യാത്രാസുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പു സംവിധാനവുമായി ‘സേഫ് ഡ്രൈവ്’ പുറത്തിറക്കി

യാത്രാസുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പു സംവിധാനവുമായി ‘സേഫ് ഡ്രൈവ്’ പുറത്തിറക്കി

തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടേതടക്കമുള്ള വാഹനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും അപകട ഘട്ടങ്ങളില്‍ അടിയന്തരമായി സഹായമെത്തിക്കാനും സഹായിക്കുന്ന മുന്നറിയിപ്പു സംവിധാനമായ ‘സേഫ്ഡ്രൈവ്’ എന്ന ഉപകരണം കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ട ടെക്നോപാര്‍ക്ക് കമ്പനി പുറത്തിറക്കി.

ക്രാഷ് സെന്‍സറുകളും ജി.പി.എസ് മൊഡ്യൂളും മൈക്രോഫോണും സ്പീക്കറും മൊബൈല്‍ കണക്ഷനുമടങ്ങുന്ന ഈ ഉപകരണത്തിലൂടെ അടിയന്തര സഹായത്തിനുള്ള ‘ഇകാള്‍’ (ഇന്‍-വെഹിക്കിള്‍ എമര്‍ജന്‍സി കാള്‍) സന്ദേശം നല്‍കാനാവും. തങ്ങളെ ആരെങ്കിലും പിന്തുടരുകയാണെന്ന് സ്ത്രീകള്‍ക്ക് തോന്നുകയാണെങ്കില്‍ സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കാനാവും. വാഹനത്തിന് അപകടം സംഭവിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കിലും അറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കും. സംഭവസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങളും വാഹനത്തിന്റെ വേഗതയും അടക്കമുള്ള ഏറ്റവും ചുരുങ്ങിയ വിവരങ്ങള്‍ ഈ സന്ദേശങ്ങളിലൂടെ നല്‍കുന്നു. ഇതിലൂടെ എമര്‍ജന്‍സി സെന്ററിന് സാഹചര്യം വിലയിരുത്താനും സന്ദേശം നല്‍കിയവരുമായി ബന്ധപ്പെട്ടവരെ വിവരമറിയിക്കാനും അടിയന്തര സഹായം ക്രമീകരിക്കാനും സാധിക്കും.

വണ്‍ ടച്ച് അസിസ്റ്റന്‍സ് ബട്ടന്‍, ഹാന്‍ഡ് ഫ്രീ ടു വേ കോളിംഗ്, തത്സമയ വാഹന ട്രാക്കിംഗ്, യാത്ര ചരിത്രം, സ്മാര്‍ട്ട് അലര്‍ട്ടുകള്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, ഡ്രൈവിങ് അനാലിസിസ്, സ്‌കോര്‍ തുടങ്ങിയ സംവിധാനങ്ങളും ഉപകരണത്തില്‍ ഉണ്ട്. ഇന്ത്യയിലെ ഏതു കാറിലും എളുപ്പം ഘടിപ്പിക്കാവുന്ന ഉപകരണം എല്‍സിസ് ഇന്റലിജന്റ് ഡിവൈസസ് ആണ് നിര്‍മിച്ചത്.

ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ 2000 ജീവനുകളാണ് അപഹരിക്കപ്പെട്ടതെന്ന് വാഹനസുരക്ഷാ സംവിധാനങ്ങള്‍ക്ക് വന്‍പ്രാധാന്യമുണ്ടെന്നും സേഫ്ഡ്രൈവ് പുറത്തിറക്കിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പറഞ്ഞു. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ കേരള പൊലീസ് തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും അപകടങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നൂതനവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഈ ഉത്പന്നം സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ പഠിപ്പിക്കുന്നതില്‍ നിര്‍ണായകമായ ചുവടുവെപ്പാണെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി. നമ്മുടെ റോഡുകളില്‍ സേഫ് ഡ്രൈവ് പരീക്ഷിക്കുന്നതിന് കേരള പൊലീസ് വേദിയൊരുക്കും. ഇത്തരം കൂടുതല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കപ്പെടുമെന്നും വിപണിയിലെത്തുമെന്നും മോട്ടോര്‍ വാഹന ഉപയോക്താക്കള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഉല്‍പ്പന്നം മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജി. മോഹന്‍ദാസിന് അദ്ദേഹം കൈമാറി.

റോഡ് സുരക്ഷ പ്രധാന പരിഗണന യാണെന്നും വിശേഷിച്ചും സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന പറഞ്ഞു. ഇത്തരം ഉപകരണങ്ങള്‍ ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ ആകുമെന്നും അവര്‍ പറഞ്ഞു.

ഒരു ആഗോള പ്രശ്നത്തിന് ഇന്ത്യന്‍ നിര്‍മ്മിതമായ പരിഹാരമാണ് സേഫ് ഡ്രൈവ് എന്ന് എല്‍സിസ് സഹസ്ഥാപകനും സിഇഒയുമായ പ്രസാദ് പിള്ള പറഞ്ഞു. വാഹനവ്യവസായം ആകെത്തന്നെ സെല്‍ഫ് ഡ്രൈവിങ്ങും കണക്റ്റിവിറ്റി ഉള്ളതുമായ കാറുകളിലേക്ക് നീങ്ങുമ്പോള്‍ നിലവിലെയും ഭാവിയിലെയും കാറുകള്‍ക്ക് ഉപയോഗിക്കാവുന്ന എമര്‍ജന്‍സി അവശ്യ സര്‍വീസുകള്‍ നല്‍കുന്ന ശൃംഖലയാണ് തങ്ങള്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ ഇന്ത്യയിലുടനീളമുള്ള 3500 റോഡ് എമര്‍ജന്‍സി സര്‍വീസ് പ്രൊവൈഡര്‍മാരുടെ ശൃംഖല കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. വാഹന നിര്‍മ്മാതാക്കള്‍, ഇന്‍ഷുറന്‍സ് സേവനദാതാക്കള്‍, റോഡ് ഗതാഗത നിയന്ത്രണ സ്ഥാപനങ്ങള്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ തുടങ്ങിയവരെ സമീപിച്ചുകൊണ്ട് ഏറ്റവുമധികം ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published.