അമ്പലവയലിനെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റും: കൃഷി മന്ത്രി

അമ്പലവയലിനെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റും: കൃഷി മന്ത്രി

മന്ത്രി.വി.എസ്.സുനില്‍കുമാര്‍ഓഗസ്റ്റ് 9 മുതല്‍ അമ്പലവയലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്‌സവത്തിന്റെ ഔപചാരീക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

അമ്പലവയല്‍: കേരള കാര്‍ഷീക സര്‍വ്വകലാശാലക്ക് കീഴിലുളള അമ്പലവയല്‍ പ്രാദേശീക കാര്‍ഷീക ഗവേഷണ കേന്ദ്രത്തെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഇതിനായി കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഓഗസ്റ്റ് 9 മുതല്‍ അമ്പലവയലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്‌സവത്തിന്റെ ഔപചാരീക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട സംരംഭങ്ങള്‍ക്ക് ആവശ്യമായ സാങ്കേതീക വിദ്യ,പരിശീലനം, സബ്‌സിഡി തുടങ്ങിയവ നല്‍കി അവയെ ശക്തിപ്പെടുത്തും. തൃശ്ശൂര്‍ മാളയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ചക്ക സംസ്‌ക്കരണ ഫാക്ടറി പ്രവര്‍ത്തന സജ്ജമാക്കി കഴിഞ്ഞതായും എല്ലാ ജില്ലകളിലും വി.എഫ്.പി.സി.കെ.യുടെ നേതൃത്വത്തില്‍ ചക്ക സംഭരിച്ച് സംസ്‌ക്കരിക്കുന്നതിനും ഗുണനിലവാരമുളള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ശ്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി അിറയിച്ചു. ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഹരിത കേരള മിഷന്റെ ഭാഗമായി 2 കോടി വൃക്ഷതൈകള്‍ നടുമ്പോള്‍ കൂടുതലും പ്ലാവ്‌പോലുളള ഫലവൃക്ഷതൈകള്‍ നടും. കാര്‍ഷീക സര്‍വ്വകലാശാലയുടെ പഠനം അനുസരിച്ച് 30 കോടി ചക്ക കേരളത്തില്‍ ഉണ്ട്. അവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചാല്‍ 15000 കോടി രൂപയുടെ വരുമാനം ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ 10 ശതമാനം പോലും നടപ്പാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാടിനെ പ്രതേ്യക കാര്‍ഷീക മേഖലയാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാടിന്റെ തനതായ നെല്ലിനങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 3000 ഹെക്ടര്‍ സ്ഥലത്ത് ജീരകശാല, ഗന്ധകശാല തുടങ്ങിയവ ഈ വര്‍ഷം കൃഷി ചെയ്യും. നെല്‍ വിത്തുകള്‍ ജീന്‍ബാങ്കില്‍ സൂക്ഷിക്കാനുളളതല്ലെന്നും പാടത്ത് വിളയിക്കാനുളളതാണ് എന്നും അദ്ദേഹം കര്‍ഷകരെയും ഉദേ്യാഗസ്ഥരെയും ഓര്‍മ്മിപ്പിച്ചു.

കാര്‍ഷീക ഉത്പ്പാദന കമ്മീഷണര്‍ ടിക്കാറാംമീണ.ഐ.എ.എസ്, മുഖ്യ പ്രഭാഷണം നടത്തി. കെ.ശശീന്ദ്രന്‍ എം.എല്‍.എ.ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷീക വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍, ഡോ: മുഹമ്മദ് ദേശ ഹസീം, ഡോ.ശിശിര്‍ മിത്ര, ജനപ്രതിനിധികളായ ലതാശശി, സീതാവിജയന്‍, സി.കെ.സഹദേവന്‍, വി.ആര്‍.പ്രവീജ്, കറപ്പന്‍, ബീനവിജയന്‍, കാര്‍ഷീക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.പി.ഇന്ദിരാദേവി, വിഞ്ജാന വ്യാപന വിഭാഗം ഡയറക്ടര്‍ ജിജു.ജി.അലക്‌സ് എന്നിവര്‍ സംസാരിച്ചു. ഡോ.പി.രാജേന്ദ്രന്‍ സ്വാഗതവും ഡോ.എന്‍.ഇ സഫിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.