി. മറാഠിയില്‍ ‘നിശബ്ദത: കോടതി നടക്കുകയാണ്’ എന്ന പേരില്‍ ഈ കൃതിയെ അനുബന്ധിച്ച് നാടകമുണ്ടായി. നാടകം അരങ്ങിലെത്തിയ അതേവര്‍ഷം (1978) വി.പി.ശിവകുമാര്‍ ‘അപായക്കളി’ എന്ന പേരില്‍ ഡ്യൂറന്‍മ്മറ്റിന്റെ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കൂടാതെ പല ഇന്ത്യന്‍ ഭാഷകളിലും ഈ കൃതി നാടകമായി. ‘2015’ല്‍ പുറത്തിറങ്ങിയ കന്നഡ സിനിമ ‘മല്ലേനിലു വവ്വരഗേ’ ഈ നോവലിനെ ആധാരമാക്കി നിര്‍മ്മിച്ചതാണ്..”15 a

‘എ ഡെയ്ഞ്ചറസ് ഗെയി’മിന്റെ കഥ എം.രാജീവ്കുമാര്‍ ഇങ്ങനെ വിവരിക്കുന്നു.
”നാല്‍പ്പത്തഞ്ച് വയസ്സുകാരനായ ആര്‍പ്രഡോ ട്രാപ്സ് കാറ് കേടാവുമ്പോള്‍ സമീപത്തെ ഇരുനിലക്കെട്ടിടത്തില്‍ വന്നെത്തുന്നു. അവിടെ ജോലിയില്‍നിന്ന് വിരമിച്ച ഒരു ന്യായാധിപന്‍ താമസിക്കുകയാണ്. 86 വയസ്സുള്ള കര്‍ട്ട് എന്നയാള്‍. കഥയിലെ ട്രാപ്സ് നിഷ്‌കളങ്കനാണ്. നിഗീഢാന്തരീക്ഷത്തില്‍ ഒരു കെണി ഒരുങ്ങുന്നുണ്ടെന്ന് അയാള്‍ അറിയുന്നതേയില്ല. വൈകുന്നേരത്തോടെ കഥാപാത്രങ്ങള്‍ ഓരോരുത്തരായി അവിടേയ്ക്ക് വരുന്നു. കര്‍ട്ടിനെക്കൂടാതെ മൂന്നുപേര്‍ കൂടി. ഒഴിവുസായാഹ്നത്തില്‍ അവര്‍ ഒത്തുകൂടി മദ്യപിക്കുകയും ഓരോ കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. വഴിതെറ്റിയവരെ പ്രതിയാക്കിക്കൊണ്ടുള്ള കള്ളനും പൊലീസും കളിയാണ് അവര്‍ക്ക് പ്രധാനം. കള്ളനായി ട്രാപ്സിനെയാണ് തെരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് അയാള്‍ക്കെതിരേ മറ്റുള്ളവര്‍ പല ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. അവസാനം കൊലയാളിയായി മുദ്ര കുത്തുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ രണ്ടാംനിലയിലെ ജനല്‍പ്പടിയില്‍ ട്രാപ്സ് തൂങ്ങിനില്‍ക്കുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്..”
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവുദിവസത്തെ കളി’യും അവസാനിക്കുന്നത് ഇങ്ങനെയല്ലേ എന്ന് രാജീവ് കുമാര്‍ ചോദിക്കുന്നു. ”ഡിസി ബുക്സ് ‘ഒഴിവുദിവസത്തെ കളി’ പുസ്തകമാക്കിയപ്പോള്‍ ചേര്‍ത്ത കെ.ജി.ശങ്കരപ്പിള്ളയുടെ അവതാരികയില്‍ ‘ഡ്യൂറന്‍മ്മറ്റിന്റെ അപായക്കളി’യെക്കുറിച്ച് സൂചിപ്പിച്ചിരുന്നെന്നും എന്നാല്‍ തുടര്‍പതിപ്പുകളില്‍ അത് ഒഴിവാക്കപ്പെട്ടു. കഥയില്‍ നിന്ന് സിനിമയിലേക്ക് വരുമ്പോള്‍ പശ്ചാത്തലവും സംഭവപരമ്പരകളും ഡ്യൂറന്‍മ്മറ്റിന്റെ നോവലിനെയാണ് അനുകരിച്ചത്. ഉണ്ണി ആര്‍ കഥയില്‍ കള്ളനും പൊലീസും കളി ഡ്യൂറന്‍മ്മറ്റില്‍ നിന്ന് ചൂണ്ടിയതാണെങ്കില്‍ സിനിമയുണ്ടാക്കാനുള്ള തിരക്കഥയില്‍ ഡ്യൂറന്‍മ്മറ്റിന്റെ പച്ചയ്ക്ക് വിഴുങ്ങുകയാണ് ചെയ്തത്..” ഉണ്ണി.ആറിന്റെ ‘ഒഴിവുദിവസത്തെ കളി’ക്ക് പകരം ഫ്രെഡറിക് ഡ്യൂറന്‍മ്മറ്റിന്റെ ‘ഒരു അപായക്കളി’ എന്ന് തിരുത്തിവേണം ഇനിമുതല്‍ സിനിമ പ്രദര്‍ശിപ്പിക്കാനെന്നും അതാണ് നൈതികബോധമുള്ള ഒരു സംവിധായകന്‍ ചെയ്യേണ്ടതെന്നും പറഞ്ഞവസാനിപ്പിക്കുന്നു എം.രാജീവ് കുമാര്‍.

Leave a Reply

Your email address will not be published.