കാഞ്ഞങ്ങാട്ട് പകല്‍ സമയം ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: ജില്ലാ കലക്ടര്‍

കാഞ്ഞങ്ങാട്ട് പകല്‍ സമയം ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: ജില്ലാ കലക്ടര്‍

കാഞ്ഞങ്ങാട്: കണ്ടെയിനര്‍ ട്രക്കുകളും ടാങ്കറുകളുമുള്‍പ്പെടെയുള്ള ചരക്ക് ലോറികള്‍ കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്ടിപി റോഡിലൂടെ പകല്‍ സമയങ്ങളില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു ഉറപ്പ് നല്‍കി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഉചിതമായ നടപടിയെടുക്കുമെന്ന് കാഞ്ഞങ്ങാട് നഗരവികസന സമിതിയുടെ നിവേദക സംഘത്തെ കലക്ടര്‍ അറിയിച്ചു.

പകല്‍ സമയത്ത് ചരക്ക് വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് അതിഞ്ഞാല്‍ മുതല്‍ അലാമിപ്പള്ളി വരെ കെഎസ്ടിപി റോഡില്‍ വലിയ തോതില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണമാവശ്യപ്പെട്ട് ജില്ലാ കലക്ടറെ സമീപിച്ചത്.

ചന്ദ്രഗിരി വഴിയുള്ള കെഎസ്ടിപി റോഡ് നിര്‍മ്മാണം കോട്ടച്ചേരി ടൗണിലൊഴികെ ഏതാണ്ട് പൂര്‍ണ്ണമായതോടെയാണ് നേരത്തെ ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ട്രക്കുകളും ടാങ്കര്‍ ലോറികളും ചരക്ക് വാഹനങ്ങളും ദേശീയപാത ഒഴിവാക്കി കെഎസ്ടിപി റോഡ് വഴി നഗരത്തിലൂടെ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിലെത്തുന്നത്. ഇത് കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിക്കൊണ്ടിരിക്കുന്നു.

ദേശീയപാത ഒഴിവാക്കി നഗരത്തിലൂടെയുള്ള യാത്രയില്‍ പത്ത് കിലോമീറ്ററോളം കുറവ് വരുന്നതാണ് വലിയ വാഹനങ്ങളുടെ ദിശമാറ്റത്തിന് മുഖ്യകാരണം. എന്നാലിത് അതിഞ്ഞാല്‍ മുതല്‍ അലാമിപ്പള്ളി പുതിയ ബസ്സ്സ്റ്റാന്റ് വരെയും വിശിഷ്യ നോര്‍ത്ത് കോട്ടച്ചേരി മുതല്‍ പുതിയകോട്ട വരെയുമുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് അനിയന്ത്രിതമാണ്.

പകല്‍ സമയങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെ ട്രക്കറുകളും ടാങ്കര്‍ ലോറികളും മറ്റ് ചരക്ക് വണ്ടികളും നഗരത്തില്‍ പ്രവേശിക്കുന്നത് ഒഴിവാക്കിയാല്‍ ഗതാഗതക്കുരുക്കഴിക്കാന്‍ ഏറെ സഹായകരമാകും. നഗരം ചുറ്റാതെ ഇത്തരം വാഹനങ്ങള്‍ ദേശീയപാത വഴി തന്നെ തിരിച്ച് വിടാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കുകയും അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കഴിക്കാന്‍ പര്യാപ്തമാകും.

വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്കും ചെറുകിട വാഹനങ്ങള്‍ക്കും യാത്രാ ബസ്സുകള്‍ക്കും സൗകര്യമായി സഞ്ചരിക്കാന്‍ കഴിയുന്ന സംവിധാനമുണ്ടാക്കാനാകാതെ നഗരത്തില്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന ട്രാഫിക് പരിഷ്‌കാരം പൂര്‍ണ്ണമാവുകയില്ല.

കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ സി. യൂസഫ് ഹാജി, ടി. മുഹമ്മദ് അസ്ലം, ജോസ് കൊച്ചുകുന്നേല്‍, സൂര്യഭട്ട് എന്നിവരാണ് ജില്ലാ കലക്ടറെ കണ്ട് നിവേദനം നല്‍കിയത്.

Leave a Reply

Your email address will not be published.