സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ പലതും ചെയ്യും, പക്ഷേ അത് മാത്രം പറയരുത്: സായ് പല്ലവി

സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ പലതും ചെയ്യും, പക്ഷേ അത് മാത്രം പറയരുത്: സായ് പല്ലവി

പ്രേമത്തിലെ മലരിനെ വിസ്മയമാക്കിയ തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നായികയാണ് സായ് പല്ലവി. പ്രേമത്തിന് പിന്നാലെ മലയാളത്തില്‍ കലി എന്ന ചിത്രത്തില്‍ സായ് പല്ലവി നായികയായി. അഭിനയ രംഗത്തെ തന്റെ നിലപാട് തുറന്ന്പറഞ്ഞ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് സായ് പല്ലവി.

സിനിമയിലെ ഗാനരംഗങ്ങളും നൃത്തവുമെല്ലാം താന്‍ ആസ്വദിച്ച് ചെയ്യാറുണ്ട്. എന്നാല്‍ സ്‌ക്രീനിനു മുന്നില്‍ ചുംബിക്കുന്നതിനോട് വിയോജിപ്പുണ്ട് എന്ന് സായ് പല്ലവി പറയുന്നു. എന്റെ മാതാപിതാക്കള്‍ അനുവദിക്കുന്നത് കൊണ്ടാണ് എനിക്കെന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ കഴിയുന്നത്. അപ്പോള്‍ അവരെ അസ്വസ്ഥതപ്പെടുത്തുന്നതൊന്നും എന്റെ ജോലിയില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് സായ് തന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ നിന്നും സായ് പല്ലവിയെ തേടി ഏറെ അവസരങ്ങള്‍ എത്തുന്നുണ്ട്. അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് ചിത്രമായ ഫിദയിലെ അവരുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യ വിട്ടു പോകാന്‍ തയ്യാറാവാത്ത ഭാനുമതി എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ഫിദയില്‍ അവതരിപ്പിച്ചത്. തമിഴില്‍ എ എല്‍ വിജയുടെ കാരു, തെലുങ്കില്‍ നാനിയോടൊപ്പം മിഡില്‍ ക്ലാസ്സ് അബ്ബായി എന്നിവയാണ് സായി പല്ലവിയുടെ അടുത്ത് വരുന്ന ചിത്രങ്ങള്‍. എന്നാല്‍, വെള്ളിത്തിര തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ എന്ന് സായ് പറയുന്നു.

Leave a Reply

Your email address will not be published.