ഖൊരക്പൂര്‍ ദുരന്തം: യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ഖൊരക്പൂര്‍ ദുരന്തം: യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ലഖ്‌നോ: ഖൊരക്പൂരിലെ ശിശു മരണങ്ങളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘം കൂട്ടമരണങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓക്‌സിജന്‍ കിട്ടാതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രി അന്ദര്‍ശിച്ചിരുന്നു. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി.

ഞായറാഴ്ച ഉച്ചയോടെയാണ് ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രിയിലെത്തിയത്. ജനരോഷം ഭയന്ന് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവുമായും ആദിത്യനാഥ് ചര്‍ച്ച നടത്തി.
അതേ സമയം, സംഭവത്തില്‍ യു.പി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ കനക്കുകയാണ്. ക്രിമിനില്‍ കുറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങളോട് യോഗി സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. യു.പി മുഖ്യമന്ത്രി രാജിവെക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.