കൊലയാളി ഗെയിമായ ബ്ലൂവെയില്‍ നിരോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊലയാളി ഗെയിമായ ബ്ലൂവെയില്‍ നിരോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

രാജ്യത്ത് ഒന്നാകെ കൗമാരക്കാരില്‍ ഭീതിജനകമാം വിധം പടര്‍ന്നു പിടിച്ചിരിക്കുന്ന കൊലയാളി ഗെയിമായ ബ്ലൂവെയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബ്ലൂവെയില്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. കുട്ടികളെ ലക്ഷ്യം വച്ചുള്ള ഈ ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചുകഴിഞ്ഞു. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ബ്ലൂവെയില്‍ ഗെയിമിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ബോധവല്‍ക്കരണം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്നതില്‍ പരിധിയുണ്ടെന്നും എന്നാല്‍ ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ ഇത് നിരോധിക്കുക മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. അനിയന്ത്രിതമാം വിധം പടര്‍ന്നുപന്തലിക്കുന്നതിനു മുമ്പുതന്നെ ഇത് നിരോധിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കുട്ടികളുടെ ജീവന്‍ രക്ഷിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ വിശദമാക്കുന്നു.

Leave a Reply

Your email address will not be published.